Silicon Valley | 'എൻജിനീയർമാരുടെ സ്വപ്നഭൂമി', സിലിക്കൺവാലിയിലെ അതിശയിപ്പിക്കുന്ന അനുഭവങ്ങൾ പങ്കുവെച്ച് കെ ടി ജലീൽ
● അസ്മ എൻവിഡിയയിൽ എ ഐ എഞ്ചിനീയറും മരുമകൻ അജീഷ് ആപ്പിളിൽ സീനിയർ സോഫ്റ്റ്‌വെയർ എഞ്ചിനീയറുമാണ്.
● കാലിഫോർണിയയിലെ സാൻ്റാക്ലാര സിറ്റിയിലാണ് മകളുടെ താമസം.
● ഗൂഗിൾ, ആപ്പിൾ, ഫേസ്ബുക്ക്, ഇൻ്റൽ തുടങ്ങിയ ലോകോത്തര കമ്പനികളുടെ ആസ്ഥാനം സിലിക്കൺവാലിയിലാണ്
മലപ്പുറം: (KVARTHA) അമേരിക്കയിലെ സിലിക്കൺവാലി സന്ദർശിച്ച അനുഭവങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ച് മുൻ മന്ത്രിയും എംഎൽഎയുമായ കെ ടി ജലീൽ. മകൾ അസ്മയെയും കുടുംബത്തെയും സന്ദർശിക്കാനായാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. അസ്മ എൻവിഡിയയിൽ എ ഐ എഞ്ചിനീയറും മരുമകൻ അജീഷ് ആപ്പിളിൽ സീനിയർ സോഫ്റ്റ്‌വെയർ എഞ്ചിനീയറുമാണ്. പേരക്കുട്ടി ഇദ്രീസിനെ കാണാനും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനുമായിരുന്നു യാത്ര.
കാലിഫോർണിയയിലെ സാൻ്റാക്ലാര സിറ്റിയിലാണ് മകളുടെ താമസം. ലോക സാങ്കേതികവിദ്യയുടെ കേന്ദ്രമെന്ന് അറിയപ്പെടുന്ന സിലിക്കൺവാലിയുടെ വിശേഷങ്ങളും ജലീൽ പോസ്റ്റിൽ വിവരിക്കുന്നു. ഗൂഗിൾ, ആപ്പിൾ, ഫേസ്ബുക്ക്, ഇൻ്റൽ തുടങ്ങിയ ലോകോത്തര കമ്പനികളുടെ ആസ്ഥാനം സിലിക്കൺവാലിയിലാണ്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എൻജിനീയർമാരുടെ ഒരു സ്വപ്നഭൂമിയാണ് ഇവിടം. ഇന്ത്യയിലെ പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന പലരും ഇവിടെ ജോലി ചെയ്യുന്നു.
കോഴിക്കോട് നിന്ന് ദോഹ വഴിയുള്ള യാത്രയിൽ വിമാനത്തിലെ സൗകര്യങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നു. വിമാനയാത്രയിൽ മലയാള സിനിമകൾ കണ്ടതാണ് യാത്രാക്ഷീണം കുറച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാൻ്റാക്ലാരയിലെ ജീവിതത്തെക്കുറിച്ചും ജലീൽ വിവരിക്കുന്നു. പ്രഭാത സവാളിക്കിടെ കണ്ട മനോഹരമായ പൂന്തോട്ടങ്ങളും വൃത്തിയുള്ള ചുറ്റുപാടുകളും ആകർഷിച്ചതായി ജലീൽ വ്യക്തമാക്കി. എത്യോപ്യൻ റെസ്റ്റോറന്റിൽ നിന്നുള്ള ഉച്ചഭക്ഷണത്തിന്റെ അനുഭവവും അദ്ദേഹം പങ്കുവെക്കുന്നു.
വലിയൊരു പാത്രത്തിൽ വിവിധ വിഭവങ്ങൾ വിളമ്പുന്ന എത്യോപ്യൻ രീതി കേരളത്തിലെ പഴയകാല രീതികളെ ഓർമ്മിപ്പിച്ചു. ബാൺസ് & നോബിൾസ് എന്ന വലിയ പുസ്തകശാല സന്ദർശിച്ചതും പുസ്തകങ്ങളുടെ വലിയ ശേഖരം കണ്ടതും ജലീൽ അത്ഭുതത്തോടെ വിവരിക്കുന്നു. ഇ-ബുക്കുകൾ പ്രചാരത്തിലുണ്ടെങ്കിലും പുസ്തകശാലയിൽ അനുഭവപ്പെട്ട തിരക്ക് വായന മരിക്കുന്നില്ലെന്ന സത്യം വിളിച്ചോതുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:
ഇദ്രീസിനെ കാണാൻ സിലിക്കൺവാലിയിൽ!
അമേരിക്കയിലേക്കുള്ള എൻ്റെ മൂന്നാം യാത്രയാണിത്. മകൾ അസ്മയും മരുമകൻ അജീഷും സിലിക്കൺവാലിയിലാണ് ജോലി ചെയ്യുന്നത്. അസ്മ 'NVIDIA' യയിൽ എ.ഐ എഞ്ചിനീയറാണ്. അജീഷ് 'ആപ്പിളി'ൽ സീനിയർ സോഫ്റ്റ് വെയർ എഞ്ചിനീയറും. മൂത്തമകൻ അസ്ലാന് അഞ്ച് വയസ്സായപ്പോഴാണ് അവർക്കിടയിലേക്ക് ഒരു പുതിയ അംഗം കടന്നുവരുന്നത്. അവർ അവന് 'ഇദ്രീസ്' എന്നു പേരിട്ടു. നല്ലപാതി ഫാത്തിമക്കുട്ടി ടീച്ചർ പ്രസവത്തിന് മുമ്പുതന്നെ അസ്മയുടെ അടുത്തെത്തിയിരുന്നു. കുട്ടിയുടെ ജനനം കഴിഞ്ഞ് രണ്ടര മാസം പിന്നിട്ടപ്പോൾ 'നവാഗതനെ' കാണാൻ ഞാനും വന്നുചേർന്നു. ഇരുപത് ദിവസത്തെ അമേരിക്കൻ വാസത്തിനു ശേഷം ഞങ്ങൾ തിരിച്ചു പോകും. കുടുംബവുമായും നാടുമായുമുള്ള ആത്മബന്ധം അറ്റുപോകാതിരിക്കാൻ അജീഷും അസ്മയും ആറുമാസം കഴിഞ്ഞാൽ നാട്ടിലെത്തും. അമേരിക്കയിലെ കാലിഫോർണിയ സ്റ്റേറ്റിൽ സാൻ്റാക്ലാര സിറ്റിയിലാണ് അവരുടെ താമസം. അസ്ലാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു.
സർക്കാർ സ്കൂളുകൾ കാലിഫോർണിയയിൽ യഥേഷ്ടമുണ്ട്. സ്വകാര്യ സ്കൂളുകളും ധാരാളമുണ്ട്. പബ്ലിക്ക് സ്‌കൂളുകളിൽ ഫീസില്ല.
ലോക സാങ്കേതിക വിദ്യയുടെ 'മെക്ക' എന്നാണ് സാൻ്റാക്ലാര പട്ടണം ഉൾപ്പെടുന്ന 'സിലിക്കൺവാലി' അറിയപ്പെടുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ അഭിവാജ്യഘടകമായ ചിപ്പുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന 'സിലിക്കൺ' എന്ന മൂലകം ധാരാളമുള്ള താഴ് വരകൾ നിറഞ്ഞ നഗരമാണ് സാൻ്റാക്ലാരയും സമീപ പട്ടണങ്ങളും. അതുകൊണ്ടാണ് ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ ലോക ഹബ്ബായി സിലിക്കൺ വാലി മാറിയത്. സാൻഫ്രാൻസിസ്കോയിലെ ബെൽമോണ്ട് മുതൽ സാൻഹോസെ വരെ നീണ്ടു കിടക്കുന്ന പ്രദേശമാണ് സിലിക്കൺവാലി. ഗൂഗിൾ, ആപ്പിൾ, ഫേസ്ബുക്ക്, ഇൻ്റൽ, എക്സ് (ട്വിറ്റർ), എൻവിഡിയ, ഊബർ, നെറ്റ്ഫ്ലിക്സ്, എയർ ബിഎൻബി, ലിങ്ക്ഡ്-ഇൻ, ടെസ്ല, ഓപ്പൺ എ.ഐ, യാഹു, യുട്യൂബ്, വിക്കിപീഡിയ, ഇൻസ്റ്റഗ്രാം, വാട്സ്അപ്പ്, പിക്സാർ, മാർവെൽ, സർവീസ്നൗ തുടങ്ങി നൂറുകണക്കിന് ലോകോത്തര സാങ്കേതിക ഭീമൻമാരുടെ ആസ്ഥാനങ്ങൾ സ്ഥിതിചെയ്യുന്നത് സിലിക്കൺ താഴ് വരയിലാണ്. ലോക ബൗദ്ധിക ഭൂപടത്തിൽ കാലിഫോർണിയ സ്റ്റേറ്റിൻ്റെ സ്ഥാനം വളരെ ഉയരത്തിലാണ്. അമേരിക്കയിലെ ജനാധിപത്യവാദികളുടെ സിരാകേന്ദ്രമെന്ന ഖ്യാതിയും കാലിഫോർണിയക്കുണ്ട്.
ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നുള്ള എണ്ണംപറഞ്ഞ എഞ്ചിനീയർമാരുടെ സ്വപ്നഭൂമി കൂടിയാണ് സാൻഫ്രാൻസിസ്കൊ. ഇന്ത്യയിലെ ഐ.ഐ.ടി, ഐ.ഐ.എം, എൻ.ഐ.ടി മുതലായ മികച്ച സാങ്കേതിക-മാനേജ്മെൻ്റ് സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്നവരിൽ നല്ലൊരു ശതമാനവും പ്ലേസ്മെൻ്റുകളിലൂടെ എത്തിപ്പെടുന്ന സ്ഥലമെന്ന പ്രത്യേകതയും സിലിക്കൺവാലിക്കുണ്ട്. തണുപ്പും മഴയും വെയിലും എല്ലാം ഇവിടെ മാറിമാറി വരും. ലോകപ്രശസ്ത ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളായ സ്റ്റാൻസ്ഫോർഡ് യൂണിവേഴ്സിറ്റിയും കാലിഫോർണിയ സർവകലാശാലയും ഡെമോക്രാറ്റുകളുടെ പറുദീസയിലാണ് നിലകൊള്ളുന്നത്. 2026-ലെ ലോകകപ്പ് ഫുട്ബോളിൻ്റെ ഗ്രൂപ്പുതല മൽസരങ്ങൾ നടക്കുന്ന ലോസ് ഏഞ്ചൽസും സാൻ്റൊക്ലാര സ്റ്റേഡിയവും കാലിഫോർണിയ സ്റ്റേറ്റിലാണ്. സാൻഫ്രാൻസിസ്കോ നഗരത്തിൽ 45.9 ശതമാനവും ഏഷ്യക്കാരാണ്. വെള്ളക്കാർ: 36.4 ശതമാനവും, ആഫ്രിക്കൻ അമേരിക്കക്കാർ: 2.7 ശതമാനവും, സ്പാനിഷ് ഭാഷ സംസാരിക്കുന്നവർ: 15.8 ശതമാനവും, മറ്റുള്ളവർ 8 ശതമാനവുമാണ്. ഏഷ്യക്കാരിൽ ഭൂരിഭാഗം ചൈനക്കാരാണ്. 1850-മുതലേ ചൈനക്കാർ ഖനിതൊഴിലാളികളായി ഇവിടെ എത്തിയിരുന്നു. 'ചിനോഫോബിയ'യെ തുടർന്ന് 1882-ൽ അമേരിക്ക പുതിയ നിയമം കൊണ്ടുവന്ന് അവരുടെ വരവിന് തടയിട്ടു. എന്നാൽ ചൈനക്കാരുടെ സാങ്കേതിക മികവിന് നേർക്ക് അമേരിക്ക വാതിലുകൾ കൊട്ടിയടച്ചില്ല. അറിവിനെയും വൈദഗ്ധ്യത്തെയും ദേശ-ഭാഷാ-മത വ്യത്യാസങ്ങൾക്ക് അതീതമായി ഉൾകൊള്ളാൻ അമേരിക്ക കാണിച്ച പ്രായോഗിക നീക്കമാണ് അവരെ ശാസ്ത്ര-സാങ്കേതിക പുരോഗതിയുടെ നൂതന ലോകം സ്വന്തമാക്കാൻ പ്രാപ്തമാക്കിയത്. ഇന്ത്യ പരാജയപ്പെടുന്നത് അവിടെയാണ്. കഴിവിനും പ്രാപ്തിക്കുമപ്പുറത്ത് പേരും വേഷവും മുന്തിയ പരിഗണന നേടുന്ന ഒരു രാജ്യത്തിനും പിടിച്ചുനിൽക്കാനാവില്ല.
ഖത്തർ എയർവെയ്സിലായിരുന്നു യാത്ര. കോഴിക്കോട്ടു നിന്ന് ഡിസംബർ 20-നു പുലർച്ചെ 3.30-ന് വിമാനം പറന്നുയർന്നു. ടേക്ക് ഓഫിന് പോലും നിൽക്കാതെ ഞാൻ ഉറക്കത്തിലേക്ക് വഴുതിവീണു. ഭക്ഷണത്തിനായി ഉണർത്തേണ്ടതില്ലെന്ന് നേരത്തെ തന്നെ എയർഹോസ്റ്റസിനോട് പറഞ്ഞിരുന്നതിനാൽ ഉറക്കത്തിന് യാതൊരു ഭംഗവും വന്നില്ല. ദോഹയിൽ വിമാനമിറങ്ങുന്നതിന് തൊട്ടുമുമ്പുള്ള അനൗൺസ്മെൻ്റ് കേട്ടപ്പോഴാണ് പതുക്കെ ഉണർന്നത്. പക്ഷെ, വീണ്ടും കൺപോളകൾ താനെ അടഞ്ഞു. വിമാനത്തിൻ്റെ ടയറുകൾ റൺവെയിൽ തട്ടി കുലുങ്ങിയപ്പോഴാണ് ഉറക്കം വിട്ടകന്നത്. ലോകകപ്പ് ഫുട്ബോളിന് ഖത്തർ സാക്ഷ്യം വഹിച്ചപ്പോൾ പതിനായിരങ്ങൾ ലോകത്തിൻ്റെ മുക്കുമൂലകളിൽ നിന്ന് ഒഴുകിയെത്തിയ എയർപോർട്ടിൻ്റെ വ്യാപ്തിയും സൗന്ദര്യവും എടുത്തുപറയേണ്ടതാണ്. വിവിധ നിറങ്ങളുള്ള മഴവിൽ പ്രകാശങ്ങളുടെ പൊലിമയിൽ വിമാനത്താവളം ലങ്കിമറിഞ്ഞു. ദോഹയിൽ രണ്ട് മണിക്കൂർ സമയമുണ്ട്. പ്രഭാതകർമ്മങ്ങളെല്ലാം പെട്ടന്ന് കഴിച്ചു. രാവിലെ 7 മണിക്ക് സാൻഫ്രാൻസിസ്കോയിലേക്കുള്ള ബോർഡിംഗ് തുടങ്ങി. ഭീമൻ യന്ത്രപ്പക്ഷി കൃത്യം 8.30 ന് പതുക്കെ അനങ്ങി. പിന്നെ റൺവെയിലൂടെ മുന്നോട്ട്. ഒരലർച്ചയോടെ വിമാനം കുതിച്ചു. ഭൂമിയിൽ നിന്ന് വായുവിനെ ഭേദിച്ച് ചിറകുകൾ വിടർത്തി യന്ത്രക്കഴുകൻ അകാശത്തിൻ്റെ നീലിമയെ ലക്ഷ്യമാക്കി അതിവേഗം ഉയരത്തിലേക്ക് പൊങ്ങി. വെള്ളപ്പഞ്ഞിക്കെട്ടുകൾ പോലുള്ള മേഘപാളികളെ കീറിമുറിച്ച് ഖത്തർ എയർവെയ്സ് ആകാശം മുട്ടുമെന്ന് തോന്നുമാറ് ഉച്ചിയിലെത്തി . മുപ്പത്തിരണ്ടായിരം അടി ഉയർന്നപ്പോൾ കുത്തനെയുള്ള പറക്കൽ നേർരേഖയിലായി. അന്താരാഷ്ട്ര തലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയ വിമാനക്കമ്പനിയാണ് ഖത്തർ എയർവെയ്സ്. അതു വെറുതെയല്ലെന്ന് അനുഭവിച്ചറിയാനായ നീണ്ട മണിക്കൂറുകളുടെ യാത്ര.
വായിക്കാൻ കയ്യിൽ കരുതിയിരുന്ന പുസ്തകം മറിച്ചു. രണ്ടുമൂന്നു പേജുകൾ പിന്നിട്ടപ്പോഴേക്ക് കണ്ണുകളെ ആലസ്യം പിടികൂടാൻ തുടങ്ങി. അതിൽ നിന്നു മുക്തി നേടാൻ സീറ്റിനു മുന്നിലെ ടച്ച് സ്ക്രീനിൽ വിരലുകൾ വെച്ചു. മൂവീസിൽ പരതി നോക്കി. 'അതർ ലാൻഗ്വേജസ്' എന്ന ടൈറ്റലിൽ പോയി സർച്ച് ചെയ്തപ്പോൾ മലയാളം എന്നു കണ്ടു. അതിൽ തൊട്ടപ്പോൾ അതാ വരുന്നു 13 മലയാള സിനിമകൾ. ചിലതെല്ലാം നേരത്തെ കണ്ടിരുന്നു. കാണാൻ കഴിയാതെ പോയ 'ഫിലിപ്സ്, തുണ്ട്, ആൻ്റെണി, ഓ മേരി ലൈല', എന്നീ 4 ഫിലിമുകൾ 16 മണിക്കൂർ നീണ്ട വിമാന സഞ്ചാരത്തിൽ കണ്ടു. ഏതാണ്ട് എട്ട് മണിക്കൂർ അങ്ങിനെ പോയി. വിവിധ സമയങ്ങളിലായി ഭക്ഷണം കഴിക്കാനും ടോയ്ലറ്റിൽ പോകാനും അരമണിക്കൂർ. രണ്ട് നേരങ്ങളിലായി ഉറങ്ങാൻ 6 മണിക്കൂർ. യാത്രകളിൽ ആകാശയാത്രയാണ് ഏറ്റവും സുഖകരമെന്നാണ് വലിയൊരു ശതമാനം ആളുകളും കരുതുന്നത്. മൂന്നോ നാലോ മണിക്കൂർ വിമാനയാത്ര ആസ്വാദ്യമാണ്. പിന്നെയുള്ള ഓരോ മണിക്കൂറും മടുപ്പിച്ച് കൊല്ലും. ഗൾഫ് യാത്ര തരക്കേടില്ല. അഞ്ചുമണിക്കൂറും വിട്ടുള്ള ആകാശ സഞ്ചാരം അറുബോറാണ്. മണിക്കൂറുകൾ നീണ്ട പറക്കലിന് വിരാമമാവുകയാണെന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഭൂമിയും ആകാശവും തമ്മിലുള്ള ദൂരം കുറഞ്ഞു വന്നു. കീഴ്പോട്ട് നോക്കിയപ്പോൾ കുന്നുകളും നദികളും റോഡുകളും വ്യക്തമായി കണ്ടു. പച്ചക്കുന്നുകൾ വലയം ചെയ്ത പ്രവിശാലമായ സമുദ്രതീരത്ത് നിരവധി പുഴകൾക്കും അരുവികൾക്കും ചതുപ്പു നിലങ്ങൾക്കും മധ്യയുള്ള സ്ഥലത്ത് തീർത്ത എയർപോർട്ടിൽ ഓട്ടമവസാനിപ്പിച്ച മൽസരാർത്ഥി കണക്കെ വിമാനം കിതച്ചെത്തി.
എമിഗ്രേഷൻ കഴിഞ്ഞ് ലഗേജുകൾ എടുത്ത് പുറത്തുവന്നപ്പോൾ മരുമകൻ അജീഷ് പുറത്ത് കാത്ത് നിൽപ്പുണ്ട്. കാറിൽ കയറി നേരെ സാൻ്റാക്ലാരയിലേക്ക്. വീട്ടിലെത്തിയ ഉടനെ നന്നായൊന്നു കുളിച്ചു. അതോടെ ഉറക്കച്ചടവ് എങ്ങോ പൊയ്മറഞ്ഞു. ഇദ്രീസുമൊത്ത് കുറേ സമയം ചെലവഴിച്ചു. അവൻ മോണ കാട്ടി ചിരിച്ചു. അവനെ തൊട്ടും തലോടിയും സമയം പോയതറിഞ്ഞില്ല. അന്നുരാത്രി നന്നായി ഉറങ്ങി. അതിരാവിലെ എഴുന്നേറ്റു. സഹധർമ്മിണിയുമൊത്ത് ലോറി അവന്യു സ്ട്രീറ്റിലൂടെ ഒരു പ്രഭാത നടത്തം. ഒറ്റനില വീടുകളാണ് ഈ തെരുവിൽ അധികവും. എല്ലാ വീടുകൾക്കു മുന്നിലും നല്ല പൂന്തോട്ടങ്ങൾ. നാരങ്ങകൾ നിറഞ്ഞ് നിൽക്കുന്ന നാരങ്ങാ മരങ്ങൾ. പൂക്കൾ നിറഞ്ഞ ചെടികൾ. എവിടെ നോക്കിയാലും തികഞ്ഞ ശാന്തത. വൃത്തി ജീവിത ചര്യയാക്കിയവരാണ് എല്ലാവരുമെന്ന് ചുറ്റുപാടുകൾ സാക്ഷ്യപ്പെടുത്തും.
ഉച്ചഭക്ഷണത്തിന് എത്യോപ്യൻ റസ്റ്റോറൻ്റാണ് മകൾ അസ്മ തെരഞ്ഞെടുത്തത്. ഭക്ഷണ പ്രിയനല്ലാത്ത മരുമകൻ കൊച്ചുവും (അജീഷ് ) അസ്മയോട് യോജിച്ചു. ചെന്നപ്പോൾ നല്ല തിരക്ക്. കോഴിക്കോട്ടെ 'അമ്മ' ഹോട്ടലിൽ ചെന്ന പ്രതീതി. എവിടെയായാലും ഹോട്ടൽ തെരഞ്ഞെടുക്കുമ്പോൾ തിരക്കുള്ളത് നോക്കി തെരഞ്ഞെടുക്കണം. ആളില്ലാത്ത ഹോട്ടലിൽ ഭക്ഷണം നന്നാവില്ല. അറേബ്യൻ സ്റ്റൈലിലാണ് വിഭവങ്ങൾ വിളമ്പി തീൻമേശയിൽ എത്തുന്നത്. യൂറോപ്യൻസും അമേരിക്കക്കാരുമൊക്കെ ഭുജിക്കാനെത്തിയവരിലുണ്ട്. ഞങ്ങൾ ആറുപേർക്ക് ഉച്ചഭക്ഷണം ഓർഡർ ചെയ്തു. വിവിധ തരത്തിലുള്ള ഭക്ഷണം, വലിയ സ്റ്റീൽ തളികയിൽ വിളമ്പിക്കൊണ്ടുവന്നു. തളികയുടെ മധ്യത്തിൽ എത്യോപ്യയിൽ വ്യാപകമായി കാണുന്ന 'ടെഫ്' (Teff) ധാന്യം പൊടിച്ചുണ്ടാക്കിയ ദോശ തളികയോളം വട്ടത്തിൽ വിരിച്ചിട്ടുണ്ട്. വ്യത്യസ്ത വിഭവങ്ങൾ ചേർത്ത് മേശക്കു ചുറ്റുമിരുന്ന് ഒരേ പാത്രത്തിൽ നിന്ന് കൈകൊണ്ട് എല്ലാവരും ഭക്ഷണം കഴിക്കുന്നത് കാണാൻ നല്ല ചന്തം. പണ്ട് നമ്മുടെ നാട്ടിലും ഈ രീതിയാണ് നിലനിന്നിരുന്നത്. ചെറുപ്പത്തിൽ ഒരു പെരുന്നാളിന് ഞാൻ സുലൈഖ എളീമയുടെ (ചെറിയമ്മ) വീട്ടിലായിരുന്നു. അന്ന് അവിടെ എല്ലാവരും പായ വിരിച്ച് ചുറ്റുമിരുന്നു. വട്ടത്തിൽ വാഴയില പരത്തി. ചോറ്റിൻ പാത്രം അതിൽ കൊണ്ടുവന്ന് ചൊരിഞ്ഞു. കറിപ്പാത്രവുമായി ഉമ്മറത്തേക്കു വന്ന എളാപ്പാൻ്റെ ഉമ്മ ചോറിന് മുകളിൽ കുമ്പളങ്ങാ കറി ഒഴിച്ചു. ഓരോരുത്തരും മല തുരക്കും പോലെ അവനവൻ്റെ ഭാഗത്തേക്ക് ചോറും കറിയും ചേർത്ത് കൈകൊണ്ട് വലിച്ച് വയറ് നിറയെ ഭക്ഷിച്ചു. അറേബ്യൻ നാടുകളിലും വലിയ പ്ലേറ്റുകളിൽ നിന്ന് ഒന്നിലധികം പേർ ഭക്ഷണം കഴിക്കുന്ന പതിവുണ്ട്. തൊഴിലാളിയും മുതലാളിയുമെല്ലാം കൂട്ടത്തിലുണ്ടാകും. എത്യോപ്യൻ റസ്റ്റോറൻ്റിലും ആ കാഴ്ചയാണ് കണ്ടത്. അവരുടെ പാചകത്തിന് വലിയൊരളവോളം കേരളീയ ടച്ചുണ്ട്. ഉപ്പും മുളകും മസാലയുമെല്ലാം ചേർത്ത വിഭവങ്ങൾ രുചിരസത്തിൽ വേറിട്ടു നിന്നു.
അമേരിക്കയിലെ ഏറ്റവുമധികം ചില്ലറ പുസ്തക വിൽപ്പന ശാഖകളുള്ള വലിയ ബുക്ക് കമ്പനിയാണ് ബാൺസ് & നോബിൾസ് (Barnes & Nobles). 138 വർഷം പഴക്കമുള്ള സ്ഥാപനമാണിത്. എത്യോപ്യൻ റസ്റ്റോറൻ്റിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച് മടങ്ങവെ ബാൺസ് & നോബിൾസിൻ്റെ വിശാലമായ ഷോറൂമിൽ കയറി. ആദ്യമായാണ് ഇത്രയും വലിയ ബുക്ക് ഷോപ്പിൽ കയറുന്നത്. വൈവിധ്യപൂർണ്ണമായ പുസ്തകങ്ങളുടെ വൻശേഖരം ആരെയും കൊതിപ്പിക്കും. വിഷയം തിരിച്ച ബോർഡുകൾക്കു താഴെ വിവിധ എഴുത്തുകാരുടെ രചനകൾ അലമാരയിൽ സന്ദർശകരോട് സംവേദിക്കുന്ന കാൽപനിക തോന്നൽ പുസ്തക പ്രേമികളെ ആനന്ദിപ്പിക്കും. ഇ ബുക്കിനും ഇ വായനക്കും പ്രചുരപ്രചാരം നേടിക്കൊടുക്കാനുള്ള വഴികൾ പിറവിയെടുത്ത സിലിക്കൺ വാലിയിൽ പുസ്തകങ്ങൾ വാങ്ങാൻ ഉച്ചക്ക് രണ്ട് മണിക്കും അനുഭവപ്പെട്ട തിരക്ക് അൽഭുതകരമാണ്. ബുക്ക്ഷോപ്പിനകത്ത് സജ്ജീകരിച്ച ടീ ഷോപ്പും ജ്യൂസ് കോർണറും പുസ്തക വായനക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു. അവർ അവിടെയിരുന്ന് പുസ്തകങ്ങൾ വായിക്കുന്നു. ഇഷ്ടപ്പെട്ടത് വാങ്ങുന്നു. ഒരു സർവകലാശാലാ ലൈബ്രറിയിൽ ചെന്ന പോലെ തോന്നും ആ ബുക്ക് ഷോപ്പിലെ ദൃശ്യങ്ങൾ. പുസ്തകം വാങ്ങി ബിൽ അടക്കാനുള്ള നീണ്ട ക്യു വായന മരിക്കില്ലെന്ന ആത്യന്തിക സത്യത്തിന് അടിവരയിട്ടു. അവസാനത്തെ മനുഷ്യനും എരിഞ്ഞൊടുങ്ങുന്നതു വരെ പുസ്തക വായന ജീവിക്കും. വായന മരിക്കുന്നേടത്ത് മനുഷ്യ ചരിത്രത്തിൻ്റെ ഒഴുക്കും നിലക്കും. (തുടരും)
#KTJaleel, #SiliconValley, #EngineeringDreamland, #FamilyVisit, #TechnologyHub, #SiliconValleyExperience