Allergy Reasons | വീട്ടിനുള്ളില്‍ നിന്നും അലര്‍ജി ഉണ്ടാകാനുള്ള കാരണങ്ങളും പരിഹാരങ്ങളും ഇവയാണ്!
Jan 27, 2024, 12:18 IST
കൊച്ചി: (KVARTHA) അലര്‍ജി പലരുടേയും നിരന്തരമായ പ്രശ്‌നമാണ്. കുട്ടികളേയും മുതിര്‍ന്നവരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് അലര്‍ജി. വീട്ടില്‍ നിന്നും പുറത്തുപോയശേഷമാണ് പലര്‍ക്കും അലര്‍ജി ഉണ്ടാകാറുള്ളത്. പൊടിയുടേയും മറ്റുമാകാം എന്നാണ് പലരും കരുതുന്നത്. ഏകദേശം 20-30 ശതമാനം ആളുകള്‍ അലര്‍ജി കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ വീടിന് പുറത്ത് നിന്ന് മാത്രമല്ല വീട്ടിന് അകത്ത് നിന്നും അലര്‍ജി പിടിപെടാറുണ്ട്. എന്തുകൊണ്ടാണ് ഈ അലര്‍ജി ഉണ്ടാകുന്നത് എന്ന് അറിയാമോ? അത് കണ്ടെത്തി ചികിത്സ തേടേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു.
ബാഹ്യമായ പ്രേരക ഘടകങ്ങളോട് നമ്മുടെ ശരീരം അമിതമായി പ്രതികരിക്കുന്നതാണ് അലര്‍ജി. പ്രേരക ഘടകങ്ങള്‍ ആന്റിജന്‍ ആയി പ്രവര്‍ത്തിച്ച് നമ്മുടെ ശരീരത്തിലെ ആന്റിബോഡികളുമായി പ്രതികരിക്കുമ്പോഴാണ് അലര്‍ജി ഉണ്ടാകുന്നത്. വീടിന് അകത്ത് നിന്നുള്ള അലര്‍ജികള്‍ കണ്ടെത്തി അതിനുള്ള പരിഹാരം നമുക്ക് തന്നെ കണ്ടെത്താം.
എയര്‍ കണ്ടീഷണര്‍
അലര്‍ജികള്‍ക്ക് ഒരു പ്രധാന കാരണം എയര്‍ കണ്ടീഷനര്‍ ആണ്. മുറികള്‍ തണുപ്പോടെയും ഈര്‍പ്പമില്ലാതെയും സൂക്ഷിക്കാന്‍ ഇതിന് കഴിയും. എന്നാല്‍ കൃത്യമായ സമയത്ത് എസികള്‍ വൃത്തിയാക്കിയില്ലെങ്കില്‍ ഡക്ടുകളില്‍ പൊടിയടിയാന്‍ തുടങ്ങും. ഇത് ഫംഗസ് ഉണ്ടാകാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളില്‍ എസി വൃത്തിയാക്കേണ്ടതാണ്.
വളര്‍ത്ത് മൃഗങ്ങള്‍
വളര്‍ത്ത് മൃഗങ്ങളെ വീടിനുള്ളില്‍ വളര്‍ത്തുന്നത് ഇന്നത്തെ കാലത്ത് പുതുമയുള്ളതൊന്നുമല്ല. പട്ടികളെ വരെ കിടപ്പുമുറിയിലും സ്വീകരണ മുറിയിലും കൊണ്ടുവരുന്നു. എന്നാല്‍ ഇതുകൊണ്ട് ഉണ്ടാകുന്ന ഒരു പ്രത്യാഘാതമാണ് അലര്‍ജി. വളര്‍ത്ത് മൃഗങ്ങളുടെ രോമങ്ങള്‍, മൂത്രം, തുപ്പല്‍ എന്നിവയില്‍ നിന്നെല്ലാം അലര്‍ജി ഉണ്ടാകാം. അതുകൊണ്ട് തന്നെ ഇവയെ ഇടവേളകളില്‍ വൃത്തിയാക്കുകയും ദിവസവും വീട് വാക്വം ക്ലീന്‍ ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം. വളര്‍ത്ത് മൃഗങ്ങളുമായി അടുത്ത് ഇടപഴകിയാല്‍ കയ്യും കാലും കഴുകാനും മറക്കരുത്.
പുസ്തകങ്ങള്‍
വീട്ടിലെ ഷെല്‍വുകളില്‍ പുസ്തകം അടുക്കി വയ്ക്കുന്നത് കാണാന്‍ നല്ല ഭംഗിയുണ്ടാകും. എന്നാല്‍ ഇത് ഇടയ്ക്കിടെ പൊടി തട്ടി വൃത്തിയാക്കിയിടണം. മാത്രമല്ല, ഈര്‍പ്പം തട്ടാതെ നോക്കുകയും വേണം. പൊടിയില്‍ നിന്ന് വളരുന്ന സൂക്ഷ്മ ജീവികള്‍, ഫംഗസുകള്‍ തുടങ്ങിയവ പുസ്തകങ്ങളില്‍ ധാരാളം ഉണ്ടാകാറുണ്ട്. ഇവ അലര്‍ജിക്ക് കാരണമാകുന്നു.
പരവതാനികള്‍
വീടിന് അകത്തുള്ള പരവതാനികളിലെ പൊടികളും അലര്‍ജിക്ക് കാരണമാകുന്നു. പൊടിയില്‍ നിന്ന് അലര്‍ജി ഉണ്ടാക്കുന്ന തരത്തിലുള്ള ചെറു ജീവികളും സൂക്ഷ്മാണുക്കളും വളരുവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ വാക്വം ക്ലീനര്‍ ഉപയോഗിച്ച് പരവതാനി എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ മറക്കരുത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.