കണ്ടാല്‍ നല്ല ഒന്നാന്തരം സാനിറ്റൈസര്‍; അടപ്പുതുറന്ന് നോക്കിയപ്പോള്‍ കണ്ടത്!

 


കൊച്ചി: (www.kvartha.com 10.04.2020) ലോക്ക് ഡൗണില്‍ ബാറുകളും ബിവറേജസ് ഷാപ്പുകളും അടച്ചതോടെ സംസ്ഥാനത്ത് വ്യാജ മദ്യത്തിന്റെ ഒഴുക്കും കൂടി. ഇപ്പോള്‍ ഈസ്റ്റര്‍, വിഷു വിപണി ലക്ഷ്യമിട്ടാണ് വ്യാജമദ്യത്തിന്റെ ഒഴുക്ക്. എറണാകുളം കുന്നത്തേരിയില്‍ വെള്ളിയാഴ്ച രാവിലെ എക്‌സൈസ് നടത്തിയ വ്യാജമദ്യ വേട്ടയില്‍ പിടിച്ചെടുത്തത് 50 കുപ്പി മദ്യം.

മദ്യക്കമ്പനികളുടെ വ്യാജ ലേബല്‍ പതിച്ച 50 ലേറെ കുപ്പികളാണ് പിടിച്ചെടുത്തത്. സാനിറ്റൈസര്‍ എന്ന് തോന്നിപ്പിക്കും വിധത്തിലുള്ള കുപ്പികളിലാക്കിയാണ് മദ്യം വില്‍ക്കാനായി എത്തിച്ചത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

കണ്ടാല്‍ നല്ല ഒന്നാന്തരം സാനിറ്റൈസര്‍; അടപ്പുതുറന്ന് നോക്കിയപ്പോള്‍ കണ്ടത്!

ലോക്ക് ഡൗണ്‍ ആയതിനാല്‍ വ്യാജ മദ്യത്തിന്റെ ഉത്പാദനവും വിതരണവും തടയുന്നതിനായി എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എ എസ് രഞ്ജിത്തിന്റെ മേല്‍ നോട്ടത്തില്‍ ഒരു പ്രത്യേക ഷാഡോ സംഘത്തെ ആലുവ എക്സൈസ് റേഞ്ചില്‍ രൂപം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ആലുവ റേഞ്ച് എക്സൈസ് ഷാഡോ സംഘം നീരീക്ഷണം ശക്തമാക്കിയിരുന്നു. 

കഴിഞ്ഞ ദിവസം വ്യാജലേബലുകള്‍ പതിച്ച ഒഴിഞ്ഞ ഒരു മദ്യക്കുപ്പി കുന്നത്തേരി പരിസരത്ത് നിന്ന് ആലുവ റേഞ്ച് എക്സൈസ് ഷാഡോ സംഘം കണ്ടെത്തിയിരുന്നു. ഒറ്റനോട്ടത്തില്‍ സാനിറ്റൈസര്‍ അടങ്ങിയ കുപ്പിയാണെന്ന് കരുതിയെങ്കിലും വിശദമായ പരിശോധനയിലാണ് മദ്യമാണെന്ന് മനസിലായത്.

ഇതേ ചുറ്റിപ്പറ്റിയുള്ള അന്വേഷത്തിലൊടുവിലാണ് ആലുവ കുന്നത്തേരി ഭാഗത്തെ ആള്‍ പാര്‍പ്പില്ലാത്ത സ്ഥലത്ത് ഒളിപ്പിച്ചുവച്ച നിലയില്‍ വ്യാജമദ്യ ശേഖരം കണ്ടെത്തിയത്. ഷാഡോ ടീമംഗങ്ങളുടെ അവസരോചിതമായ ഇടപെടലിലൂടെ ഒഴിവായത് വന്‍ ദുരന്തമാണ്. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള വിഷാംശം കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും അധികൃതര്‍ അറിയിച്ചു.

വ്യാജമായി മദ്യം നിര്‍മിക്കുക, മദ്യത്തിന്റെ ലേബലുകള്‍ വ്യാജമായി ഉണ്ടാക്കിയെടുക്കുക എന്നത് ഗുരുതരമായ കുറ്റ കൃത്യമായതിനാല്‍ ഇത് അതീവ ഗൗരവമായി കാണുന്നതായി എക്സൈസ് ഉന്നതര്‍ അറിയിച്ചു. ഈസ്റ്റര്‍, വിഷു ലക്ഷ്യമിട്ട് ശേഖരിച്ച് വച്ചതാകാമെന്നാണ് അധികൃതര്‍ സംശയിക്കുന്നത്.

അതേസമയം, വ്യാജമദ്യത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും, ആലുവ പരിസരത്ത് വ്യാജമദ്യ നിര്‍മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം നടത്തുമെന്നും, കുറ്റക്കാരായവരെ ഉടന്‍ പിടി കൂടുമെന്നും ഇന്‍സ്പെക്ടര്‍ ടി കെ ഗോപി പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍, ഷാജി എ കെ ഷാഡോ ടീം അംഗങ്ങളായ എന്‍ ഡി ടോമി, എന്‍ ജി അജിത്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഗിരീഷ്, വികാന്ദ്, നീതു എന്നിവര്‍ ചേര്‍ന്നാണ് മദ്യം കണ്ടെടുത്തത്.

Keywords:  Excise team seizes fake liquor in Ernakulam,Kochi, News, Ernakulam, Liquor, Seized, Arrest, Raid, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia