Fire | ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപ്പിടുത്തം; അഗ്‌നിരക്ഷാസേന തീയണയ്ക്കാന്‍ ശ്രമിക്കുന്നു

 


ADVERTISEMENT

കൊച്ചി: (www.kvartha.com) എറണാകുളം ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപ്പിടുത്തം. സെക്ടര്‍ ഒന്നിലെ മാലിന്യക്കൂമ്പാരത്തിനാണ് തീപ്പിടിച്ചത്. ബ്രഹ്‌മപുരത്ത് തുടര്‍ന്നിരുന്ന അഗ്‌നിരക്ഷാസേനയുടെ യൂനിറ്റുകള്‍ക്കു പുറമേ ഒരു യൂനിറ്റ് കൂടി സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം നടത്തുകയാണ്. അഗ്‌നിശമന സേനയുടെ കൂടുതല്‍ യൂനിറ്റുകള്‍ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

രണ്ടാഴ്ചയോളം നീണ്ടുനിന്ന തീപ്പിടുത്തത്തിന്റെ പുകയൊഴിയും മുന്‍പെയാണ് വീണ്ടും അഗ്‌നിബാധ ഉണ്ടായിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ സര്‍കാര്‍ സംവിധാനങ്ങള്‍ അതിജാഗ്രത പുലര്‍ത്തുകയാണ്. വീണ്ടും തീപ്പിടുത്തം ഉണ്ടായേക്കാമെന്ന് കണക്കിലെടുത്ത് മുന്‍കരുതല്‍ സ്വീകരിച്ചതിനാല്‍ ഇത്തവണ തീ ഉടന്‍ നിയന്ത്രണ വിധേയമാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.

രണ്ട് മണിക്കൂര്‍ കൊണ്ട് തീയണക്കാന്‍ കഴിയുമെന്നാണ് അഗ്‌നിശമന സേന പറയുന്നത്. വീണ്ടും തീപ്പിടുത്തം ഉണ്ടായത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുകയാണ്. കഴിഞ്ഞ തീപ്പിടുത്തം സൃഷ്ടിച്ച ദുരിതത്തില്‍ നിന്നും പ്രദേശവാസികള്‍ മാറി വന്നതേയുള്ളൂ.

Fire | ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപ്പിടുത്തം; അഗ്‌നിരക്ഷാസേന തീയണയ്ക്കാന്‍ ശ്രമിക്കുന്നു

തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കൂനയായി കിടക്കുന്ന മാലിന്യം ഇളക്കിയിട്ട് തീയണയ്ക്കാനാണ് ശ്രമിക്കുന്നത്. പ്രദേശത്ത് കനത്ത പുകയാണ് ഉയരുന്നത്. തീപ്പിടിച്ച പ്രദേശത്തെ മാലിന്യം മണ്ണുമാന്തി ഉപയോഗിച്ച് ഇളക്കി നനയ്ക്കുകയാണ്. പ്ലാസ്റ്റിക് കൂട്ടിയിട്ടിരുന്നതില്‍ നിന്നുമാണ് തീ കത്തിയതെന്നാണ് നിഗമനം. തീ എത്രയും പെട്ടെന്ന് നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്ന് കലക്ടര്‍ എന്‍ എസ് കെ ഉമേഷ് അറിയിച്ചു.

റീജനല്‍ ഫയര്‍ ഓഫിസറുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നു. അഗ്‌നിരക്ഷാ സേനയുടെ അഞ്ച് യൂനിറ്റുകള്‍ സ്ഥലത്തുണ്ടെന്നും കലക്ടര്‍ അറിയിച്ചു. മാര്‍ച് ഒന്നിന് വൈകിട്ട് നാലേകാലിന് ആരംഭിച്ച തീപ്പിടുത്തം മാര്‍ച് 13ന് പൂര്‍ണമായും അണച്ചിരുന്നു. കൊച്ചിയേയും സമീപപ്രദേശങ്ങളെയും മൂടിയ പുകയും മലിനീകരണവും മൂലം ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായി. തീപ്പിടുത്തത്തില്‍ കൊച്ചി കോര്‍പറേഷന് 100 കോടി രൂപ ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴ ചുമത്തുകയും ചെയ്തു.

Keywords:  Fire again at Brahmapuram Solid Waste Treatment Plant, Kochi, News, Fire, Natives, District Collector, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia