മോദി, അമിത് ഷാ വമ്പന്‍ നേതാക്കളെത്തി പ്രചാരണക്കളം നിറഞ്ഞാടിയിട്ടും കേരളത്തില്‍ ഉണ്ടായിരുന്ന സീറ്റ് പോലും നേടാനാകാതെ തകര്‍ന്നടിഞ്ഞ് ബിജെപി
May 2, 2021, 16:56 IST
കോട്ടയം: (www.kvartha.com 02.05.2021) പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ടി അധ്യക്ഷന്‍ ജെപി നഡ്ഡയും, യോഗി ആദിത്യനാഥ്, സ്മൃതി ഇറാനി, നിര്‍മല സിതാരാമന്‍ തുടങ്ങി വമ്പന്‍ നേതാക്കള്‍ പ്രചാരണക്കളം നിറഞ്ഞാടിയിട്ടും കേരളത്തില്‍ ഉണ്ടായിരുന്ന സീറ്റ് പോലും നേടാനാകാതെ തകര്‍ന്നടിഞ്ഞ് ബിജെപി. ഇത്രയും മുതിര്‍ന്ന നേതാക്കള്‍ പ്രചാരണത്തിനിറങ്ങിയിട്ടും ഒരുസീറ്റു പോലും നേടാനാവാത്തത് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നു.
പെട്രോള്‍, ഡീസല്‍ വില വര്‍ധനയുള്‍പെടെയുള്ള കാര്യങ്ങളാണ് ബിജെപിക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മെട്രോമാന്‍ ഇ ശ്രീധരനെ ഒപ്പം നിര്‍ത്തി താമരചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ കഴിഞ്ഞത് നിഷ്പക്ഷ വോടുകള്‍ അനുകൂലമാക്കുമെന്ന പാര്‍ടി പ്രതീക്ഷയും പാളി. പ്രചാരണരംഗത്ത് പടഹമുയര്‍ത്തിയ ബിജെപിക്കു കേരളത്തിന്റെ മനം കവരാനായില്ല.
തുടക്കം മുതല്‍ പ്രചാരണ രംഗത്തു കാട്ടിയ കോലാഹലം വോടായി മാറിയതുമില്ല. പണമൊഴുക്കി രംഗം കൊഴുപ്പിക്കുന്നതില്‍ ബിജെപി ഇടതുമുന്നണിക്കൊപ്പമോ അല്‍പം മുന്നിലോ ആയിരുന്നു. എണ്ണയിട്ട യന്ത്രം പോലെ നേതാക്കളും കുറച്ചു പ്രവര്‍ത്തകരും തലങ്ങും വിലങ്ങും പാഞ്ഞെങ്കിലും അതെല്ലാം ഉപരിപ്ലവം മാത്രമായിരുന്നുവെന്നാണ് ഫലം നല്‍കുന്ന സൂചന.
നേമം കൈവിട്ടതും മഞ്ചേശ്വരത്ത് കെ സുരേന്ദന്‍ തോറ്റതും പാലക്കാട് മെട്രോമാനേറ്റ പരാജയവും ബിജെപിയുടെ പ്രതീക്ഷകള്‍ക്കേറ്റ കനത്ത തിരിച്ചടിയായി. അവസാന നിമിഷം കേന്ദ്ര നേതൃത്വം ഇടപെട്ട് സീറ്റു നേടിയ ശോഭ സുരേന്ദ്രന്‍ തോറ്റതും പാര്‍ടിക്ക് കരണത്തടിപോലെയായി. ഏറെ പ്രതീക്ഷയോടെയാണ് കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി നിയോഗിച്ചത്.
എന്നാല്‍ അതിന്റെ ഫലമുണ്ടാക്കാന്‍ തെരഞ്ഞെടുപ്പിലായില്ല. അഞ്ച് സീറ്റില്‍ വിജയവും ഇരുപതോളം സീറ്റില്‍ നിര്‍ണായക ശക്തിയും എന്നായിരുന്നു പാര്‍ടി നേതൃത്വത്തിന്റെ ആത്മവിശ്വാസം. അതുകൊണ്ടുതന്നെയാണ് ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചതും. തദ്ദേശ തെരഞ്ഞെടുപ്പില്‍ 85 ശതമാനത്തോളം വാര്‍ഡുകളില്‍ മത്സരിക്കാനായത് സുരേന്ദ്രന്റെ നേട്ടമായി വിലയിരുത്തിയാണ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പാര്‍ട്ടി നീങ്ങിയത്.
