Inauguration | വടക്കന്‍ കേരളത്തില്‍ ആദ്യമായി ഹൈപ്പര്‍ ബാരിക് ഓക്‌സിജന്‍ തെറാപ്പി സംവിധാനം കണ്ണൂര്‍ ബേബി മെമോറിയല്‍ ഹോസ്പിറ്റലില്‍; ഉദ് ഘാടനം ചെയ്യുന്നത് നടന്‍ സൂരജ് സണ്‍
ഈ നൂതന ചികിത്സാ സംവിധാനത്തിന് ആരോഗ്യ രംഗത്ത് ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് ഡോ. കെപി ജയ കിഷന്‍
ദീര്‍ഘകാല മുറിവുകള്‍, പ്രമേഹം മൂലമുണ്ടാകുന്ന പാടുകള്‍, കാര്‍ബണ്‍ മോണോക് സൈഡ് വിഷബാധ, പെട്ടെന്നുള്ള കേള്‍വി നഷ്ടം, ചര്‍മത്തിലെ ചുളിവുകള്‍ എന്നിവയ്ക്ക് ഫലപ്രദം
കണ്ണൂര്‍ : (KVARTHA) വടക്കന്‍ കേരളത്തില്‍ ആദ്യമായി ഹൈപ്പര്‍ ബാരിക് ഓക്‌സിജന്‍ തെറാപ്പി സംവിധാനം കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ആരംഭിക്കുന്നു. ജൂലായ് മൂന്നിന് വൈകുന്നേരം മൂന്ന് മണിക്ക് ചലച്ചിത്ര താരം സൂരജ് സണ്‍ ഉദ് ഘാടനം ചെയ്യുമെന്ന് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. കെപി ജയ് കിഷന്‍ കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഹൈപ്പര്‍ ബാരിക് ഓക്‌സിജന്‍ തെറാപ്പിയില്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ മലബാറിലെ ആശുപത്രിയില്‍ ആദ്യമായാണ് സജ്ജീകരിച്ചിരിക്കുന്നത്. ഉന്നത പരിശീലനം ലഭിച്ച പ്രൊഫഷനലുകളുടെ ഒരു സംഘത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. എച്ച് ബി ഒ ടി ചികിത്സയിലൂടെ കടന്നു പോകുന്ന രോഗികള്‍ക്ക് സുഖകരവും സൗകര്യ പ്രദവുമായ ചുറ്റുപാട് കേന്ദ്രം വാഗ് ദാനം ചെയ്യുന്നു.
സമൂഹത്തിന് നൂതന ചികിത്സ ഓപ്ഷനുകള്‍ നല്‍കുന്നതിനുള്ള ബി എം എച്ചിന്റെ പ്രതിബദ്ധത പ്രദര്‍ശിപ്പിക്കുന്ന ഈ നൂതന ചികിത്സാ സൗകര്യത്തിന്റെ സംവിധാനത്തിന് ആരോഗ്യ രംഗത്ത് ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് ഡോ. കെപി ജയ കിഷന്‍ അറിയിച്ചു. ശുദ്ധവായു ഒരു ഷേ റൈസിഡ് ചേംബറില്‍ ശ്വസിക്കുന്ന ഒരു വിപ്ലവകരമായ ചികിത്സയാണ് എച്ച് ബി ഒ ടി.
ഇതിലൂടെ നല്‍കുന്ന വര്‍ധിച്ച സമ്മര്‍ദം ശരീരത്തെ കൂടുതല്‍ ഓക്‌സിജന്‍ ആഗിരണം ചെയ്യുവാന്‍ അനുവദിക്കുന്നു. ഇതു വിവിധ ടിഷ്യുകളില്‍ ഉണര്‍വിന് പ്രോത്സാഹിപ്പിക്കുന്നു. വിവിധ തരം അവസ്ഥകള്‍ അനുഭവിക്കുന്ന രോഗികള്‍ക്ക് എച്ച് ബി ഒ ടി പ്രയോജനം ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ദീര്‍ഘകാല മുറിവുകള്‍, പ്രമേഹം മൂലമുണ്ടാകുന്ന പാടുകള്‍, കാര്‍ബണ്‍ മോണോക് സൈഡ് വിഷബാധ, പെട്ടെന്നുള്ള കേള്‍വി നഷ്ടം, ചര്‍മത്തിലെ ചുളിവുകള്‍ എന്നിവയ്ക്ക് ഫലപ്രദമായ ചികിത്സയാണ് എച്ച് ബി ഒ ടി സംവിധാനമെന്ന് കെ പി ജയ് കിഷന്‍ അറിയിച്ചു.
ഹൈ ക്യാപിറ്റല്‍ ഗ്രൂപ്പ് ഡോ. എ ശരദ് കുമാര്‍, ഓപറേഷന്‍ മേധാവി ബി ആര്‍ പി ഉണ്ണിത്താന്‍, എജിഎംജിഎം മനോജ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.