EP Jayarajan | തനിക്ക് നേരെ ആരോപണം ഉയര്‍ന്നപ്പോള്‍ സ്ഥാനത്തുനിന്ന് മാറിനിന്നിട്ടുണ്ട്, സുധാകരനും ധാര്‍മിക നിലപാട് സ്വീകരിക്കട്ടെയെന്ന് ഇപി ജയരാജന്‍; ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ്

 


കണ്ണൂര്‍: (www.kvartha.com) കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നിലപാട് ജനങ്ങള്‍ വിലയിരുത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു തുടരണമോയെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനിക്കട്ടെയെന്നും ജയരാജന്‍ പറഞ്ഞു.

തനിക്കു നേരെ ആരോപണം ഉയര്‍ന്നപ്പോള്‍ സ്ഥാനത്തുനിന്ന് മാറിനിന്നിട്ടുണ്ട്. കെപിസിസി പ്രസിഡന്റും ധാര്‍മിക നിലപാട് സ്വീകരിക്കട്ടെയെന്ന് ജയരാജന്‍ വ്യക്തമാക്കി. ഈ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തു സംഭവിച്ച പിശക് എന്താണെന്നും അദ്ദേഹം ചോദിച്ചു. പൊലീസ് അന്വേഷണം നടത്തി കോടതിയില്‍ പോകട്ടെ. കോടതിയില്‍ നിരപരാധിത്വം തെളിയിക്കും എന്നല്ലേ സുധാകരന്‍ പറയുന്നത്, അത് തെളിയിക്കട്ടെ.

പൊലീസും സര്‍കാരും തെറ്റാണെന്ന് കോടതിയില്‍ തെളിഞ്ഞാല്‍ ആ സമയത്ത് നിങ്ങള്‍ക്ക് നിങ്ങളുടെ കാര്യങ്ങള്‍ പറയാം എന്നും ജയരാജന്‍ പറഞ്ഞു. എസ് എഫ് ഐയുമായി ബന്ധപ്പെട്ട വ്യാജരേഖാ, വ്യാജ സര്‍ടിഫികറ്റ് കേസുകളിലും ജയരാജന്‍ പ്രതികരിച്ചു.

ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നവരൊന്നും എസ് എഫ് ഐ നേതാക്കളല്ലെന്നാണ് ജയരാജന്റെ അഭിപ്രായം. വെറുതെ എസ് എഫ് ഐ നേതാവ്, എസ് എഫ് ഐ മുന്‍ നേതാവ് എന്നൊക്കെ പറഞ്ഞ് എസ് എഫ് ഐയെ കുറ്റപ്പെടുത്താന്‍ ശ്രമിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഇവര്‍ എപ്പോഴാണ് എസ് എഫ് ഐയുടെ നേതാക്കളായിരുന്നത് എന്നും ജയരാജന്‍ ചോദിച്ചു.

ഒരു കൗണ്‍സിലറായാല്‍ നേതാവാകുമോ, ഒരു യൂനിവേഴ്‌സിറ്റി സെക്രടറിയായിരുന്നാല്‍ നേതാവാകുമോ, ഇവരൊന്നും എസ് എഫ് ഐ നേതാക്കളല്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആരൊക്കെ മത്സരിക്കുന്നു. ഇവരെല്ലാം ആ പാര്‍ടിയുടെ നേതാവായിട്ടാണോ, തിരഞ്ഞെടുപ്പില്‍ പലരും മത്സരിക്കും. അതൊക്കെ ഓരോ സാഹചര്യങ്ങളാണ് എന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.

ഈ പറയുന്നവര്‍ എസ് എഫ് ഐ പ്രവര്‍ത്തകരായിട്ട് പഠിക്കുന്ന കാലത്ത് ഉണ്ടായിരുന്നിരിക്കാം. കുറ്റം കണ്ടെത്തിയപ്പോള്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലേ എന്നും ജയരാജന്‍ ചോദിച്ചു. എത്രമാത്രം ശരിയായ നിലപാടാണ് സര്‍കാര്‍ സ്വീകരിച്ചത്. ഇതിനോട് എന്തെങ്കിലും വിട്ടുവീഴ്ച ചെയ്‌തോ. ഏതെങ്കിലും കുറ്റവാളിയെ സഹായിക്കാന്‍ പോയോ.

ഒരു വിദ്യാര്‍ഥി തെറ്റ് ചെയ്തു. അവന്‍ പണ്ട് എസ് എഫ് ഐ ആയിരുന്നു. അതുകൊണ്ട് എസ് എഫ് ഐ മുഴുവന്‍ തെറ്റുകള്‍ക്ക് കൂട്ടുനില്‍ക്കുന്നവരാണ് എന്നു കരുതാമോ. ഇതെല്ലാം എന്തൊക്കെ അടിസ്ഥാനമില്ലാത്ത വാദഗതികളാണ് എന്നും ജയരാജന്‍ ചോദിച്ചു. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുള്ള സംഘടനയാണ് എസ് എഫ് ഐ. അതില്‍ ഒരാള്‍ തെറ്റ് ചെയ്താല്‍ സംഘടന മുഴുവന്‍ ഉത്തരവാദികളാണോ എന്നും ജയരാജന്‍ ചോദിച്ചു.

നിഖില്‍ തോമസുമായി ബന്ധപ്പെട്ട വിഷയത്തില്‍ എസ് എഫ് ഐ നേതൃത്വത്തിന് നിലപാട് തിരുത്തേണ്ടി വന്നത് വേണ്ടവിധം പഠിച്ച് കാര്യങ്ങള്‍ അവതരിപ്പിക്കാത്തതുകൊണ്ടാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

EP Jayarajan | തനിക്ക് നേരെ ആരോപണം ഉയര്‍ന്നപ്പോള്‍ സ്ഥാനത്തുനിന്ന് മാറിനിന്നിട്ടുണ്ട്, സുധാകരനും ധാര്‍മിക നിലപാട് സ്വീകരിക്കട്ടെയെന്ന് ഇപി ജയരാജന്‍; ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ്

ഏതു കാര്യത്തില്‍ പ്രതികരിക്കുമ്പോഴും, അത് വിദ്യാര്‍ഥി നേതാക്കളായാലും മറ്റുള്ളവരായാലും, അത് നന്നായി പഠിച്ചും ഗ്രഹിച്ചും അതിന് അനുസരിച്ചുള്ള നിലപാടാണ് സ്വീകരിക്കേണ്ടത്. ഈ വിഷയത്തില്‍ കാര്യങ്ങളൊന്നും മനസ്സിലാക്കാതെ മാധ്യമങ്ങളുടെ മുന്നില്‍ വന്ന് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇക്കാര്യത്തില്‍ നേതൃത്വം ശ്രദ്ധിക്കേണ്ടതാണ്. കാര്യങ്ങള്‍ മനസ്സിലാക്കി പഠിച്ച ശേഷം അവതരിപ്പിക്കണം എന്നും ജയരാജന്‍ പറഞ്ഞു.

Keywords:  EP Jayarajan About K Sudhakarn Issues, Kannur, News, Politics, Media, EP Jayarajan, Controversy, K Sudhakaran, KPCC Post, Congress, Fake Certificate, Kerala.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia