Triumph | മീൻചൂണ്ട കൺപോളയിലേക്ക് തുളച്ചു കയറിയ വീട്ടമ്മയ്ക്ക് തുണയായി സർക്കാർ ആശുപത്രി; സാമൂഹ്യ മാധ്യമങ്ങളിൽ കയ്യടി


● നേത്ര-ദന്ത വിഭാഗങ്ങളുടെ സംയുക്ത ശ്രമമാണ് വിജയത്തിന് കാരണം
● വിറക് എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്
● സങ്കീർണമായ ശസ്ത്രക്രിയയായിരുന്നു നടത്തിയത്
കണ്ണൂർ: (KVARTHA) വിറക് എടുക്കുന്നതിനിടെ അബദ്ധത്തിൽ വിറക് പുരയ്ക്ക് മുകളിൽ തൂക്കിയിട്ട മീൻ ചൂണ്ട കൺപോളയിലേക്ക് തുളച്ചു കയറിയ വീട്ടമ്മയുടെ കണ്ണുകളെ അത്ഭുതകരമായി രക്ഷിച്ച് കണ്ണൂർ ജില്ലാ ആശുപത്രി അധികൃതർ. പേരാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടമ്മയ്‌ക്കാണ് കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും തുണയായത്. ജില്ലാ ആശുപത്രിയിലെ നേത്ര-ദന്താരോഗ്യ വിഭാഗങ്ങളാണ് അത്യാധൂനിക രീതിയിലെ ഉപകരണങ്ങൾ ഉപയോഗിച്ച് വീട്ടമ്മയെ രക്ഷിച്ചത്.
വേദന തിന്ന് മണിക്കൂറുകളോളം കഴിഞ്ഞാണ് ഇവർക്ക് ചികിത്സ ലഭിച്ചത്. ചില ആശുപത്രികൾ ഇവരെ നിരാശരാക്കിയപ്പോൾ, ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പ്രശ്‌നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ഉടൻ തന്നെ പ്രവർത്തിച്ചു. കൺപോളയിൽ തുളച്ചു കയറിയ ചൂണ്ടയുടെ മൂർച്ചയുള്ള അറ്റം പുറത്തെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലായിരുന്നു. എന്നാൽ, ദന്തവിഭാഗത്തിന്റെ സഹായത്തോടെ എയർ റോട്ടർ ഹാൻഡ് പീസ് എന്ന ഉപകരണം ഉപയോഗിച്ച് ചൂണ്ടയുടെ അഗ്രം മുറിച്ച് മാറ്റുകയും ചൂണ്ട പൂർണമായും പുറത്തെടുക്കുകയും ചെയ്തു.
ഈ സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിന് ജില്ലാ ആശുപത്രിയിലെ ഓറൽ ആന്റ് മാക്സിലോ ഫേഷ്യൽ സർജൻ ഡോ. ദീപക്ക് ടി.എസ്, ഡന്റൽ സർജൻ ഡോ. സഞ്ജിത്ത് ജോർജ്ജ്, ഓഫ്ത്താൽമോളജിസ്റ്റ് ഡോ. ജെയ്സി തോമസ്, ഡോ. മിൽന നാരായണൻ, സീനിയർ ഡന്റൽ ഹൈജീനിസ്റ്റ് അജയകുമാർ കരിവെള്ളൂർ, ലക്ഷ്മി കൃഷ്ണ എന്നിവർ നേതൃത്വം നൽകി.
സംഭവം സാമൂഹ്യ മാധ്യമങ്ങളിലും കയ്യടി നേടി. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും മികച്ച പ്രവർത്തനത്തിന്റെ തെളിവാണ് ഇത് കാണിക്കുന്നതെന്ന് നെറ്റിസൻസ് കുറിച്ചു. ആരോഗ്യ പ്രവർത്തകരുടെ സമർപ്പണത്തെയും എല്ലാവരും അഭിനന്ദിച്ചു.
#fishhookinjury #medicalmiracle #Kannur #Kerala #healthcare #hospital