Consumer Rights | 'ഫോൺ കേടായെങ്കിലും മാറ്റി നല്‍കിയില്ല', ഫ്ലിപ്‌കാർട്ടിന് പിഴയിട്ട് കോടതി; ഉപഭോക്താവിന് ചാകര!
● 2023 മാർച്ച് 29ന് 20,402 രൂപയ്ക്ക് വാങ്ങിയ ഫോണിന്റെ മൈക്ക് ചുരുങ്ങിയ കാലം കൊണ്ട് തകരാറിലായി.
● ഉപഭോക്താവിന്റെ പരാതിക്ക് ഫ്ലിപ്കാർട്ട് പ്രതികരിച്ചില്ല.
● കോടതി, ഉപഭോക്താവിന് 25,000 രൂപ നഷ്ടപരിഹാരം നൽകാൻ ഫ്ലിപ്‌കാർട്ടിനോട് നിർദ്ദേശിച്ചു.
മലപ്പുറം: (KVARTHA) കേടായ ഫോൺ മാറ്റിത്തരാൻ വിസമ്മതിച്ച ഫ്ലിപ്‌കാർട്ടിന് ഉപഭോക്തൃ കോടതിയിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ടു. വാറണ്ടി കാലാവധിയിൽ തന്നെ ഫോൺ കേടായെങ്കിലും, ഫ്ളിപ്കാർട്ട് മാറ്റി നല്‍കിയില്ലെന്നായിരുന്നു ഉപഭോക്താവിന്റെ പരാതി.
2023 മാർച്ച് 29ന് 20,402 രൂപയ്ക്ക് വാങ്ങിയ ഫോണിന്റെ മൈക്ക് ചുരുങ്ങിയ കാലം കൊണ്ട് തകരാറിലായി. അതേ വർഷം മേയ് 13 ന് പരാതിക്കാരൻ തിരൂരിലെ ഈ ഫോണിന്റെ സർവീസ് സെന്ററില്‍ കൊണ്ടുപോയി കാണിച്ചു. ഫോണ്‍ 2021 ഏപ്രിലില്‍ ഗുജറാത്തില്‍ വില്‍പന നടത്തിയതാണെന്നും, വാറണ്ടി കഴിഞ്ഞെന്നും അതിനാല്‍ മാറ്റി നല്‍കാൻ സാധിക്കില്ലെന്നുമായിരുന്നു സർവീസ് സെന്ററിലെ ജീവനക്കാർ പറഞ്ഞത്.
ഉപഭോക്താവ് ഫ്ലിപ്‌കാർട്ടിനെ സമീപിച്ചു. എന്നാൽ, ഫ്ലിപ്‌കാർട്ട് പ്രശ്‌നം പരിഹരിക്കാൻ തയ്യാറായില്ല. തുടർന്ന് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി, ഉപഭോക്താവിന് 25,000 രൂപ നഷ്ടപരിഹാരം നൽകാൻ ഫ്ലിപ്‌കാർട്ടിനോട് നിർദ്ദേശിച്ചു. കൂടാതെ, ഫോണിന്റെ വിലയായ 20,402 രൂപയും കോടതി ചെലവിലേക്ക് 5,000 രൂപയും ഫ്ലിപ്‌കാർട്ട് നൽകണമെന്നും വിധിയുണ്ട്. ഈ ഫോൺ ഉപഭോക്താവിന് തന്നെ ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.
#Flipkart #ConsumerRights #DefectivePhone #CourtRuling #Compensation #Kerala