EP Jayarajan | വിമാനത്തിലെ പ്രതിഷേധം: 'കോന്ഗ്രസുകാര് തീരെ നിലവാരമില്ലാത്തവരാണ്'; ശബരിനാഥിന് ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് ഇ പി ജയരാജന്
Jul 19, 2022, 16:32 IST
കണ്ണൂര്‍: (www.kvartha.com) ഒരു വിമാന കംപനിയെന്ന നിലയില്‍ ഇന്‍ഡിഗോയുടെ അഭിമാനം സംരക്ഷിക്കുകയാണ് താന്‍ ചെയ്തതെന്നും താന്‍ തടഞ്ഞതുകൊണ്ടാണ് മുഖ്യമന്ത്രിയെ വധിക്കാനെത്തിയവര്‍ക്ക് മുന്പോട്ട് ചാടി വീഴാന്‍ കഴിയാഞ്ഞതെന്നും എല്‍ഡിഎഫ് കന്വീനര് ഇ പി ജയരാജന് അഭിപ്രായപ്പെട്ടു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്തിലെ ഏഴ്, എട്ട് സീറ്റുകളിലാണ് യൂത് കോന്ഗ്രസ് പ്രവര്‍ത്തകര്‍ ഇരുന്നത്. മുഖ്യമന്ത്രി ഇരുന്നത് സീറ്റ് നമ്പര്‍ 20 ലാണ് ഞാന്‍ 18ലും. വിമാനം റന്വെയിലെത്തിയപ്പോള് അവര്‍ പെട്ടെന്ന് സീറ്റില്‍ നിന്ന് എഴുന്നേറ്റ് മുന്പോട്ട് ചാടി വീഴാന്‍ ശ്രമിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി നീങ്ങിയ അവരെ കോറിഡോറിനടുത്ത് വെച്ച് താന്‍ തടയുകയായിരുന്നു. മുഖ്യമന്ത്രിയെ അക്രമിക്കാന്‍ തന്നെയായിരുന്നു അവരുടെ ലക്ഷ്യം. ഇവരുടെ കൂട്ടത്തില്‍ 18 കേസുകളിലെ പ്രതികളിലൊരാളുണ്ടായിരുന്നു. മൂന്ന് പേരുണ്ടായിരുന്നവരില്‍ ഒരാള്‍ മൗനം പാലിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. അയാളാണ് എല്ലാ കാര്യങ്ങളും വീക്ഷിച്ചത്. എന്നാല്‍ അവിടെ നടക്കുന്ന കാര്യങ്ങളില്‍ ഇടപെട്ടില്ല.
അക്രമം നടത്തുന്നതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇത് പൊലീസ് അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാര്‍ക്ക് 10000 ങ്ങള് മുടക്കി ടികറ്റ് എടുത്ത് നല്‍കിയത് ഡിസിസി ഓഫീസില്‍ നിന്നാണ്.
പ്രതിഷേധക്കാരുടെ കൈയ്യില്‍ പേന പോലുമില്ലല്ലോയെന്നാണ് ശബരി നാഥ് പറയുന്നത്. പിന്നെങ്ങനെ വധശ്രമമാകുമെന്നാണ് ചോദ്യം. മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ വിമാനത്തിനകത്തേക്ക് കഠാര പോലുള്ള വല്ലതും കടത്താന്‍ ശ്രമിച്ചോയെന്ന് പൊലീസ് പരിശോധിക്കണമെന്നും ഇ പി പറഞ്ഞു.
ശബരിനാഥനെതിരെ വ്യക്തമായ തെളിവുണ്ട് അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. തനിക്കെതിരെ കേസെടുക്കണമെന്ന് പറയുന്ന സുധാകരനൊക്കെ മറുപടി പറയാനില്ല. കോന്ഗ്രസുകാര് നിലവാരമില്ലാത്തവരാണ് എന്തും വിളിച്ചു പറയും. പിന്നെ മാപ്പു പറയും. അവര്‍ പറയുന്നതിനൊന്നും മറുപടി പറയാന്‍ കഴിയില്ല.
ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്ന തന്റെ തീരുമാനത്തില്‍ മാറ്റമില്ല. തനിക്ക് വിലക്ക് ഏര്‍പെടുത്തിയതിനെ ചോദ്യം ചെയ്ത് ഇന്‍ഡിഗോയ്ക്ക് കത്തെഴുതിയിട്ടുണ്ട്. വിമാനത്തില്‍ അക്രമം നടത്തിയവര്‍ക്ക് രണ്ടാഴ്ച്ചയും അക്രമം തടഞ്ഞ തനിക്ക് മൂന്നാഴ്ച്ചയും വിലക്ക് ഏര്‍പെടുത്തിയത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല.
എന്റെ ഭാഗത്ത് ഒരു പിശക്കുമില്ല. താന്‍ ഭാര്യയോടൊപ്പമായിരുന്നു യാത്ര ചെയ്തത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോള്‍ ആരും അക്രമം നടത്താന്‍ തയ്യാറാവില്ലെന്ന് എല്ലാവര്‍ക്കുമറിയാം.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ അക്രമം നടത്താന്‍ വന്നവരെ കുറിച്ച് ഇന്റലിജന്‍സ് നേരത്തെ ഇന്‍ഡിഗോയ്ക്ക് റിപോര്‍ട് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവര്‍ ക്രിമിനലുകളെ വിമാനത്തില്‍ കയറ്റരുതായിരുന്നു. മറ്റുള്ളവരുടെ യാത്ര മുടക്കരുതെന്ന ഉയര്‍ന്ന ചിന്താഗതിയുള്ളയാളാണ് മുഖ്യമന്ത്രി അതു കൊണ്ടാണ് അദ്ദേഹം ഈ കാര്യത്തില്‍ ഇടപെടാതിരുന്നതെന്നും ജയരാജന് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.