Milestone | രാജ്യത്ത് ആദ്യമായി ഹൃദയം മാറ്റിവയ്ക്കുന്ന ജില്ലാതല ആശുപത്രി; ചരിത്രം കുറിക്കാൻ എറണാകുളം ഗവ. ജനറല്‍ ആശുപത്രി

​​​​​​​

 
India’s First District-Level Hospital to Perform Heart Transplant
India’s First District-Level Hospital to Perform Heart Transplant

Photo: Arranged

● രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതും എറണാകുളം ജനറൽ ആശുപത്രിയിലാണ്. 
● രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയിൽ നെഞ്ച് തുറക്കാതെ വാൽവ് മാറ്റ ശസ്ത്രക്രിയ നടത്തിയതും ഈ ആശുപത്രിയാണ്. 

തിരുവനന്തപുരം: (KVARTHA) രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കത്തിലാണ് എറണാകുളം ജനറൽ ആശുപത്രി. ഈ നേട്ടം കേരളത്തിന്റെ ആരോഗ്യമേഖലയിൽ ഒരു വഴിത്തിരിവായിരിക്കും. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിർഷായ്ക്ക് ഈ ശസ്ത്രക്രിയ നടത്താനുള്ള ലൈസൻസ് കൈമാറി.

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതും എറണാകുളം ജനറൽ ആശുപത്രിയിലാണ്. ഹൃദയ ശസ്ത്രക്രിയാ വിദഗ്ധരുടെ സേവനം ലഭ്യമാക്കി രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയിൽ നെഞ്ച് തുറക്കാതെ വാൽവ് മാറ്റ ശസ്ത്രക്രിയ നടത്തിയതും ഈ ആശുപത്രിയാണ്. ഇപ്പോൾ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയോടെ ആശുപത്രി കൂടുതൽ സജ്ജമാകുന്നു. കാര്‍ഡിയോളജി ഉൾപ്പെടെ ഏഴ് സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും, 2 കാത്ത് ലാബും, എൻ.എ.ബി.എച്ച്. അംഗീകാരവും ഈ ആശുപത്രിയുടെ പ്രത്യേകതകളാണ്. 

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നത് കോട്ടയം മെഡിക്കൽ കോളേജിലാണ്. എന്നാൽ എറണാകുളം ജനറൽ ആശുപത്രിയിലെ ഈ പുതിയ സൗകര്യം കൂടുതൽ രോഗികൾക്ക് പ്രയോജനം ചെയ്യും. കാര്‍ഡിയോളജി യൂണിറ്റ്, കാര്‍ഡിയോളജി ഐസിയു, വെന്റിലേറ്റർ, സുസജ്ജമായ ട്രാന്‍സ്പ്ലാന്റ് സംവിധാനങ്ങൾ, അത്യാധുനിക ഓപ്പറേഷൻ തീയറ്റർ, ശസ്ത്രക്രിയ ഉപകരണങ്ങൾ, വിദഗ്ധ ഡോക്ടർമാർ തുടങ്ങിയവയൊക്കെ പരിഗണിച്ചാണ് ഒരു സ്ഥാപനത്തിന് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ലൈസൻസ് നൽകുന്നത്. എറണാകുളം ജനറൽ ആശുപത്രി ഈ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ട്.

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളായി ഹാര്‍ട്ട് ഫെയ്‌ലര്‍ ക്ലിനിക് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഈ ക്ലിനിക് വഴി മരുന്ന് കൊണ്ട് ചികിത്സച്ച് ഭേദമാക്കാൻ കഴിയാത്ത, ഹൃദയത്തിന് തകരാറുള്ള രോഗികളെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ലിസ്റ്റ് ചെയ്യുന്നു. സംസ്ഥാന സർക്കാരിന്റെ അവയവദാന പ്രക്രിയ ഏകോപിപ്പിക്കുന്ന കെ സോട്ടോ വഴി മരണാനന്തര അവയവ ദാനത്തിലൂടെ ഹൃദയം ലഭ്യമാക്കാനായി രജിസ്റ്റർ ചെയ്യുന്നു. 

രോഗിയുടെ ഹൃദയത്തിന്റെ വലിപ്പം, മെഡിക്കൽ മാനദണ്ഡങ്ങള്‍, ഹൃദയത്തിന്റെ ചേർച്ച എന്നിവ വിലയിരുത്തി അവയവം ലഭ്യമാകുന്ന മുറയ്ക്കാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നത്. വളരെയേറെ വെല്ലുവിളികളുള്ള ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ജനറൽ ആശുപത്രിയിൽ സജ്ജമാകുന്നതോടെ അതൊരു ചരിത്ര നിമിഷമായിരിക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia