Controversy | ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പൊലീസ്; രവി ഡിസിയുടെ മൊഴി രേഖപ്പെടുത്തും
● ഇക്കാര്യത്തില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നതായും ഇപി.
● ഇതിന്റെ ഭാഗമായി രവി ഡിസിയുടെ മൊഴി രേഖപ്പെടുത്തും.
● പിഡിഎഫ് ചോര്‍ന്നതിനേ കുറിച്ചും പൊലീസ് അന്വേഷണം നടത്തും.
● മാധ്യമ പ്രവര്‍ത്തകരില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം.
കൊച്ചി: (KVARTHA) ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ വിശദമായ അന്വേഷണം നടത്താനൊരുങ്ങി പൊലീസ്. ഇതിന്റെ ഭാഗമായി രവി ഡിസിയുടെ മൊഴി രേഖപ്പെടുത്തും. ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇപി ജയരാജനും ഡിസി ബുക്സും തമ്മില്‍ കരാറുണ്ടോയെന്ന കാര്യവും പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനുള്ള കരാറിനെ സംബന്ധിച്ച് ഡിസി ബുക്സിലെ രണ്ട് ജീവനക്കാരുടെ മൊഴി ഇതിനോടകം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കരാറുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ തങ്ങള്‍ക്കറിയില്ലെന്നാണ് ജീവനക്കാര്‍ നല്‍കിയ വിവരമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ രവി ഡിസിയില്‍ നിന്ന് ഇതുസംബന്ധിച്ച കൂടുതല്‍ വിശദീകരണം തേടാനുള്ള നീക്കമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
പുസ്തകത്തിന്റെ 178 പേജുകളുടെ പിഡിഎഫ് പുറത്തുപോയത് ഏതുവിധത്തിലാണെന്നതാണ് ഇപി ജയരാജന്‍ മുന്നോട്ടുവെച്ചിരിക്കുന്ന പ്രധാന ചോദ്യം. ഇക്കാര്യത്തില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നതായും ഇപി ജയരാജന്‍ പ്രതികരിച്ചിരുന്നു. പിഡിഎഫ് ചോര്‍ന്നതിനേ കുറിച്ചും പൊലീസ് അന്വേഷണം നടത്തും. ഇക്കാര്യവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം. പിഡിഎഫ് ആര്‍ക്കൊക്കെ എവിടെ നിന്ന് ലഭിച്ചു എന്നുള്ള കാര്യമാണ് പ്രധാനമായും കണ്ടെത്താന്‍ ശ്രമിക്കുന്നത്.
ഇപി ജയരാജന്റെ മൊഴിയും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. മൊഴി നല്‍കാനായി ഇപി ജയരാജന്‍ കൂടുതല്‍ സമയം തേടിയിട്ടുണ്ട്. വിഷയത്തില്‍ ഒരു പ്രാഥമികാന്വേഷണമാണ് ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നടക്കുന്നത്. ആത്മകഥാ വിവാദത്തില്‍ ഇപി ജയരാജന്‍ ഡിജിപിക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്താന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് പരാതി കൈമാറിയിരിക്കുകയാണ്. തനിക്കെതിരെ ഗൂഢാലോചന നടത്തി, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് ഇപി ജയരാജന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
വിവാദത്തിനു പിന്നാലെ ഇപി ജയരാജന്‍ ഡിസി ബുക്സിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ആത്മകഥ ആര്‍ക്ക് പ്രസിദ്ധീകരണത്തിന് നല്‍കണമെന്ന ആലോചനയ്ക്കിടെ, സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനും തന്റെ കക്ഷിയെ തേജോവധം ചെയ്യാനും ഉദ്ദേശിച്ചാണ് ഡിസി ബുക്‌സ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നാണ് നോട്ടീസില്‍ പറയുന്നത്. ഡിസി ബുക്‌സ് പുറത്തുവിട്ട എല്ലാ പോസ്റ്റുകളും ആത്മകഥാഭാഗങ്ങളും പിന്‍വലിച്ച് നിര്‍വ്യാജം ഖേദപ്രകടനം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
#EPJayarajan #KeralaNews #DCBooks #Controversy #PoliceInvestigation #PDFLeak