EP Jayarajan | ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിനെ ജനങ്ങള്‍ക്കിടയില്‍ കാത്തുസൂക്ഷിച്ച നേതാവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍

 


കണ്ണൂര്‍: (www.kvartha.com) കമ്യൂണിസ്റ്റ് നേതാക്കളെ പോലെ ജനങ്ങള്‍ക്കിടയില്‍ ജീവിച്ച കോണ്‍ഗ്രസ് നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചിച്ചുകൊണ്ടു പാപ്പിനിശേരിയിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെ ജനങ്ങള്‍ക്കിടയില്‍ കാത്തുസൂക്ഷിച്ച മാതൃകാ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിലൂടെയായിരുന്നു കോണ്‍ഗ്രസ് ജനങ്ങള്‍ക്കിടയില്‍ പിടിച്ചുനിന്നത്.
       
EP Jayarajan | ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിനെ ജനങ്ങള്‍ക്കിടയില്‍ കാത്തുസൂക്ഷിച്ച നേതാവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍

53 വര്‍ഷം ഒരേമണ്ഡലത്തില്‍ നിന്നും ജയിക്കുകയെന്നത് കേരളത്തില്‍ മാത്രമല്ല രാജ്യത്തു തന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച ജനകീയ അംഗീകാരത്തിന്റെ തെളിവാണത്. വികസനോന്മുഖമായ കേരളത്തെ സ്വപ്നം കാണുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തയാളാണ് ഉമ്മന്‍ചാണ്ടി. ഉന്നത ദേശീയനേതാവായിരിക്കുമ്പോഴും കേരളത്തിന്റെ വികസനത്തെ കുറിച്ചാണ് അദ്ദേഹം ചിന്തിച്ചത്. ഉമ്മന്‍ചാണ്ടിയുടെ വിയോഗം കേരളത്തിന്റെ വളര്‍ചയ്ക്കു തന്നെ പ്രതികൂലമായിരിക്കുകയാണ്. രോഗബാധിതനായിരിക്കുമ്പോഴും കേരളത്തിന്റെ കാര്യങ്ങളില്‍ അദ്ദേഹം താല്‍പര്യം വെച്ചു പുലര്‍ത്തിയിരുന്നു.

രാഷ്ട്രീയത്തിനപ്പുറം രാജ്യനന്മയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുകയും വികസനകാര്യങ്ങളല്‍ പിന്‍തുണയും ഉമ്മന്‍ചാണ്ടിനല്‍കിയിട്ടുണ്ട്. ഈ നിലപാട് സ്വന്തം പാര്‍ടിക്കുളളില്‍ എതിര്‍പ്പുണ്ടാക്കിയപ്പോഴും അദ്ദേഹം പിന്‍മാറിയില്ല. ദീര്‍ഘകാലത്തെ വ്യക്തിബന്ധം താനും ഉമ്മന്‍ചാണ്ടിയുമായുണ്ടെന്ന് ഇ പി ജയരാജന്‍ അനുസ്മരിച്ചു. 1977 ല്‍ കെ എസ് വൈ എഫ് ഭാരവാഹിയായിരുന്ന കാലത്ത് തൊഴിലില്ലായ്മ വേതനം നല്‍കണമെന്ന് അന്നത്തെ സര്‍കാരിനോട് ഞങ്ങള്‍ ആവശ്യപ്പെട്ടു. അന്നത്തെ തൊഴില്‍ മന്ത്രിയായ ഉമ്മന്‍ചാണ്ടി ഇക്കാര്യം ചര്‍ച ചെയ്യുന്നതിനായി കണ്ണൂര്‍ ടൗണ്‍ ഹോളില്‍ ഒരു കൂടിയാലോചന യോഗം വിളിച്ചു. തൊഴില്‍രഹിതര്‍ക്ക് തെഴിലില്ലായ്മ വേതനം നല്‍കണമെന്ന് ഞാനടക്കമുളള യുവജന സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.

ഞങ്ങള്‍ പറയുന്നതെല്ലാം നിശബ്ദനായി ശ്രദ്ധയോടെ കേള്‍ക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. അതിനു ശേഷം യോഗം കഴിഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടി എന്നെ സ്വകാര്യമായി വിളിച്ചു പറഞ്ഞു. നിങ്ങള്‍ പറയുന്നതിനോടെല്ലാം എനിക്കും യോജിപ്പുണ്ട്. പക്ഷെ ഇതു നല്‍കണമെങ്കില്‍ സര്‍കാരിന്റെ സാമ്പത്തിക നിലഭദ്രമല്ലെന്ന്. പണമുണ്ടാക്കാന്‍ നോക്കുന്നുണ്ടെന്നും ലഭിച്ചുകഴിഞ്ഞാല്‍ ഇക്കാര്യം പരിഗണിക്കുമെന്ന ഉറപ്പുനല്‍കിയാണ് അദ്ദേഹം പറഞ്ഞുവിട്ടത്. നിയമസഭാ സാമാജികനായ കാലത്തും മന്ത്രിയായിരിക്കുമ്പോഴും നല്ലബന്ധമായിരുന്നു സൂക്ഷിച്ചിരുന്നത്. കെ കരുണാകരന്‍, എ കെ ആന്റണി, ഉമ്മന്‍ചാണ്ടി എന്നിവര്‍ മുഖ്യമന്ത്രിമാരായി ഇരിക്കുന്ന കാലയളവില്‍ പലകാര്യങ്ങളിലും ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിശാല ഹൃദയത്തോടെ നമ്മള്‍ പറയുന്ന ഓരോ കാര്യങ്ങളെ കുറിച്ചും ശ്രദ്ധിക്കാനും പഠിക്കാനും തയ്യാറായ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

താന്‍ വ്യവസായ മന്ത്രിയായിരുന്ന കാലത്ത് കോട്ടയത്തെ ചില വ്യവസായ സ്ഥാപനങ്ങളുടെ ഐഎന്‍ടിയുസി ഭാരവാഹിയായിരുന്നു ഉമ്മന്‍ചാണ്ടി. ഇത്തരം സ്ഥാപനങ്ങളില്‍ തൊഴില്‍പ്രശ്നങ്ങള്‍ വരുമ്പോള്‍ അദ്ദേഹം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തെ നേരില്‍ പോയി കണ്ടു പരിഹരിക്കാന്‍ കഴിയുന്നവ ചര്‍ച ചെയ്തു പരിഹരിച്ചിരുന്നുവെന്നും ഇപി ജയരാജന്‍ പറഞ്ഞു. ഭരണപക്ഷത്തിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും അദ്ദേഹത്തെ ഞങ്ങള്‍ വിമര്‍ശിച്ചിരുന്നു. രാഷ്ട്രീയപരമായിവിമര്‍ശനമായാണ് ഉമ്മന്‍ചാണ്ടി അതിനെ കണ്ടിരുന്നത്.

ഒരിക്കലും വ്യക്തിപരമായി അതിനെയെടുക്കുകയോ പിന്നെ കാണുമ്പോള്‍ പരിഭവം പറയുകയോ പ്രതിഷേധാത്മകമായി പ്രതികരിക്കുകയോ അദ്ദേഹം ചെയ്തിട്ടില്ല. 60 വര്‍ഷക്കാലത്തെ സുദീര്‍ഘമായ ബന്ധം അദ്ദേഹവുമായുണ്ട്. കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് മാതൃകയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതമെന്നും അദ്ദേഹത്തിന്റെ വിയോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും എല്‍ഡിഎഫിനു വേണ്ടി അനുശോചനമറിയിക്കുന്നുവെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Keywords: Oommen Chandy, EP Jayarajan, Politics, Obituary, Kerala News, Kannur News, Congress, CPIM, EP Jayarajan's condolence on death of Oommen Chandy.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia