Sun Tan | ചര്‍മം ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഇതാ! ഇനി പരാതി ഇല്ല

 


കൊച്ചി: (KVARTHA) ഇത് ചൂടുകാലമാണ്. കടുത്ത വെയിലില്‍ പുറത്തുപോകാന്‍ പോലും പറ്റുന്നില്ല. അഥവ പോയാല്‍ തന്നെ ആകെ വിളറിയിട്ടുണ്ടാകും. വെളുത്ത ശരീരമുള്ളവരെയാണ് വെയില്‍ കൊള്ളുന്നത് കൂടുതല്‍ ബാധിക്കുക. കാരണം ഒന്നോ രണ്ടോ വെയില്‍ കൊള്ളുമ്പോഴേക്കും ഇവരുടെ നിറമെല്ലാം കറുത്തിരുണ്ടിരിക്കും. മാത്രമല്ല മുഖത്ത് നല്ല ക്ഷീണവും കാണും.
 
കടുത്ത വെയിലും സൂര്യപ്രകാശവുമെല്ലാം ചര്‍മത്തെ തളര്‍ത്തുക മാത്രമല്ല, ചര്‍മത്തിലെ ജലാംശം വലിച്ചെടുത്ത് ചര്‍മത്തിന് അയവുണ്ടാക്കുകയും ചര്‍മത്തില്‍ ചുളിവുണ്ടാക്കുകയുമെല്ലാം ചെയ്യും.

Sun Tan | ചര്‍മം ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഇതാ! ഇനി പരാതി ഇല്ല

ഏത് തരം വസ്ത്രമിട്ടാലും വെയില്‍ കൊണ്ടുകഴിഞ്ഞാല്‍ കൈകള്‍, മുഖം, കാല്‍പാദം, പുറം ഇവയെല്ലാം വെയിലേറ്റ് കരുവാളിച്ചിരിക്കുന്നത് കാണാം. ഇതുകാണുമ്പോള്‍ മുഖത്തിന് ഒരു നിറം ശരീരത്തിലെ മറ്റ് ഭാഗങ്ങള്‍ക്ക് വേറെ നിറം എന്നുള്ള പരാതി പലരും പറയാറുണ്ട്. എന്നാല്‍ ഇനി വിഷമിക്കേണ്ട, ശരീരത്തിന് മൊത്തം ഒരേ നിറം ലഭിക്കുന്നതിനും കരുവാളിപ്പ് മാറ്റി ചര്‍മം ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടികൈകള്‍ ഉണ്ട്, അവയെ കുറിച്ച് അറിയാം.

*അരിപ്പൊടിയും ചെറുനാരങ്ങയും


അരിപ്പൊടിയും ചെറുനാരങ്ങയും കരുവാളിപ്പ് മാറ്റാനുള്ള ഒരു പ്രധാന മാര്‍ഗമാണ്. ഈ കൂട്ട് തയാറാക്കുന്നതിനായി മൂന്ന് സ്പൂണ്‍ അരിപ്പൊടി എടുത്ത് ഒരു പാത്രത്തിലേയ്ക്ക് ഇടുക. ഇതിലേയ്ക്ക് രണ്ട് സ്പൂണ്‍ തൈര് ചേര്‍ക്കണം. കൂടാതെ, കുറച്ച് നാരങ്ങനീരും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം മുഖത്ത് പുരട്ടാം. ഒരു പത്ത് മിനുട്ട് കഴഞ്ഞ് മുഖം കഴുകാവുന്നതാണ്. മുഖം കഴുകുമ്പോള്‍ നന്നായി സ്‌ക്രബ് ചെയ്ത് വേണം കഴുകാന്‍. നല്ല ഫലം ലഭിക്കും.

*കറ്റാര്‍വാഴയും നാരങ്ങ നീരും

കുറച്ച് നാരങ്ങനീര് എടുക്കുക. ഇതിലേയ്ക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ക്കണം. ഇവ നന്നായി മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം മുഖത്ത് തേച്ച് പിടിപ്പിക്കണം. നന്നായി തേച്ച് കുറച്ച് നേരം മസാജ് ചെയ്ത് കൊടുക്കുന്നതും നല്ലതാണ്.

ഒരു പത്ത് മിനുട്ട് വെച്ച ശേഷം മുഖം കഴുകാം. ഇടയ്ക്കിടെ ഇത്തരത്തില്‍ ചെയ്യുന്നത് മുഖത്തേയും ശരീരത്തിലേയും കരുവാളിപ്പ് മാറ്റി എടുക്കാന്‍ സഹായിക്കും.

*ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങാണ് ചര്‍മത്തിലെ കരുവാളിപ്പു മാറാനുള്ള മറ്റൊരു വഴി. ഉരുളക്കിഴങ്ങ് വട്ടത്തില്‍ അരിഞ്ഞ് മുഖത്ത് കരുവാളിപ്പുള്ളിടത്ത് മസാജ് ചെയ്യാം. അല്ലെങ്കില്‍ ഉരുളക്കിഴങ്ങിന്റെ നീരു പുരട്ടാം. അല്‍പം കഴിഞ്ഞ് ഇളംചൂടുവെള്ളത്തില്‍ കഴുകാം.

*മഞ്ഞള്‍, വെളിച്ചെണ്ണ

മഞ്ഞള്‍, വെളിച്ചെണ്ണ എന്നിവ വെയിലേറ്റുള്ള കരുവാളിപ്പു തടയാന്‍ നല്ല വഴിയാണ്. ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയില്‍ ഒരല്‍പം മഞ്ഞള്‍പ്പൊടി കലര്‍ത്തുക. ഇതു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ആഴ്ചയില്‍ രണ്ടുമൂന്നു തവണ ഇതു ചെയ്യാം. നല്ല ഫലം ഉറപ്പ്.

*കടലപ്പൊടിയും നാരങ്ങയും

ചര്‍മത്തിലെ കരുവാളിപ്പ് മാറ്റി എടുക്കാന്‍ കടലപ്പൊടിയും നാരങ്ങയും ഫലപ്രദമായ ഒരു മാര്‍ഗമാണ്. ഇത് തയാറാക്കുന്നതിനായി ഒരു ടേബിള്‍ സ്പൂണ്‍ കടലപ്പൊടി എടുക്കുക. ഇതിലേക്ക് നാരങ്ങനീര് ഒഴിച്ച് രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് എടുക്കണം.

ഇതിന്റെ കൂടെ ഒരു സ്പൂണ്‍ റോസ് വാട്ടറും ചേര്‍ക്കുന്നത് നല്ലതാണ്. ഇവ നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടണം. കുറച്ച് നേരം സ്‌ക്രബ് ചെയ്ത് കൊടുത്തതിന് ശേഷം മുഖം കഴുകാവുന്നതാണ്. ഇടയ്ക്കിടെ ഇത്തരത്തില്‍ ചെയ്യുന്നത് കരുവാളിപ്പ് മാറ്റി എടുക്കാന്‍ സഹായിക്കും.

*ഓട്സ്, തേന്‍

ഓട്സ്, തേന്‍ എന്നിവ കലര്‍ത്തി പുരട്ടുന്നതും മുഖത്തെ കരുവാളിപ്പു മാറാന്‍ ഏറെ നല്ലതാണ്. ഒരു ടേബിള്‍സ്പൂണ്‍ ഓട്സ് വേവിയ്ക്കുക. ഇതില്‍ 2-3 ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഇതു മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും മുഖത്തെ കരുവാളിപ്പു മാറാന്‍ ഏറെ നല്ലതാണ്.

*ബേകിംഗ് സോഡ, തൈര്

ബേകിംഗ് സോഡ, തൈര് എന്നിവ മുഖത്തെ കരുവാളിപ്പു മാറ്റാന്‍ ഏറെ നല്ലതാണ്. അര ടീസ്പൂണ്‍ ബേകിംഗ് സോഡ രണ്ടു ടീസ്പൂണ്‍ തൈരുമായി കലര്‍ത്തുക. ഇത് മുഖത്തു പുരട്ടുക. 10-15 മിനിറ്റു കഴിയുമ്പോള്‍ ഇതു കഴുകിക്കളയാം. ഇളംചൂടുവെള്ളം കൊണ്ടു കഴുകിയ ശേഷം ഏതെങ്കിലും മോയിസ്ചറൈസര്‍ പുരട്ടുക. ഒരാഴ്ചയില്‍ രണ്ടു മൂന്നു ദിവസമെങ്കിലും ഇതു പുരട്ടിയാല്‍ കരുവാളിപ്പിന് നല്ല പരിഹാരമുണ്ടാകും.

*കുങ്കുമപ്പൂവും പാലും

മുഖത്തെ കരുവാളിപ്പു മാറ്റാനുള്ള നല്ലൊരു വഴിയാണ് കുങ്കുമപ്പൂവും പാലും. പാലില്‍ കുങ്കുമപ്പൂവിട്ട് അല്‍പസമയം വയ്ക്കുക. പിന്നീട് ഇത് മുഖത്തു പുരട്ടാം. ഇത് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. മുഖത്തെ കരുവാളിപ്പു മാറാന്‍ ഇത് ഏറെ നല്ലതാണ.് ആഴ്ചയില്‍ നാലഞ്ചു ദിവസം ഇത് ചെയ്യാം. ഇതു മുഖത്തിന് നിറം നല്‍കാനും ഏറെ നല്ലതാണ്.

*മസൂര്‍ദാലും നാരങ്ങയും

മസൂര്‍ദാല്‍ വീട്ടില്‍ ഉണ്ടെങ്കില്‍ ഇത് ഉപയോഗിച്ച് മുഖത്തെ കരുവാളിപ്പ് മാറ്റി എടുക്കാം. ഇതിനായി മസൂര്‍ദാല്‍ എടുത്ത് നന്നായി പൊടിച്ച് എടുക്കണം. ഇത് ഒരു മൂന്ന് ടേബിള്‍ സ്പൂണ്‍ എടുക്കുക. ഇതിലേയ്ക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങനീര് ചേര്‍ക്കണം. കുറച്ച് കറ്റാര്‍വാഴ ജെല്ലും തൈരും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് എടുക്കണം. ഇത് മുഖത്ത് പുരട്ടി കുറച്ച് നേരം സ്‌ക്രബ് ചെയ്ത് ഉണങ്ങിയതിന് ശേഷം കഴുകി കളയാവുന്നതാണ്.

*ചന്ദനപൗഡര്‍

ചന്ദനപൗഡര്‍ മുഖത്തെ കരുവാളിപ്പു മാറ്റാന്‍ ഉത്തമമാണ്. അല്‍പം ചന്ദനപ്പൊടി വെള്ളത്തില്‍ കലര്‍ത്തി മിശ്രിതമാക്കുക. ഇത് മുഖത്തു പുരട്ടി 15 മിനിറ്റു കഴിയുമ്പോള്‍ നനഞ്ഞ തുണി കൊണ്ടു തുടയ്ക്കാം. ഇതിനു ശേഷം അല്‍പം പനിനീരും മുഖത്തു പുരട്ടാം. ഇതും കരുവാളിപ്പ് എളുപ്പം മാറ്റാന്‍ സഹായിക്കും. ചന്ദനം പാലില്‍ അരച്ചു കലക്കി തേയ്ക്കുന്നതും ഗുണം ചെയ്യും.

*ബദാം ഓയില്‍, വൈറ്റമിന്‍ ഇ ഓയില്‍

ബദാം ഓയില്‍, വൈറ്റമിന്‍ ഇ ഓയില്‍ എന്നിവ കലര്‍ത്തി പുരട്ടുന്നതും ചര്‍മത്തിലെ കരുവാളിപ്പു മാറ്റാന്‍ ഏറെ നല്ലതാണ്. അര ടീസ്പൂണ്‍ ബദാം ഓയില്‍, ഒരു വൈറ്റമിന്‍ ഇ ക്യാപ്സൂള്‍ പൊട്ടിച്ച് ഇതിലെ ഓയില്‍ എന്നിവ കലര്‍ത്തുക. ഇതു മുഖത്തു പുരട്ടി പതുക്കെ മസാജ് ചെയ്യുക. പിന്നീട് അല്‍പം ചെറുപയര്‍ പൊടി പുരട്ടി കഴുകുക. ഇത് മുഖത്തിന് നിറം നല്‍കും. കരുവാളിപ്പു മാറ്റും. ശേഷം അല്‍പം മോയിസ്ചറൈസര്‍ പുരട്ടാം.

*തക്കാളി

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് തക്കാളി. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും തക്കാളി വളരെ സഹായകമാണ്. വിറ്റാമിന്‍ സി, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ കെ 1 തുടങ്ങിയ അവശ്യ പോഷകങ്ങള്‍ തക്കാളിയില്‍ അടങ്ങിയിരിക്കുന്നു. ചര്‍മത്തിന് തിളക്കം നല്‍കാനും അഴുക്ക് അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാനും
തക്കാളിയ്ക്ക് കഴിയും. മുഖത്തെ കരുവാളിപ്പ് മാറാനും തക്കാളി സഹായകമാണ്.

പഴുത്ത തക്കാളിയുടെ പേസ്റ്റും പഞ്ചസാരയും അല്‍പം നാരങ്ങാനീരും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ചര്‍മത്തിന് തിളക്കം നല്‍കുന്നതിനും സണ്‍ ടാന്‍ നീക്കം ചെയ്യുന്നതിനും മികച്ച സ്‌ക്രബാണ് ഇത്.

ശ്രദ്ധിക്കേണ്ട കാര്യം

ചിലര്‍ക്ക് വരണ്ട ചര്‍മം ആയിരിക്കും ഉണ്ടായിരിക്കുക. അതുകൊണ്ടുതന്നെ അവര്‍ ഈ മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കുമ്പോള്‍ ചര്‍മത്തില്‍ ചൊറിച്ചില്‍, ചര്‍മം വലിഞ്ഞ് മുറുകുന്നത് പോലെയുള്ള അവസ്ഥ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം ചര്‍മം ഉള്ളവര്‍ നാരങ്ങ നീരിന് പകരം തൈര് മാത്രം ചേര്‍ത്താല്‍ മതിയാകും. അല്ലെങ്കില്‍ കുറച്ച് തേന്‍ ചേര്‍ക്കുന്നതും നല്ലതാണ്.

ഏത് ഫേയ്സ്പാക് ഉപയോഗിച്ചതിന് ശേഷവും മുഖത്ത് മോയ്സ്ചറൈസര്‍ പുരട്ടുന്നത് നല്ലതാണ്. ഇത് ചര്‍മത്തിന് നല്ല തിളക്കം നല്‍കാനും വരണ്ട് പോകുന്നത് തടയാനും സഹായിക്കുന്നു.

Keywords: Effective Home Remedies to Remove Sun Tan Naturally, Kochi, News, Home Remedies, Face Pack, Health Tips, Health, Warning, Tomato, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia