കണ്ണുകള്‍ പുഴുവരിച്ച് അഴുകി വികൃതമായ മകന്റെ ശരീരം കണ്ട് ഹൃദയം പൊട്ടി വിലപിച്ച ഒരു അമ്മയുടെ കണ്ണീരിന് കേരള ജനതയുടെ മനസാക്ഷി മറുപടി നല്‍കേണ്ടതുണ്ട്; ഫേസ്ബുക്ക് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

 



തൃശൂര്‍: (www.kvartha.com 14.11.2019) ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഞ്ചിക്കണ്ടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കാര്‍ത്തിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് സംസ്‌കരിച്ചത്. കഴിഞ്ഞ മാസം 28ന് രാവിലെ ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന പറയപ്പെടുന്ന കാര്‍ത്തിയുടെ കണ്ണുകള്‍ സംസ്‌കാരസമയത്ത് പുഴുവരിച്ച നിലയിലായിരുന്നു. എങ്ങനെയാണ് ഇത്രത്തോളം മൃതദേഹം ജീര്‍ണിച്ചത് എന്ന് ചോദിച്ചുകൊണ്ടുള്ള മാവോയിസ്റ്റ് നേതാവ് ഷൈനയുടെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കണ്ണുകള്‍ പുഴുവരിച്ച് അഴുകി വികൃതമായ മകന്റെ ശരീരം കണ്ട് ഹൃദയം പൊട്ടി വിലപിച്ച ഒരു അമ്മയുടെ കണ്ണീരിന് കേരള ജനതയുടെ മനസാക്ഷി മറുപടി നല്‍കേണ്ടതുണ്ട്; ഫേസ്ബുക്ക് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കാര്‍ത്തിയുടെ അഴുകിയ മൃതദേഹത്തിന്റെയും അയാളുടെ അമ്മയുടെയും ചിത്രം പങ്കുവച്ചുകൊണ്ടാണ് ഷൈന പോസ്റ്റിട്ടത്. ഒരു വിപ്ലവകാരിയുടെ മൃതദേഹത്തോട് ഇടതു സര്‍ക്കാര്‍ ചെയ്യുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. 'എത്ര കുഴിച്ചുമൂടിയാലും സത്യം ഒരു നാള്‍ പുറത്തു വരും. കാര്‍ത്തിയുടെ ഘാതകര്‍ ഈ ചോരക്കു മറുപടി പറയേണ്ടി വരും.

ഭരണകൂടം ഒരു വിപ്ലവകാരിയെ മാത്രമല്ല അയാളുടെ നിശ്ചേതന ശരീരത്തെപ്പോലും ഭയക്കുന്നു എന്നറിയുക' ഷൈന കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരു വിപ്ലവകാരിയുടെ മൃതദേഹത്തോട് ഇടതു സര്‍ക്കാര്‍ ചെയ്യുന്നത്
മലേ മഞ്ചക്കട്ടി ഊരില്‍ പോലീസ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കാര്‍ത്തിക് എന്ന കണ്ണന്റെ മൃതദേഹമാണിത്. കണ്ണുകള്‍ രണ്ടും നഷ്ടപ്പെട്ട് പുഴുവരിച്ച അവസ്ഥയില്‍, കാലുകള്‍ പിണഞ്ഞ രീതിയില്‍ ആയിരുന്നു ഈ മൃതദേഹം. (മരണത്തിനു മുന്‍പോ മരണം കഴിഞ്ഞയുടനെയോ സഖാവിന്റെ കാലുകള്‍ തമ്മില്‍ കൂട്ടിക്കെട്ടിയിട്ടുണ്ടായിരിക്കാം.)

28ാം തിയ്യതി രാവിലെ ഏറ്റുമുട്ടല്‍ നടന്ന് 29ന് രാത്രി പുറത്തെത്തിച്ചു എന്ന് പറയപ്പെടുന്ന ഒരു മൃതദേഹം ഈ അവസ്ഥയില്‍ ജീര്‍ണ്ണിച്ചത് എങ്ങനെയാണ്? മൃതദേഹം പുറത്തു കൊണ്ടു വരുമ്‌ബോള്‍ ഇതായിരുന്നു അവസ്ഥയെങ്കില്‍ ശരിക്കും മരണം സംഭവിച്ചത് എപ്പോഴായിരിക്കണം? വെറും ഒന്നര ദിവസത്തിനുള്ളില്‍ മൃതദേഹം ഈ അവസ്ഥയില്‍ എത്തുമോ?

സ്വന്തം മകന്റെ അഴുകി വികൃതമായ ഈ ശരീരം കണ്ട് ഹൃദയം പൊട്ടി വിലപിച്ച ഒരു അമ്മയുടെ കണ്ണീരിന് കേരള ജനതയുടെ മനസാക്ഷി മറുപടി നല്‍കേണ്ടതുണ്ട്. പത്തു വര്‍ഷത്തിനു ശേഷം ഈ തരത്തില്‍ നിന്റെ ദേഹം കാണാനാണോ ഞാന്‍ ജീവിച്ചിരുന്ന തെന്ന അമ്മയുടെ നോവുന്ന ചോദ്യം ന്യായമായ ഉത്തരം ആവശ്യപ്പെടുന്നുണ്ട്.

ക്രൂരമായ കൊലയ്ക്കും അതിലും ക്രൂരമായ അവഗണനക്കും മാത്രമല്ല ഈ മൃതദേഹം ഇരയായത്. കേരളത്തില്‍ സംസ്‌കരിക്കാമെന്ന ബന്ധുക്കളുടേയും മനുഷ്യാവകാശ, ജനാധിപത്യ പ്രവര്‍ത്തകരുടേയും അഭ്യര്‍ത്ഥന നിരാകരിച്ച് പുതുക്കോട്ടയില്‍ സംസ്‌കരിക്കാമെന്ന് തമിഴ് നാട് ക്യൂ - ബ്രാഞ്ച് ഉറപ്പ് നല്‍കി എന്നു ബന്ധുക്കളെ ധരിപ്പിച്ച് മൃതദേഹം ആംബുലന്‍സില്‍ കയറ്റിയ ശേഷം പുതുക്കോട്ടയില്‍ പൊതു ശ്മശാനമില്ലെന്നും അതിനാല്‍ ട്രിച്ചിയില്‍ സംസ്‌കരിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാമെന്നും പോലീസ് പറയുകയും മൃതദേഹം ഏറ്റെടുത്തതിനാല്‍ (സാങ്കേതികമായി) വേറെ വഴിയില്ലാത്തതിനാല്‍ പല നാളുകളായുള്ള അലച്ചില്‍ അവസാനിപ്പിച്ച് മകന്റെ ദേഹം സംസ്‌കരിക്കാന്‍ ആ അമ്മ സമ്മതം നല്‍കുകയായിരുന്നു.

ട്രിച്ചിയിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് അവിടെ സംസ്‌കരിക്കാനുള്ള കാര്യങ്ങള്‍ ഏര്‍പ്പാടാക്കി ഇവിടെ നിന്നും കാര്‍ത്തിയുടെ ശരീരവുമായി പുറപ്പെട്ട ബന്ധുക്കള്‍ കോയമ്ബത്തൂര്‍ എത്തിയപ്പോള്‍ പെട്ടെന്ന് പോലീസ് ഇടപെട്ട് ആംബുലന്‍സ് കോയമ്ബത്തൂര്‍ നഞ്ചുണ്ടാപുരം പൊതു ശ്മശാനത്തിലേക്ക് തിരിച്ചു വിടുകയും ധൃതി പിടിച്ച് അവിടെ വെച്ച് ശവസംസ്‌കാരം നടത്തിക്കുകയുമാണ് ചെയ്തത്.

ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തില്‍ മാന്യമായ ഒരു സംസ്‌കാരത്തിനുള്ള കാര്‍ത്തിയുടേയും കുടുംബത്തിന്റേയും ജനാധിപത്യാവകാശത്തെ നിഷേധിച്ചു കൊണ്ട് ഒരു ധീര വിപ്ലവകാരിയുടെ മുതശരീരം ഇരുട്ടിന്റെ മറവില്‍ കുഴി വെട്ടി മൂടാനാണ് ഭരണകൂടവും പോലീസും ശ്രമിച്ചത്. എന്നാല്‍ എത്ര കുഴിച്ചുമൂടിയാലും സത്യം ഒരു നാള്‍ പുറത്തു വരും. കാര്‍ത്തിയുടെ ഘാതകര്‍ ഈ ചോരക്കു മറു പടി പറയേണ്ടി വരും.

ഭരണകൂടം ഒരു വിപ്ലവകാരിയെ മാത്രമല്ല അയാളുടെ നിശ്ചേതന ശരീരത്തെപ്പോലും ഭയക്കുന്നു എന്നറിയുക!
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Thrissur, Maoist, Mother, Facebook, Dead Body, Police, Ambulance, Crematorium, Facebook Viral Post By Maoist Shyna

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia