SWISS-TOWER 24/07/2023

ഫൈസല്‍ കൊലപാതകം: പ്രതികള്‍ റിമാന്‍ഡില്‍

 


ADVERTISEMENT

മലപ്പുറം: (www.kvartha.com 28.11.2016) ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞിയിലെ പുല്ലാണി ഫൈസലിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍. ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് നന്നമ്പ്ര കൊടിഞ്ഞി പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ്(32), കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ പുളിക്കല്‍ ഹരിദാസന്‍(30), ഇയാളുടെ ജേഷ്ഠന്‍ ഷാജി(39), ചാലത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ്(32), കൊടിഞ്ഞിയിലെ ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാരനായ പാലത്തിങ്ങല്‍ പള്ളിപ്പടി ലിജു എന്ന ലിജേഷ്(27), പരപ്പനങ്ങാടി സ്വദേശിയും വിമുക്ത ഭടനുമായ കോട്ടയില്‍ ജയപ്രകാശ്(50) എന്നിവരെയാണ് പെരിന്തല്‍മണ്ണ കോടതി 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

ചൊവ്വാഴ്ച വന്‍പോലീസ് സന്നാഹത്തോടെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. റിമാന്‍ഡ് ചെയ്ത മുഴുവന്‍ പ്രതികളെയും മഞ്ചേരി സബ്ജയിലിലേക്ക് മാറ്റി.
മാസങ്ങള്‍ക്ക് മുമ്പ് ഇസ്‌ലാം സ്വീകരിച്ച ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഇവര്‍ അറസ്റ്റിലായത്. ഫൈസലിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. വെട്ടിക്കൊലപ്പെടുത്തിയ മൂന്നുപേരെ അറസ്റ്റ് ചെയ്യാനുണ്ട്. അവര്‍ ഉടന്‍ അറസ്റ്റിലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓട്ടോ ഡ്രൈവറായിരുന്ന ഫൈസല്‍ റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് റിയാദില്‍വെച്ച് ഇസ്‌ലാം സ്വീകരിച്ച ഫൈസല്‍ നാട്ടിലെത്തിയ ശേഷം ഫൈസലിന്റെ ഭാര്യയും മൂന്ന് മക്കളും ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി.

ഫൈസലിന്റെ സഹോദരിമാരേയും മക്കളേയും മതം മാറ്റുമെന്ന് ഭയന്ന ഫൈസലിന്റെ സഹോദരി ഭര്‍ത്താവായ വിനോദ് ആര്‍എസ്എസ് സംഘടനയുടെ പ്രാദേശിക നേതാക്കന്‍മാരായ ഹരിദാസന്‍, ഷാജി, സുനില്‍, സജീഷ് എന്നിവരെ സമീപിക്കുകയും ഇവര്‍ പരപ്പനങ്ങാടിയിലെ സംഘടനാ നേതാക്കന്‍മാരെ വിവരം അറിയിക്കുകയും കഴിഞ്ഞ ഒക്‌ടോബര്‍ മാസത്തില്‍ രാത്രി ഷാജി, സജീഷ്, സുനില്‍, വിനോദ്, പ്രതീപ്, ഹരിദാസന്‍, പരപ്പനങ്ങാടിയിലെ സംഘടനാ നേതാവായ ജയപ്രകാശ് എന്നിവര്‍ മേലേപുറത്ത് ഒത്തുചേര്‍ന്ന് ഫൈസലിനെ വകവരുത്തുന്നതിനായി ഗൂഢാലോചന നടത്തുകയും ഈ വിവരം തിരൂരിലെ പ്രമുഖ സംഘടനാ നേതാവിനെ അറിയിക്കുകയും ഇയാളുടെ നിര്‍ദേശപ്രകാരം മൂന്ന് പേര്‍ നവംബര്‍ 19ന് പുലര്‍ച്ചെ ഫൈസല്‍ തന്റെ ഭാര്യാമാതാപിതാക്കളെ കൊണ്ടുവരാന്‍ വേണ്ടി ഓട്ടോയുമായി പോകുമ്പോള്‍ ഫാറൂഖ് നഗറില്‍ വെച്ച് വെട്ടികൊലപ്പെടുത്തുകയായിരുന്നു.

ഫൈസല്‍ കൊലപാതകം: പ്രതികള്‍ റിമാന്‍ഡില്‍

Keywords: Malappuram, Kerala, Accused, Murder, Remanded, Islam, Murder case, Tirurangadi, Faisal Murder Case, Kodinji Murder Case.


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia