സ്‌കൂള്‍ വിപണി: കോഴിമുട്ടക്ക് വില കുതിച്ചു കയറുന്നു

 


സ്‌കൂള്‍ വിപണി: കോഴിമുട്ടക്ക് വില കുതിച്ചു കയറുന്നു
കോഴിക്കോട്: കേരളത്തില്‍ അധ്യയന വര്‍ഷം ആരംഭിച്ചതോടെ തമിഴ്‌നാട്ടില്‍ കോഴിമുട്ടക്ക് വില കുതിച്ചുയര്‍ന്നു. വില കൂട്ടുന്നതിന് മുട്ടക്ക് കൃത്രിമക്ഷാമവും തമിഴ്‌നാട്ടുകാര്‍ സൃഷ്ടിക്കുന്നുണ്ട്. കേരളത്തില്‍ അടുത്ത കാലത്തൊന്നുമില്ലാത്ത വിലയാണ് കോഴിമുട്ടക്ക് ഈടാക്കുന്നത്. ഒരു മുട്ടക്ക് മൂന്നര രൂപയാണ് ചില്ലറ മാര്‍ക്കറ്റിലെ വില.

പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പോഷകാഹാരം നല്‍കുന്നതിന്റെ ഭാഗമായി കോഴിമുട്ടയും പാലും സംസ്ഥാന സര്‍ക്കാര്‍ നല്‍കാറുണ്ട്. ലക്ഷക്കണക്കിന് കോഴിമുട്ടയാണ് ഇങ്ങനെ ചെവാകുന്നത്. ഈ സന്ദര്‍ഭത്തില്‍ കൊള്ളലാഭം നേടുന്നതിന് ഓരോ സ്‌കൂള്‍ വര്‍ഷാരംഭവും തമിഴ്‌നാട്ടില്‍ കോഴിമുട്ടക്ക് കൃത്രിമക്ഷാമവും വിലക്കയറ്റവും സൃഷ്ടിക്കാറുണ്ട്. നാമക്കലില്‍ നിന്നാണ് കോഴിയും മുട്ടയും കേരളത്തിലെത്തുന്നത്. ചില്ലറ വിപണിയില്‍ പലയിടത്തും മുട്ട കിട്ടാനില്ല. മൂന്നര രൂപ മുടക്കിയാലേ ഒരു മുട്ട കിട്ടുകയുള്ളൂ.

സര്‍ക്കാര്‍ അനുശാസനമാകയാല്‍ അതത് സ്‌കൂളധികൃതര്‍ നേരിട്ട് മുട്ട വാങ്ങി വിതരണം ചെയ്യുകയാണ് പതിവ്. ഇക്കുറി മുട്ട നല്‍കാനുള്ള ഉത്തരവ് വരുന്നതേ ഉള്ളൂ. പക്ഷേ, വിപണിയുടെ സാഹചര്യം മുതലെടുത്ത് നാമക്കലില്‍ കൊള്ളലാഭമുണ്ടാക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു തുടങ്ങി. തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ടു മുട്ട വീതം നല്‍കുന്നതിനാല്‍ അവിടെ തന്നെ വന്‍ ഡിമാന്റാണെന്നും കേരളത്തിലേക്ക് കയറ്റി അയക്കാന്‍ മാത്രം ഇല്ലെന്നുമാണ് പ്രചരണം.

എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന കോഴിമുട്ടക്ക് എത്രമാത്രം പോഷകമൂല്യം ഉണ്ടെന്നു പരിശോധിക്കേണ്ടതുണ്ടെന്ന് സ്‌കൂളധികൃതര്‍ പറയുന്നു. മുട്ടക്കോഴിക്ക് ഹോര്‍മോണ്‍ കുത്തിവെച്ചാണ് അവിടെ മുട്ടയുല്‍പാദനം നടത്തുന്നത്. ഇങ്ങനെ ഉല്‍പാദിപ്പിക്കുന്ന മുട്ടയാകട്ടെ പോഷകമൂല്യമില്ലാത്തതാണെന്നു മാത്രമല്ല, ആരോഗ്യത്തിന് ഹാനികരവുമാണത്രേ. അടവെച്ച് കുട്ടികളെ വിരിയിപ്പിക്കാന്‍ കഴിയാത്തതാണ് ഈ മുട്ടകള്‍. ജീവനറ്റ ഈ മുട്ടകള്‍ കുട്ടികള്‍ക്ക് നല്‍കിയിട്ട് ഗൂണത്തേക്കാളേറെ ദോഷമാണുണ്ടാവുകയെന്നും വിമര്‍ശനങ്ങളുണ്ട്.

അതേസമയം, മുട്ടയോടൊപ്പം നല്‍കേണ്ട പാല്‍ ഇക്കുറി നല്‍കാനാവില്ലെന്നുറപ്പായി. കഴിഞ്ഞ തവണ വിതരണം ചെയ്ത വകയില്‍ കിട്ടാനുള്ള പണം ഇനിയും കിട്ടിയിട്ടില്ലെന്നതിനാല്‍ സര്‍ക്കാര്‍ പദ്ധതിയോട് സഹകരിക്കേണ്ടെന്ന തീരുമാനത്തിലാണ് മില്‍മ.

കോഴിമുട്ടയോടൊപ്പം ഇറച്ചിക്കോഴിക്കും വില കുത്തനെ കയറ്റി തമിഴ്‌നാട് കേരളത്തെ കൊള്ളയടിക്കുന്നുണ്ട്. ബ്രോയ്‌ലര്‍ കോഴിക്ക് ചില്ലറ വിപണിയില്‍ 170 രൂപയാണ് ഇപ്പോഴത്തെ വില. 130 - 140 രൂപയില്‍ നിന്നാണ് ഈ കുതിച്ചു ചാട്ടം. നൂറു രൂപയുണ്ടായിരുന്ന ലെഗോണിന് 130 രൂപയും ഈടാക്കുന്നു. തമിഴ്‌നാട്ടില്‍ ഉദ്പാദിപ്പിക്കുന്ന ഇറച്ചിക്കോഴികളെ കുറിച്ചു ആക്ഷേപം ഏറെയുണ്ടായിരുന്നു.

മന്ത് രോഗികളില്‍ നിന്ന് ശേഖരിച്ച സിറം കുത്തിവെച്ച് കോഴികളുടെ തടി വര്‍ധിപ്പിക്കുന്നു എന്നൊക്കെയായിരുന്നു ആക്ഷേപം. ഈ പരാതി വ്യാപകമായപ്പോള്‍ കേരളത്തില്‍ ഇറച്ചിക്കോഴികളോടുള്ള കമ്പം വളരെ കുറയുകയും ആനുപാതികമായി വില കുത്തനെ ഇടിയുകയുമുണ്ടായി. കേരളത്തിലെ വ്യാപാരികള്‍ കൂടി കഷ്ടപ്പെട്ടിട്ടാണ് പിന്നീട് ഈ പ്രതിസന്ധി പരിഹരിച്ചത്.

-ജെഫ്രി റെജിനോള്‍ഡ്.എം

Keywords:  Egg, Price, Increase, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia