Elephants | ഇടഞ്ഞ ആനകൾ ഗുരുവായൂർ ആനക്കോട്ടയിൽ; ഗോകുലിന് ചികിത്സ തുടങ്ങി


● ഗോകുലിന് പീതാംബരത്തിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
● പീതാംബരന് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
● ഗോകുലിന്റെ ഇടത്തേ മുൻകാലിനു പിറകിലാണ് കൊമ്പ് തുളച്ചു കയറിയത്.
● സാമൂഹിക വനവൽക്കരണ വിഭാഗം തൃശൂർ, കോഴിക്കോട് ഓഫിസുകളിലെ ഉദ്യോഗസ്‌ഥരും വിജിലൻസ് വിഭാഗവും ആനക്കോട്ടയിൽ എത്തി ആനകളെ പരിശോധിച്ചു.
ഗുരുവായൂർ:(KVARTHA) കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ദേവസ്വം ആനകളായ പീതാംബരനും ഗോകുലും ഗുരുവായൂർ ദേവസ്വം ആനത്താവളമായ പുന്നത്തൂർ കോട്ടയിൽ തിരിച്ചെത്തി. ഗോകുലിന് പീതാംബരത്തിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പീതാംബരന് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഗോകുലിന്റെ ഇടത്തേ മുൻകാലിനു പിറകിലാണ് കൊമ്പ് തുളച്ചു കയറിയത്. മുൻകാലിന്റെ മുൻവശത്തും മുറിവുണ്ട്. വലത്തെ അടിവയറ്റിൽ ആഴത്തിൽ കൊമ്പ് കുത്തിക്കീറിയിട്ടുണ്ട്. ഈ ഭാഗത്ത് നീരുണ്ട്. മറ്റു ചില ചെറിയ മുറിവുകളും ശരീരത്തിലുണ്ട്.
‘മുറിവുകൾ ആഴത്തിലുള്ളതല്ലെങ്കിലും, ചികിത്സ ആരംഭിച്ചിട്ടുണ്ട്. ചില മുറിവുകൾ തൊലിയെ മാത്രമേ ബാധിച്ചിട്ടുള്ളു. പ്രധാന മുറിവ് മസിലിനെ ബാധിച്ചിട്ടുണ്ട്. എന്നാൽ ആന്തരിക ഭാഗത്തേക്ക് കുത്ത് എത്തിയിട്ടില്ല,’ ആനയെ ചികിത്സിക്കുന്ന ദേവസ്വം വെറ്ററിനറി ഡോക്ടർ ചാരുജിത് നാരായണനും വിദഗ്ധ സമിതി അംഗം ഡോ. കെ. വിവേകും പറഞ്ഞു.
സാമൂഹിക വനവൽക്കരണ വിഭാഗം തൃശൂർ, കോഴിക്കോട് ഓഫിസുകളിലെ ഉദ്യോഗസ്‌ഥരും വിജിലൻസ് വിഭാഗവും ആനക്കോട്ടയിൽ എത്തി ആനകളെ പരിശോധിച്ചു. വർഷങ്ങൾക്കു മുൻപ് മഴക്കാലത്ത് തെങ്ങു വീണ് ഗോകുലിൻ്റെ ഒരു കൊമ്പിനു പരുക്കേറ്റിരുന്നു. കൊമ്പ് പഴുത്ത് അസ്വസ്‌ഥത പ്രകടിപ്പിച്ച ഗോകുൽ ഒരിക്കൽ ഗുരുവായൂർ ക്ഷേത്രത്തിനകത്ത് എഴുന്നള്ളിപ്പിനിടെ കുട്ടിശങ്കരൻ എന്ന കൊമ്പനെ കുത്തി മലർത്തിയിട്ടുണ്ട്. മറ്റൊരിക്കൽ കിഴക്കേ നടയ്ക്കൽ നാഗേരി അയ്യപ്പൻ എന്ന കൊമ്പനെയും ഗോകുൽ കുത്തി പ്രശ്‌നം ഉണ്ടാക്കിയിരുന്നു. പിന്നീട് ആനയുടെ കേടു വന്ന കൊമ്പ് മുറിച്ചു നീക്കിയതോടെ ആന ശാന്ത സ്വഭാവത്തിലായി.
വലിയ ശബ്ദം കേട്ടാൽ പേടിക്കുന്ന ആനയാണ് പീതാംബരൻ. ഒരിക്കൽ ആനയോട്ട ദിവസം മഞ്ജുളാൽ പരിസരത്ത് വച്ച് നനയ്ക്കാൻ വെള്ളവുമായി വന്ന ടാങ്കർ ലോറിയുടെ ശബ്ദം കേട്ട് ആന വിരണ്ടു. ലോറി കുത്തി മറിക്കാൻ ശ്രമിച്ച് ഓടി. കോട്ടപ്പടിയിൽ നിന്നാണ് ആനയെ തളച്ചത്. കൂട്ടാനകളെ ഉപദ്രവിക്കുന്ന സ്വഭാവം മുൻപ് ഉണ്ടായിരുന്നു. എന്നാൽ 4 വർഷമായി ആന ശാന്തനായിരുന്നു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Elephants Peethambaran and Gokul clashed during a temple festival, with Gokul receiving severe injuries. Treatment for Gokul has begun.
#Guruvayur #Elephants #Peethambaran #Gokul #AnimalCare #WildlifeProtection