ദോഹയില്‍ നിന്നു കൊച്ചിയിലേക്കുള്ള വിമാനത്തിന്റെ യാത്ര മാറ്റി; ആദ്യവിമാനത്തില്‍ എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ രാജഗിരി കോളജ് ഹോസ്റ്റലില്‍

 


കൊച്ചി: (www.kvartha.com 06.05.2020) വ്യാഴാഴ്ച പ്രവാസികളുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുമെന്നു പ്രഖ്യാപിച്ചിരുന്ന രണ്ടു വിമാനങ്ങളില്‍ ഒന്നിന്റെ യാത്ര നീട്ടിവച്ചു. ദോഹയില്‍ നിന്നു കൊച്ചിയിലേക്കുള്ള വിമാനമാണ് യാത്ര ശനിയാഴ്ചത്തേക്കു മാറ്റിയത്.

ഇതോടെ വ്യാഴാഴ്ച 176 യാത്രക്കാര്‍ മാത്രമായിരിക്കും കൊച്ചിയിലെത്തുക. ഇത് അബൂദബിയില്‍ നിന്ന് പുറപ്പെടുമെന്ന് അറിയിച്ച വിമാനമാണ്. രാത്രി 9.40 നായിരിക്കും ലോക്ഡൗണില്‍ കുടുങ്ങിയ പ്രവാസികളുമായുള്ള ഈ വിമാനം എത്തുന്നത്.

ദോഹയില്‍ നിന്നു കൊച്ചിയിലേക്കുള്ള വിമാനത്തിന്റെ യാത്ര മാറ്റി; ആദ്യവിമാനത്തില്‍ എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ രാജഗിരി കോളജ് ഹോസ്റ്റലില്‍

യാത്രക്കാര്‍ക്ക് കോവിഡ് രോഗമുണ്ടോ എന്ന് തിരിച്ചറിയാനുള്ള ആന്റിബോഡി ടെസ്റ്റും തെര്‍മല്‍ സ്‌കാനിങ്ങും വിമാനത്താവളത്തില്‍ നടത്തിയ ശേഷമായിരിക്കും യാത്രാനുമതി നല്‍കുന്നതെന്നു അബൂദബി ഇന്ത്യന്‍ എംബസി വ്യക്തമാക്കി. കോവിഡ് ലക്ഷണങ്ങളുണ്ടെന്നു കണ്ടെത്തിയാല്‍ യാത്രാനുമതിയുണ്ടാകില്ല.

ഈ വിമാനത്തിലെ യാത്രക്കാര്‍ക്കുള്ള ടിക്കറ്റ് വിതരണം തുടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് 4.15ന് അബൂദബിയില്‍ നിന്നു കൊച്ചിയിലേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ടിക്കറ്റ് വിതരണമാണ് പുരോഗമിക്കുന്നത്. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നു തൊഴില്‍ നഷ്ടപ്പെട്ടവര്‍, ഗര്‍ഭിണികള്‍, സന്ദര്‍ശകര്‍, തൊഴില്‍ വിസ കാലാവധി കഴിഞ്ഞവര്‍, മുതിര്‍ന്നവര്‍ തുടങ്ങിയവരെയാണ് മുന്‍ഗണാക്രമത്തില്‍ തെരഞ്ഞെടുത്തത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കും.

അതേസമയം പ്രവാസികളെ മടക്കിയെത്തിക്കുന്ന ആദ്യവിമാനത്തിലെ എറണാകുളം ജില്ലയില്‍ നിന്നുള്ളവര്‍ക്ക് ക്വാറന്റൈന്‍ ഒരുക്കുന്നത് കളമശ്ശേരി രാജഗിരി കോളജ് ഹോസ്റ്റലില്‍ ആണ്. മറ്റു ജില്ലകളില്‍ നിന്നുള്ളവരെ കെഎസ്ആര്‍ടിസി ബസില്‍ അവരവരുടെ ജില്ലകളിലേക്ക് വിടും. ഓരോ ജില്ലയിലുള്ളവര്‍ക്കും അതാത് ജില്ലാ ഭരണകൂടങ്ങളാണ് ക്വാറന്റൈന്‍ സൗകര്യം ഒരുക്കേണ്ടത്.

അറ്റാച്ച്ഡ് ബാത്ത്റൂം സംവിധാനവും വെള്ളവും വൈദ്യുതിയുമുള്ള സ്ഥലങ്ങളാണ് പ്രവാസികളെ നിരീക്ഷണത്തില്‍ താമസിപ്പിക്കാനായി കണ്ടെത്തിയിട്ടുള്ളത്. രാജഗിരി ഹോസ്റ്റലില്‍ പ്രവാസികള്‍ക്കായി 75 മുറികളാണ് ഒരുക്കിയിരിക്കുന്നത്. ജില്ലാ കലക്ടര്‍ ഹോസ്റ്റല്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തും.

ജില്ലയിലുള്ള രോഗലക്ഷണമില്ലാത്ത ആളുകളെ മാത്രമായിരിക്കും ഹോസ്റ്റലുകളില്‍ താമസിപ്പിക്കുക. രോഗലക്ഷണമുള്ളവരെ ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. വ്യാഴാഴ്ച എത്തുന്ന ആദ്യ വിമാനത്തില്‍ എറണാകുളം സ്വദേശികളായ ഇരുപതിലേറെ പേര്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം.

രാജഗിരി ഹോസ്റ്റല്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങള്‍, പ്രവാസികളെ താമസിപ്പിക്കാനായി ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പേരെ താമസിപ്പിക്കുന്നതിനായി ഹോട്ടല്‍ റൂമുകള്‍ ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Keywords:  Expatriates' evacuation: Kochi-bound flight from Doha rescheduled to Saturday, Kochi, News, Trending, Flight, Nedumbassery Airport, Passengers, Embassy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia