21 മന്ത്രിമാര്‍: സിപിഎം-12, സിപിഐ-4, ജനതാദള്‍ എസ്-1, കേരള കോണ്‍ഗ്രസ് എം- 1, എന്‍സിപി 1 വീതം; സര്‍കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് മുന്നണി യോഗം ചര്‍ച്ച ചെയ്തു തീരുമാനിച്ചതായി എ വിജയരാഘവന്‍

 


തിരുവനന്തപുരം: (www.kvartha.com 17.05.2021) സര്‍കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് മുന്നണി യോഗം ചര്‍ച്ച ചെയ്തു തീരുമാനിച്ചതായി സിപിഐഎം സംസ്ഥാന സെക്രടറി എ വിജയരാഘവന്‍. മന്ത്രിസഭയില്‍ 21 അംഗങ്ങളുണ്ടാവും മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തിയെന്നും വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

21 മന്ത്രിമാര്‍: സിപിഎം-12, സിപിഐ-4, ജനതാദള്‍ എസ്-1, കേരള കോണ്‍ഗ്രസ് എം- 1, എന്‍സിപി 1 വീതം; സര്‍കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് മുന്നണി യോഗം ചര്‍ച്ച ചെയ്തു തീരുമാനിച്ചതായി എ വിജയരാഘവന്‍

സിപിഎം-12, സിപിഐ-4, ജനതാദള്‍ എസ്-1, കേരള കോണ്‍ഗ്രസ് എം- 1, എന്‍സിപി 1 വീതം മന്ത്രിസ്ഥാനം നല്‍കാന്‍ ധാരണയായി. ബാക്കിയുള്ള രണ്ട് സ്ഥാനങ്ങളില്‍ മുന്നണിയിലെ ഘടകകക്ഷികള്‍ രണ്ടര വര്‍ഷം വീതം ടേം അടിസ്ഥാനത്തില്‍ ഭരിക്കും. ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നിവര്‍ ആദ്യ ടേമിലും കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ് പ്രതിനിധികള്‍ രണ്ടാമത്തെ ടേമിലും ഭരിക്കും. സ്പീകെര്‍ സ്ഥാനം സിപിഎമിനും ഡെപ്യൂടി സ്പീകെര്‍ സിപിഐക്കും ചീഫ് വിപ് സ്ഥാനം കേരള കോണ്‍ഗ്രസിനും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യ ടേമില്‍ അഹ് മദ് ദേവര്‍കോവിലും ആന്റണി രാജുവും

ഐഎന്‍എലിന്റെ അഹ് മദ് ദേവര്‍കോവിലിനെയും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവിനെയും ആദ്യ ടേമില്‍ മന്ത്രിമാരാക്കാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. കേരള കോണ്‍ഗ്രസ് (ബി) നേതാവ് ഗണേഷ് കുമാറും കോണ്‍ഗ്രസ് (എസ്) നേതാവ് കടന്നപ്പള്ളി രാമചന്ദ്രനും രണ്ടാം ടേമില്‍ മന്ത്രിമാരാകും.

കേരള കോണ്‍ഗ്രസ് എമിന് ചീഫ് വിപ് സ്ഥാനവും

ഒരു മന്ത്രിയും ചീഫ് വിപ് പദവിയും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനു ലഭിക്കും. രണ്ടു മന്ത്രിമാരെ ചോദിച്ചിരുന്നെന്നും കൂടുതല്‍ ഘടകകക്ഷികളുള്ളതിനാല്‍ മുന്നണിയുടെ കെട്ടുറപ്പാണ് നോക്കിയതെന്നും തീരുമാനം അംഗീകരിക്കുന്നതായും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ മന്ത്രിയെ സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. റോഷി അഗസ്റ്റിന്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ നിന്നു മന്ത്രിയാകാനാണു സാധ്യത. ചീഫ് വിപ് പദവി ജയരാജിനു ലഭിക്കും.

എന്‍സിപി മന്ത്രി ചൊവ്വാഴ്ച

ജനാധിപത്യ കേരള കോണ്‍ഗ്രസിനു ലഭിച്ച വലിയ അംഗീകാരമാണ് മന്ത്രിപദവിയെന്നു ആന്റണി രാജു പറഞ്ഞു. എന്‍സിപി മന്ത്രിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. പ്രഫുല്‍ പട്ടേല്‍ ചെവ്വാഴ്ച എത്തി നേതൃത്വവുമായി ചര്‍ച്ച നടത്തിയശേഷമായിരിക്കും പ്രഖ്യാപനം. ജെഡിഎസിന്റെ മന്ത്രിയെ ദേവഗൗഡെ പ്രഖ്യാപിക്കും. കെ കൃഷ്ണന്‍കുട്ടിയും മാത്യു ടി തോമസുമാണ് പാര്‍ടിയുടെ രണ്ട് എംഎല്‍എമാര്‍.

മുഹമ്മദ് റിയാസും പട്ടികയില്‍

മുഖ്യമന്ത്രിയുടെ മരുമകന്‍ പി എ മുഹമ്മദ് റിയാസും സിപിഎം മന്ത്രിമാരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. വി ശിവന്‍കുട്ടി, വീണാ ജോര്‍ജ്, കെഎന്‍ ബാലഗോപാല്‍, വിഎന്‍ വാസവന്‍, സജി ചെറിയാന്‍, പി രാജീവ്, എംബി രാജേഷ്, കെ രാധാകൃഷ്ണന്‍, പി നന്ദകുമാര്‍, എംവി ഗോവിന്ദന്‍ തുടങ്ങിയവരാണു സാധ്യതാ പട്ടികയിലുള്ളത്. സിപിഎം സംസ്ഥാന സെക്രടറിയറ്റും സിപിഐയുടെ നേതൃയോഗങ്ങളും ചൊവ്വാഴ്ച ചേര്‍ന്ന് തുടര്‍ തീരുമാനങ്ങളെടുക്കും.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ആദ്യമായി ചേരുന്ന എല്‍ഡിഎഫ് യോഗമാണ് ഇത്. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ആദ്യമായി ചേര്‍ന്ന ഇടതുമുന്നണി യോഗം കേക്കു മുറിച്ചാണ് ആഹ്ലാദം പങ്കുവച്ചത്.

വിജയത്തിനു സഹായിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് എല്‍ഡിഎഫ് യോഗം നന്ദി പ്രകടിപ്പിച്ചു. എല്ലാ വിഭാഗത്തിനും പങ്കാളിത്തം നല്‍കിക്കൊണ്ടുള്ള സര്‍കാര്‍ രൂപീകരിക്കാനാണ് മുന്നണി ശ്രമം. മെയ് 18ന് വൈകുന്നേരം എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ടി നേതാവിനെ തെരഞ്ഞെടുക്കും. തുടര്‍ന്ന് ഗവര്‍ണറെ കണ്ട് സത്യപ്രതിജ്ഞയ്ക്കുള്ള നിര്‍ദേശങ്ങള്‍ വാങ്ങും.

കോവിഡ് പശ്ചാത്തലത്തില്‍ ആള്‍കൂട്ടമൊഴിവാക്കിയുള്ള ചടങ്ങാണ് ഇത്തവണ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords:  Final picture of Pinarayi Vijayan's Second Cabinet, Thiruvananthapuram, News, Politics, Ministers, Cabinet, Pinarayi Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia