ഒരു കഞ്ഞിക്ക് 1350 രൂപ, പാരസെറ്റാമോളിന് 45 രൂപവരെ; സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത് ഒരുവിധത്തിലും നീതീകരിക്കാനാവാത്ത നിരക്കെന്ന് ഹൈകോടതി
May 10, 2021, 16:35 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 10.05.2021) ഒരു കഞ്ഞിക്ക് 1350 രൂപ, പാരസെറ്റാമോളിന് 45 രൂപവരെ. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിര വീണ്ടും ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം . ഒരുവിധത്തിലും നീതീകരിക്കാനാവാത്ത നിരക്കാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതെന്ന് കോടതി പറഞ്ഞു.


സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങളാണ് ഈ സാഹചര്യത്തില്‍ വലിയ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നത്. ആരോഗ്യ മേഖല നൂറു ശതമാനം സജ്ജരായി ഇപ്പോള്‍ നീങ്ങുകയാണ്, അത് അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട നിങ്ങള്‍ ന്യായീകരിക്കാനാകാത്ത തുക രോഗികളില്‍ നിന്ന് വാങ്ങുന്നത് വലിയ തെറ്റുതന്നെയാണ് എന്നും കോടതി കുറ്റപ്പെടുത്തി. 1000 രൂപ ദിവസക്കൂലിയുള്ള ആള്‍ക്ക് രണ്ടര ലക്ഷം രൂപയുടെ ബില്ല് നല്‍കുന്നത് നീതീകരിക്കാനാവുന്ന കാര്യമല്ലെന്നും കോടതി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് സര്‍കാര്‍ കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിജപ്പെടുത്തിക്കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുള്ളതായി വ്യക്തമാക്കി. രജിസ്‌ട്രേഷന്‍, കിടക്ക, നഴ്‌സിങ് ചാര്‍ജ് തുടങ്ങിയവ ഉള്‍പെടെ 2645 രൂപ മാത്രമേ ജനറല്‍ വാര്‍ഡുകളില്‍ ഈടാക്കാവൂ എന്നാണ് വിജ്ഞാപനം. സര്‍കാര്‍ ഇത്തരമൊരു വിജ്ഞാപനം ഇറക്കിയതിനെ കോടതി പ്രശംസിച്ചു. ഇത് സ്വാഗതാര്‍ഹമാണെന്നും കോടതി പറഞ്ഞു.
ജനറല്‍ വാര്‍ഡില്‍ രണ്ട് പിപിഇ കിറ്റ് മാത്രമേ ഒരു രോഗിക്ക് ഉപയോഗിക്കാവൂ എന്നും ഐസിയുവില്‍ ആണെങ്കില്‍ അഞ്ച് പിപിഇ കിറ്റുകള്‍ വരെ ആകാമെന്നും സര്‍കാരിന്റെ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ പരമാവധി വില്‍പന വിലയില്‍ കൂടുതല്‍ നിരക്ക് ഈടാക്കാന്‍ പാടില്ലെന്നും വിജ്ഞാപനത്തിലുണ്ട്. സിടി സ്‌കാന്‍ അടക്കമുള്ള പരിശോധനകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാം.
ഏതെങ്കിലും കാരണവശാല്‍ അധിക നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാല്‍ ഡിഎംഒ അടക്കമുള്ള ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കാം. നേരിട്ടോ ഇ-മെയില്‍ വഴിയോ പരാതി നല്‍കാം. അമിതമായി ഈടാക്കിയതിന്റെ പത്തിരട്ടി പിഴയായി ആശുപത്രിയില്‍ നിന്ന് ഈടാക്കും എന്നാണ് സര്‍കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, സര്‍കാര്‍ നിശ്ചയിച്ച നിരക്കില്‍ കോവിഡ് ചികിത്സ സാധിക്കില്ലെന്ന് സ്വകാര്യ ആശുപത്രികള്‍ കോടതിയില്‍ വ്യക്തമാക്കി. സിടി സ്‌കാന്‍ അടക്കമുള്ളവയക്ക് 4000-5000 രൂപയാകും. മൂന്ന് ഷിഫ്റ്റ് ആയാണ് നഴ്‌സുമാര്‍ ജോലിചെയ്യുന്നത്. എട്ട് മണിക്കൂറില്‍ കൂടുതല്‍ ഒരു പിപിഇ കിറ്റ് ധരിക്കാന്‍ സാധിക്കില്ല. സ്വകാര്യ ആശുപത്രികളുടെ ഭാഗത്തുനിന്നുള്ള ഇത്തരം കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുവേണം വിധി പറയാനെന്നും അവര്‍ കോടതിയെ അറിയിച്ചു. വിജ്ഞാപനത്തില്‍ ഇളവ് വേണമെന്നും ആശുപത്രികള്‍ ആവശ്യപ്പെട്ടു.
Keywords: Excessive rate, High court slams private hospitals again, Kochi, News, Hospital, Treatment, High Court of Kerala, Criticism, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.