ഫൈസല്‍ കൊലപാതകത്തില്‍ തിരൂര്‍ യാസിര്‍ വധത്തിലെ പ്രതിക്ക് പങ്കുള്ളതായി സൂചന

 


മലപ്പുറം: (www.kvartha.com 28.11.2016) കൊടിഞ്ഞി പുല്ലാണി ഫൈസല്‍ കൊലപാതകത്തില്‍ തിരൂര്‍ യാസിര്‍ വധത്തിലെ പ്രതിക്ക് പങ്കുള്ളതായി സൂചന. കൊലപാതകത്തില്‍ പോലീസ് തിരയുന്ന വ്യക്തി തിരൂര്‍ യാസിര്‍ വധക്കേസിലെ ഒന്നാംപ്രതിയാണെന്നാണ് സൂചന.

ഇയാളെ തേടി കഴിഞ്ഞ ദിവസം വൈകുന്നേരം അന്വേഷണ സംഘം തിരൂര്‍ തൃക്കണ്ടിയൂരിലെ വീട് വളഞ്ഞുവെങ്കിലും അപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടതായാണ് വിവരം. കേസില്‍ പോലീസിന്റെ ഇപ്പോഴത്തെ വിവരമനുസരിച്ച് ആറ്‌പേരെ കൂടി പിടികൂടാനുണ്ട്. ഗുഢാലോചനയില്‍ പങ്കെടുത്ത മൂന്നുപേരും കൊലപാതക കൃത്യം നിര്‍വഹിച്ച മൂന്നുപേരുമാണ് ഇനി അറസ്റ്റിലാവാനുള്ളത്. ഇവര്‍ ആരാണെന്ന് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി പോലീസ് വ്യാപകമായി വലവീശിയിട്ടുണ്ട്. ഒട്ടും വൈകാതെ ഇവര്‍ പിടിയിലാകുമെന്നാണ് സൂചന.

സഊദിയില്‍ വെച്ച് മുസ്‌ലിമായ ഫൈസല്‍ മാസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തിയ ശേഷം ഭാര്യയും മൂന്ന് മക്കളും ഇസ്‌ലാംമതം സ്വീകരിക്കുകയായിരുന്നു. ഇതില്‍ വിരോധം പൂണ്ട ഫൈസലിന്റെ സഹോദരി ഭര്‍ത്താവായ വിനോദാണ് വിവരം സംഘ്പരിവാര്‍ കേന്ദ്രത്തിന് നല്‍കിയത്. ഫൈസലിന്റെ മറ്റൊരു സഹോദരി ജോലിചെയ്യുന്ന കൊടിഞ്ഞിയിലെ ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാരനായ പാലത്തിങ്ങല്‍ പള്ളിപ്പടിയിലെ ലിജു എന്ന ലിജേഷാണ് ഫൈസലിന്റെ നീക്കുപോക്കുകള്‍ സംഘത്തിന് അപ്പപ്പോള്‍ നല്‍കിയിരുന്നത്. ഡ്രൈവിംഗ് സ്‌കൂളിലെ ജീവനക്കാരിയായ ഫൈസലിന്റെ സഹോദരിയില്‍ നിന്നാണ് ഇയാള്‍ വിവരങ്ങള്‍ അറിഞ്ഞിരുന്നത്. കൊല്ലപ്പെട്ട ദിവസം ഫൈസല്‍ പുറപ്പെടുന്ന വിവരം അക്രമസംഘത്തിന് കൈമാറിയതും ഇയാളെന്നാണ് പോലീസിന് ലഭിച്ചവിവരം.

കൊലപാതകം നടത്തിയവര്‍ പുലര്‍ച്ചെ മൂന്നിന് ശേഷമാണ് സ്ഥലത്തെത്തിയിട്ടുള്ളതെന്നാണ് വിവരം. കൃത്യം നടത്തിയവര്‍ പിടിയിലായാല്‍ മാത്രമേ ഇതിന്റെ പൂര്‍ണ ചിത്രം വെളിച്ചത്താവുകയൊള്ളു. ഫൈസലിനെ വകവരുത്തുന്നതിനെ കുറിച്ച് ആലോചിക്കാന്‍ സംഘം യോഗം ചേര്‍ന്നത് നന്നമ്പ്ര ചുള്ളിക്കുന്നിലെ മേലേപുറത്തെ ഒരു കേന്ദ്രത്തിലാണ്. പ്രതികളുടെ മൊബൈല്‍ ലൊക്കേഷനിലൂടെ പോലീസ് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇപ്പോള്‍ അറസ്റ്റിലായവരില്‍ പലരും ആര്‍എസ്എസ്, ബിജെപി, വിഎച്ച്പി സംഘടനകളുടെ സജീവ പ്രവര്‍ത്തകരും ഭാരവാഹികളുമാണ്. അറസ്റ്റിലായ ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് വിനോദ് ആദ്യമൊക്കെ ഇവരുടെ യോഗങ്ങളില്‍ പങ്കാളിയായിരുന്നുവെങ്കിലും പിന്നീട് ഇയാളെ വിവരങ്ങള്‍ അറിയിച്ചിരുന്നില്ലത്രെ. ഫൈസല്‍ പുലര്‍ച്ചെ ഓട്ടോയുമായി പോകുമ്പോള്‍ രണ്ട് ബൈക്കുകളിലായാണ് അക്രമികള്‍ പിന്തുടര്‍ന്നതെന്നാണ് കരുതപ്പെടുന്നത്. ഫാറൂഖ് നഗറില്‍ എത്തിയപ്പോള്‍ ഓട്ടോയില്‍ നിന്ന് ഇറങ്ങി ഓടിയ ഫൈസല്‍ പ്രാണരക്ഷാര്‍ഥം ഒരുപള്ളിയിലേക്ക് കയറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പള്ളി തുറന്നിട്ടില്ലാത്തതിനാല്‍ രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഉടനെ അപ്പുറത്തേക്ക് ഓടിയ ഫൈസലിനെ ഒരു മതിലില്‍ ചേര്‍ത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സാഹചര്യങ്ങള്‍ തൊളിയിക്കുന്നത്.

സംഭവം കണ്ടു എന്ന് പറയപ്പെടുന്ന ചിലരേയും പോലീസ് തെളിവെടുപ്പിന്റെ ഭാഗമായി ചോദ്യം ചെയ്തിരുന്നു. പ്രധാന പ്രതികള്‍ പിടിയിലാകുന്നതോടെ കൊലപാതകത്തിലെ ചുരുളഴിയും.

ഫൈസല്‍ കൊലപാതകത്തില്‍ തിരൂര്‍ യാസിര്‍ വധത്തിലെ പ്രതിക്ക് പങ്കുള്ളതായി സൂചന

Keywords: Malappuram, Kerala, Murder, Accused, Police, Murder case, Faisal Murder Case, Tirurangadi, Kodinji Murder Case, Yasar Murder Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia