Bail | പുന്നോല്‍ ഹരിദാസന്‍ വധക്കേസ്; ഒരുവര്‍ഷത്തിന് ശേഷം 5 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു
Mar 1, 2023, 17:02 IST
കണ്ണൂര്‍: (www.kvartha.com) അരുംകൊല രാഷ്ട്രീയത്തിലെ ഒടുവിലത്തെ രക്തസാക്ഷിയായ ഹരിദാസന്‍ വധക്കേസിലെ പ്രതികളായ ബി ജെ പി നേതാവുള്‍പെടെയുളള അഞ്ച് പ്രതികള്‍ക്ക് കോടതി ഒരുവര്‍ഷത്തിനുശേഷം ജാമ്യം അനുവദിച്ചു. തലശേരി അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് എ വി മൃദുലയാണ് വിധി പറഞ്ഞത്.
കോടിയേരി താഴെപുന്നോലിലെ മീന്‍പിടുത്ത തൊഴിലാളിയും സി പി എം അനുഭാവിയുമായ പുന്നോല്‍ ഹരിദാസന്‍ വധക്കേസില്‍ അഞ്ചു പ്രതികള്‍ക്കാണ് ഉപാധികളോടെ വിചാരണ കോടതി ജാമ്യം അനുവദിച്ചത്. ബി ജെ പി -ആര്‍ എസ് എസ് പ്രവര്‍ത്തകരായ ഒന്നാം പ്രതി കെ ലിജേഷ്, ഏഴാം പ്രതി നിജില്‍ ദാസ്, ഒന്‍പതാം പ്രതി ശരത്ത്, 10-ാം പ്രതി വിമിന്‍, 11-ാം പ്രതി അമല്‍ മനോഹരന്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
നിലവില്‍ 17 പ്രതികളുളള കേസിലെ രണ്ടു പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ബാക്കിയുളള 15 പ്രതികളില്‍ 10 പേര്‍ക്ക് വിവിധ ഘട്ടങ്ങളിലായി വിചാരണകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ സ്‌പെഷ്യല്‍ പ്രൊസിക്യൂടര്‍ കെ വിശ്വന്‍ ഹാജരായി.
2022 ഫെബ്രുവരി 21ന് പുലര്‍ചെയാണ് മീന്‍പിടുത്തത്തിന് പോയി വരുമ്പോള്‍ വീട്ടുമുറ്റത്തിട്ട് രാഷ്ട്രീയ വൈരാഗ്യത്താല്‍ പ്രതികള്‍ ഹരിദാസിനെ വെട്ടിക്കൊന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇരുകാലുകളും അറുത്തുമാറ്റപ്പെട്ട ഹരിദാസന്റെ ദേഹമാസകലം വെട്ടിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
ബി ജെ പി നേതാവും തലശേരി നഗരസഭയിലെ മഞ്ഞോടി വാര്‍ഡ് കൗന്‍സിലറുമായ കെ ലിജേഷിന്റെ നേതൃത്വത്തില്‍ ഇതിനായി ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ദിവസങ്ങളോളം ഹരിദാസനെ അപായപ്പെടുത്തുന്നതിനായി പ്രതികള്‍ പലയിടങ്ങളിലും ഒത്തുചേര്‍ന്നുവെന്നും പറയുന്നു.
പ്രതികള്‍ കൊലപാതക ദിവസം സ്‌കൂടറില്‍ സഞ്ചരിക്കുന്ന സി സി ടി വി ദൃശ്യങ്ങളും മൊബൈല്‍ സംഭാഷണങ്ങളും കേസില്‍ നിര്‍ണായക തെളിവായി. സംഭവത്തിനുശേഷം ലിജേഷും കേസിലെ പ്രതികളും തമ്മില്‍ സംസാരിക്കുന്ന തെളിവുകള്‍ ലഭിച്ചതോടെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്. തലശേരി താലൂകില്‍ വളരെക്കാലത്തിന് ശേഷമാണ് ആദ്യമായി ഒരു ബി ജെ പി നേതാവ് കൊലക്കേസ് പ്രതിയാകുന്നതും നഗരസഭാ കൗന്‍സില്‍ സ്ഥാനം നഷ്ടമാകുന്നതും. പ്രതികളിലൊരാളെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചതിന് അണ്ടലൂര്‍ സ്വദേശിനിയായ ഒരു അധ്യാപികയും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു.
Keywords: News,Kerala,State,Kannur,Murder,Murder case,Accused,Bail,Police, Politics,BJP, CPM,CCTV, Five accused gets bail in Punnol Haridasan murder case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.