മത്സരിക്കുന്ന എല്ലായിടത്തും മറ്റു മുന്നണികളെപ്പോലെ പ്രവര്‍ത്തിക്കാന്‍ ആളുണ്ടെന്ന പ്രതീതി ഇതുവഴി ഉണ്ടാക്കി. എന്നാല്‍ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ പലയിടത്തും ഇത്തവണ മൂന്നാമതായത് എന്തുകൊണ്ടെന്ന് ബിജെപി ഏറെ ചിന്തിക്കേണ്ടി വരും.
ബിജെപി എ ക്ലാസ് മണ്ഡലമായി നിശ്ചയിച്ച സ്ഥലങ്ങളില്‍ പോലും പ്രവര്‍ത്തനം ഉപരിപ്ലവമായിരുന്നുവെന്ന് പരാതിയുണ്ട്. ബൂത്ത് തലത്തില്‍ വീടുകയറിയുള്ള പ്രചാരണം ഫലവത്തായി നടന്നില്ലെന്നു പലയിടത്തും സ്ഥാനാര്‍ഥികള്‍ തന്നെ പരാതിപ്പെട്ടതായി സൂചനയുണ്ട്. കെ.സുരേന്ദ്രന്‍ പ്രചാരണ യാത്രയ്ക്ക് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതും രണ്ടിടത്തു മത്സരിച്ചതും ശോഭാ സുരേന്ദ്രനെ അവസാനം വരെ സീറ്റു നല്‍കാതെ മാറ്റി നിര്‍ത്തിയതുമെല്ലാം ജനത്തിനു മുന്നില്‍ ബിജെപിക്ക് അവമതിപ്പുണ്ടാക്കിയെന്ന് കരുതുന്ന പ്രവര്‍ത്തകരും നേതാക്കളും ഏറെയാണ്.
ഇതിനിടെ ബിജെപി മുന്‍കാലങ്ങളിലെക്കാള്‍ ഗ്രൂപു പോരിലേക്ക് പോകുന്ന കാഴ്ചയാണ് സുരേന്ദ്രന്റെ വരവോടെ കേരളം കണ്ടത്. കേന്ദ്രമന്ത്രി വി മുരളീധരനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായി ചേരി തിരിഞ്ഞത് പാര്‍ടി സംഘടനാ സംവിധാനത്തെ തന്നെ ദുര്‍ബലമാക്കി. സുരേന്ദ്രന്‍ ചുമതലയേറ്റതോടെ, അധ്യക്ഷ പദവി മോഹിച്ച ശോഭാ സുരേന്ദ്രന്‍ എതിരായതും മുന്‍ അധ്യക്ഷന്‍ പികെ കൃഷ്ണദാസ്, എം.ടി രമേശ് തുടങ്ങിയവര്‍ തുടക്കത്തില്‍ സഹകരിക്കാതായതും തുടക്കത്തില്‍ കല്ലുകടിയായി.
ഒടുവില്‍ ദേശീയ നേതൃത്വം ഇടപെട്ടാണ് അവരെ അനുനയിപ്പിച്ചതും തെരഞ്ഞെടുപ്പില്‍ രംഗത്തിറക്കിയതും. മുന്നണിയിലെ ഒരു പ്രധാന ഘടകക്ഷിയായ ബിഡിജെഎസിനെ കാര്യമായി പരിഗണിച്ചില്ലെന്ന പരാതിയും 2016 ലെക്കാള്‍ ഈ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്കു തിരിച്ചടിയായി. ഒരു തെരഞ്ഞെടുപ്പു കൂടി കഴിയുമ്പോള്‍ ഒരിക്കല്‍ക്കൂടി ബിജെപി ചര്‍ച്ചയാവുകയാണ്.
പ്രകടന പത്രികയും പൊതു പ്രചാരണ വസ്തുക്കളും കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള വിവരണളും ജനങ്ങളിലെത്തിക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവന്നും ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. സംസ്ഥാന സര്‍ക്കാരിനെതിരായ പോരാട്ടം വേണ്ട രീതിയിലല്ല നടത്തിയതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. അഴിമതിയും മറ്റും തുറന്നുകാട്ടുന്നതിനപ്പുറം ശബരിമല പ്രശ്നത്തില്‍ പ്രചാരണം ഊന്നിയതും നഷ്ടമുണ്ടാക്കിയെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു.
നേതാക്കളെല്ലാം മത്സരത്തിനിറങ്ങിയതോടെ പ്രചാരണം ഏകോപിപ്പിക്കാന്‍ പോലും ആളില്ലെന്ന സ്ഥിതിയുണ്ടായെന്നും ആക്ഷേപമുണ്ട്. തെരഞ്ഞെടുപ്പു പടിവാതിലില്‍ നില്‍ക്കെ തുടങ്ങിയ വിജയ് യാത്രയ്ക്കിടെ തെരഞ്ഞടുപ്പു പ്രഖ്യാപിച്ചത് അതിലേറെ ആശയക്കുഴപ്പമുണ്ടാക്കി. സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പെടെയുള്ള കാര്യങ്ങളെ ഇത് ബാധിച്ചു.
ഉത്തരേന്ത്യന്‍ ശൈലിയില്‍ അവസാന നിമിഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന രീതിയും ബിജെപിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചെന്നു പറയുന്നു. മറ്റു മുന്നണികള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടും പലയിടത്തും ബിജെപിക്കു പ്രചാരണം തുടങ്ങാനായിരുന്നില്ല. പാര്‍ടിക്ക് നല്ല വോട്ടുള്ള തലശ്ശേരി, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ പത്രിക തള്ളിയത് ഏകോപനത്തിലെ പോരായ്മയാണെന്ന് പ്രവര്‍ത്തകര്‍ പോലും പരാതിപ്പെടുന്നുണ്ട്.
ചാനല്‍ ചര്‍ച്ചകളിലും മറ്റും എത്തുന്നവരും ശ്രദ്ധേയരായ ചില സംസ്ഥാന നേതാക്കളും കഴിഞ്ഞാല്‍ പല സ്ഥാനാര്‍ഥികളും മണ്ഡലങ്ങളില്‍ പരിചിതരല്ലാത്തത് പാര്‍ട്ടി വോടിനെ പോലും ബാധിച്ചെന്നാണ് പാര്‍ടിയിലെ ഒരു വിഭാഗം വിലയിരുത്തുന്നത്.
വിജയ പ്രതീക്ഷ പുലര്‍ത്തിയ പാലക്കാട്, തൃശൂര്‍, മലമ്പുഴ, കഴക്കൂട്ടം പോലുളള മണ്ഡലങ്ങളില്‍ പോലും പ്രവര്‍ത്തന ഏകോപനം ഉണ്ടായില്ലെന്ന ആക്ഷേപവും സംഘടനാ സംവിധാനത്തില്‍ ബിജെപിയുടെ പോരായ്മയായി. ഇരിങ്ങാലക്കുട, തൃപ്പൂണിത്തുറ, തിരൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ മത്സരിച്ചവര്‍ക്ക് തനിയെ പ്രവര്‍ത്തനം നടത്തേണ്ടി വന്നതായി പറയപ്പെടുന്നു.
മൂന്നു പതിറ്റാണ്ട് മുമ്പേ കേട്ടു തുടങ്ങിയ വോടുമറിക്കല്‍ ആരോപണം ഇത്തവണയും ഉയരുമ്പോള്‍ അതിന്റെ മറുവശത്ത് രണ്ടു മുന്നണിയുമുണ്ട്. ആര് ആര്‍ക്ക് മറിച്ചെന്നത് ഇനി വരുദിവസങ്ങളില്‍ ഏറെ ചര്‍ച്ചയാവും.
Keywords: Failure of BJP in Kerala Assembly Elections 2021, Kottayam, News, Politics, Assembly-Election-2021, Narendra Modi, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.