യൂത്ത് ലീഗിലും ഫേസ്ബുക്ക് യുദ്ധം

 


 യൂത്ത് ലീഗിലും ഫേസ്ബുക്ക് യുദ്ധം
തിരുവനന്തപുരം: മുസ്ലീം ലീഗിന്റെ യുവജന സംഘടനയായ യൂത്ത് ലീഗിലും ഫേസ്ബുക്കിലൂടെ ചേരിപ്പോര്. ഡി വൈ ഐഫ് ഐയില്‍ നിന്നും കെ എസ് യുവില്‍ നിന്നും യൂത്ത് ലീഗിലെത്തിയ ചിലര്‍ക്കെതിരെയാണ് ഫേസ്ബുക്കിലൂടെ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ മറ്റ് സംഘടനകളില്‍ നിന്ന് യൂത്ത് ലീഗിലെത്തി അധികാരം കയ്യാളുന്നതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

കോഴിക്കോടു നിന്നു മുജദ്ദിദ് എന്ന ആളാണ് ഫേസ്ബുക്കിലൂടെ  ജില്ലാ യൂത്ത് ലീഗിന്റെ തലപ്പത്തിരിക്കുന്നവര്‍ക്കെതിരെ ആക്ഷേപമുന്നയിച്ചിരിക്കുന്നത്. ജില്ലാ യൂത്ത് ലീഗിന്റെ തലപ്പത്തിരിക്കുന്നവര്‍ മറ്റു പ്രസ്ഥാനങ്ങളിലെ ജീര്‍ണതകള്‍ പേറുന്നരാണെന്നും നേതാക്കന്മാരെ തൃപ്തിപ്പെടുത്താന്‍ എന്തും ചെയ്യുന്നവരാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ആക്ഷേപിക്കുന്നു.

മുജദ്ദിദിന്റെ ഫേസ്ബുക്കിലെ പോസ്റ്റിലെ മറ്റ് ആരോപണങ്ങള്‍ ഇങ്ങനെ പോകുന്നു,

ഡി വൈ ഐഫ് ഐയുടെയും കെ എസ് യുവിന്റെയും താവളങ്ങളില്‍നിന്ന് അത്തരം സംഘടനകളുടെ എല്ലാ ജീര്‍ണ്ണതകളുമായി മുസ്ലീം ലീഗില്‍ വലിഞ്ഞുകയറിയവരാണ് ജില്ലാ യൂത്ത് ലീഗിന്റെ തലപ്പത്തിരിക്കുന്നവര്‍. വെങ്ങളം റഷീദ് ഡി വൈ ഐഫ് ഐയില്‍നിന്നും നജീബും അന്‍വറും കെ എസ് യുവില്‍നിന്നുമാണ് ജീവിതത്തെ പച്ചപിടിപ്പിക്കുവാന്‍ ഹരിതരാഷ്ട്രീയത്തിലേക്ക് കുടിയേറിയത്. ബാല്യകൗമാരങ്ങളിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ ഓര്‍മ്മപുസ്തകങ്ങള്‍ ഇവര്‍ക്ക് അന്യമായിരുന്നു. പണം സമ്പാദിക്കാനുള്ള ആര്‍ത്തിമൂത്ത് ഈ മൂവര്‍ സംഘം യൂത്ത് ലീഗ് നേതൃത്വത്തെ കമ്പനിവത്കരിച്ചുകൊണ്ടിരിക്കുകയാണ്.

സാമ്പത്തികശേഷിയുള്ള ഗള്‍ഫുകാരെ കണ്ടെത്തി അവരെക്കൊണ്ട് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്  നടത്തിക്കുക, തഞ്ചത്തില്‍ വിസ സംഘടിപ്പിച്ച് ഗള്‍ഫില്‍ സന്ദര്‍ശനം നടത്തുക, അവിടെ ഇല്ലാക്കഥകളുടെ കാര്യം പറഞ്ഞ് പിരിവ് നടത്തി കാശ് സമ്പാദിക്കുക, നേതാക്കന്‍മാരെ തൃപ്തിപ്പെടുത്താന്‍ എന്തും ചെയ്യുക, തുടങ്ങിയ പുതിയ കാലത്തിന്റെ എല്ലാ അസുഖങ്ങളും ആവോളമുള്ളവരാണ് ഈ മൂന്നുപേരും.
അതുകൊണ്ട് തങ്ങളുടെ ജീവിതത്തില്‍ ശരാശരിയേക്കാളും താണ ഇവര്‍ക്ക് ഇന്ന് ലക്ഷങ്ങളുടെ ബാങ്ക് ബാലന്‍സും മറ്റെല്ലാസൗകര്യങ്ങളുമുണ്ട്.

ശീലങ്ങള്‍ മാറ്റി കഴിഞ്ഞു, തങ്ങളുടെ എല്ലാ ദാരിദ്ര്യവും മാറ്റി അഞ്ച് പൈസ മുതല്‍മുടക്കില്ലാതെ ഒരു തുള്ളി വിയര്‍പ്പ് ചിന്താതെ...

ഇവിടെ പറയാന്‍ വന്നകാര്യം മറ്റൊന്നാണ്. ഈ മൂവര്‍സംഘവും ശിങ്കിടികളും ഇപ്പോള്‍ പുതിയ തട്ടിപ്പുമായി രംഗത്തുവന്നകാര്യം അറിയാന്‍ കഴിഞ്ഞു. ഊട്ടിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഫ്‌ളാറ്റും കോഴിക്കോട് ആരംഭിക്കാനിരിക്കുന്ന പരിശീലന കേന്ദ്രത്തില്‍ ഭൂമി വാങ്ങാന്‍ ഗള്‍ഫുകാരെ കേന്ദ്രീകരിച്ചുള്ള വമ്പന്‍ പിരിവും ഒരു വില്ലയ്ക്ക് 40 ലക്ഷം വില നിശ്ചയിച്ച് നജീബും സംഘവും വില്ക്കാന്‍ നടക്കുന്ന വില്ലകളും ഫ്‌ളാറ്റും പുതിയ ടോട്ടല്‍ ഫോര്‍ യു മാതൃകയിലാണ് നടത്തുന്നത്. ഇതിന്റെ നിര്‍മ്മാണചെലവിലോ മറ്റോ ഇവര്‍ക്കൊന്നും ഒരു ചില്ലിക്കാശിന്റെ മുതല്‍ മുടക്കില്ല എന്നും ഇതൊക്കെ സമുദായത്തെ കാണിച്ച് ഇവര്‍ അമിക്കിയ പണം കൊണ്ടാണെന്നുമാണ് അറിയാന്‍ കഴിഞ്ഞത്.

ഏതായാലും ഇവരുടെ കാമ്പയിനിംഗ് നോട്ടീസില്‍ സൂചിപ്പിച്ചതുപോലെ ചവിട്ടിവീഴ്ത്തിയും വെട്ടിപ്പിടിച്ചും എല്ലാം കയ്യിലൊതുക്കാനുള്ള മെയ്‌വഴക്കം ഇവര്‍ക്കുണ്ട്. ഇവരെ സൂക്ഷിക്കുക....

ഇത് സംഘടനാരംഗത്ത് വരാന്‍പോകുന്ന മഹാരോഗത്തിന്റെ സൂചനയാണ്. മുസ്‌ളീംലീഗുകാര്‍, സമുദായ സ്‌നേഹികള്‍, പൊതുപ്രവര്‍ത്തകര്‍, കെ എം സി സി പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കുക. വിശേഷങ്ങള്‍ ഇനിയുമുണ്ട് അത് പിന്നീടാകാം. ഇങ്ങനെയാണ് മുജദ്ദിദിന്റെ ഫേസ്ബുക്കിലെ പോസ്റ്റ് അവസാനിക്കുന്നത്.


key words:
muslim league, youth league, league, facebook, technology, kmcc, ksu, dyfi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia