Math | ലഹരിയുടെ ഉപയോഗം ഒരു കുടുംബത്തിലുണ്ടാക്കുന്ന തകര്‍ച പ്രമേയമാക്കിയുള്ള ചിത്രം; കണ്ണൂരില്‍ നിന്നും ചിത്രീകരിച്ച 'മത്ത്' തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു


ടിനി ടോം നായകനായ സിനിമ ജൂണ്‍ 21 മുതല്‍ തിയേറ്ററുകളിലെത്തും
തലശ്ശേരി സ്വദേശിനി ഐഷികയാണ് നായിക
പയ്യന്നൂര്‍, കാനായി, പഴയങ്ങാടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് മത്ത് ചിത്രീകരിച്ചിരിക്കുന്നത്
കണ്ണൂര്‍: (KVARTHA) ജില്ലയും പരിസരപ്രദേശങ്ങളും സിനിമക്കാരുടെ പറുദീസയാകുന്നു. ജില്ലയില്‍ നിന്നും ചിത്രീകരിച്ച ടിനി ടോം നായകനായ മത്ത് സിനിമ ജൂണ്‍ 21 മുതല്‍ തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലഹരിയുടെ ഉപയോഗം ഒരു കുടുംബത്തിലുണ്ടാക്കുന്ന തകര്‍ചയാണ് ചിത്രത്തിന്റെ പ്രമേയം. പുതുതലമുറയിലെ ലഹരി ഉപയോഗത്തിനെതിരെയുളള വ്യക്തമായ സന്ദേശമാണ് ചലച്ചിത്രം നല്‍കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
പയ്യന്നൂര്‍, കാനായി, പഴയങ്ങാടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് മത്ത് ചിത്രീകരിച്ചിരിക്കുന്നത്.
തലശ്ശേരി സ്വദേശിനി ഐഷികയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സന്തോഷ് കീഴാറ്റൂര്‍, ബാബു അന്നൂര്‍ തുടങ്ങിയവരും വേഷമിടുന്നു. ഒരു ബാഗുമായി കണ്ണൂരില്‍ വന്നാല്‍ മതി. ബാക്കി സിനിമയ്ക്കുവേണ്ട എല്ലാം ഇവിടെ നിറഞ്ഞു നില്‍ക്കുന്നു എന്ന് ടിനി ടോം പറഞ്ഞു.
ടിനി ടോമും സിതാര കൃഷ്ണ കുമാറുമാണ് ചിത്രത്തിലെ പാട്ടുകള്‍ പാടിയിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ലാല്‍, അജി മുത്തത്തി, സികെ സുമേഷ് എന്നിവരും പങ്കെടുത്തു