ആദിവാസികള്‍ക്ക് ജില്ലകള്‍ തോറും ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിക്കും

 


ആദിവാസികള്‍ക്ക് ജില്ലകള്‍ തോറും ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിക്കും
കല്‍പ്പറ്റ: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി ഇംഗഌഷ് മീഡിയം സ്‌കൂള്‍ തുടങ്ങുമെന്ന് പട്ടികവര്‍ഗ-യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി. വള്ളിയൂര്‍കാവില്‍ ഗോത്രായനം 2012ന്റെ ഭാഗമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ ഊരുമൂപ്പന്മാരുടെയും പട്ടിക വര്‍ഗ പ്രമോട്ടര്‍മാരുടെയും ആവശ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ആദിവാസി ഭൂമി കൈയേറിയവര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാലുടന്‍ അന്വഷണം നടത്തി നടപടിയെടുക്കും. സംസ്ഥാനത്തെ ആദിവാസി ഭൂപ്രശ്‌നത്തിന് അടുത്ത നാല് വര്‍ഷത്തിനകം പൂര്‍ണപരിഹാരമാകും. ആദിവാസികള്‍ക്കായി വയനാട്ടില്‍ ഭൂമി വിലയ്ക്കുവാങ്ങുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ജയലക്ഷ്മി പറഞ്ഞു.

സര്‍ക്കാര്‍ നല്‍കുന്ന ഭൂമിയില്‍ താമസിക്കാന്‍ ആദിവാസികള്‍ തയാറാകണം. വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം തുടങ്ങിയ മേഖലകളില്‍ ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കും. വയനാട് ഒഴികെയുള്ള ജില്ലകളിലെ ഉപയോഗത്തിന് എട്ട് ആംബുലന്‍സ് വാങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും പട്ടികവര്‍ഗക്കാര്‍ക്കായി പി.എസ്.സി. കോച്ചിംഗ് സെന്റര്‍ തുറക്കും. മുടങ്ങിക്കിടക്കുന്ന വീടുപണി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കും.

സംസ്ഥാനത്തെ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും അവരെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഉള്‍പ്പെടുന്ന തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കും. ഇത് ലഭിക്കുന്നതോടെ ആദിവാസികള്‍ക്ക് വില്ലേജ് ഓഫീസുകളില്‍നിന്ന് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിലുള്ള പ്രയാസം നീങ്ങൂം. പട്ടികവര്‍ഗ പ്രമോട്ടര്‍മാര്‍ക്കും തിരിച്ചറിയില്‍ കാര്‍ഡ് നല്‍കുംമന്ത്രി പറഞ്ഞു.

Keywords: Wayanad, Minister, School., Kerala




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia