Donated books | സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സ്‌കൂള്‍ ലൈബ്രറികള്‍ക്ക് പുസ്തക കിറ്റുനല്‍കി

 


തലശേരി: (www.kvartha.com) സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സ്‌കൂള്‍ ലൈബ്രറികള്‍ക്ക് പുസ്തക കിറ്റുനല്‍കി. കണ്ണൂര്‍ സൗത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കൃഷ്ണന്‍ കുറിയയാണ് 31 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്നത്. വിദ്യാഭ്യാസ ചരിത്രത്തില്‍ അടയാളം ശേഷിപ്പിച്ചാണ് താന്‍ നേതൃത്വം നല്‍കി വരുന്ന നൂറോളം വിദ്യാലയങ്ങളില്‍ നിലവിലുള്ള ലൈബ്രറികള്‍ ശാക്തീകരിക്കുന്നതിന് പുസ്തക കിറ്റുകള്‍ നല്‍കുന്ന വിദ്യാഭ്യാസ ഓഫീസര്‍ എന്ന നിലയില്‍ അദ്ദേഹം മാതൃകയാവുന്നത്.

കഴിഞ്ഞ അധ്യയന വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എല്‍ എസ് എസ് നേടിയ സബ് ജില്ല എന്ന ബഹുമതി കണ്ണൂര്‍ സൗത് ഉപജില്ലയ്ക്ക് ലഭിച്ചത് ഇദ്ദേഹത്തിന്റെ ചിട്ടയായ നേതൃത്വ ഫലമാണ്. 600 ഓളം വരുന്ന സബ് ജില്ലയിലെ മുഴുവന്‍ അധ്യാപകരെയും പങ്കെടുപ്പിച്ച് വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റത്തെപ്പറ്റി അവബോധം വരുത്തി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു കുടുംബത്തിന് 12 ലക്ഷം രൂപ ചിലവഴിച്ച് വീട് നിര്‍മിച്ചു വരുന്നു. മെയ് 31 ഓടെ പ്രവൃത്തി പൂര്‍ത്തീകരിക്കും.

മുഴുവന്‍ വിദ്യാലയങ്ങളിലെയും പാചകത്തൊഴിലാളികള്‍ക്ക് രണ്ടു വീതം ഓവര്‍ കോടുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഓരോ വിദ്യാലയത്തിന്റെയും ശക്തിയും ദൗര്‍ബല്യവും മനസ്സിലാക്കി ബന്ധപ്പെട്ടവര്‍ക്ക് മോട്ടിവേറ്റ് നല്‍കുവാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും പൊതുജനങ്ങളെയും മാനേജര്‍മാരെയും വിദ്യാലയങ്ങളുമായി ബന്ധിപ്പിച്ച് വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ഇദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. പൊതു ജനങ്ങളെ പങ്കെടുപ്പിച്ചുള്ള സോഷ്യല്‍ മോണിറ്ററിംഗ് സബ് ജില്ലയില്‍ സജീവമാണ്.

നല്ലൊരു വായനക്കാരന്‍ കൂടിയായ കൃഷ്ണന്‍ കുറിയ 1993 ല്‍ പൊലിസ് സേനയിലൂടെയാണ് സര്‍വീസ് തുടങ്ങുന്നത്. അഞ്ചര വര്‍ഷം സിവില്‍ പൊലീസ് ഓഫീസറായി കണ്ണൂരില്‍ ജോലി ചെയ്തു. 1998 ല്‍ മലപ്പുറം ജില്ലയിലെ വേങ്ങര ബോയ്സ് ഹയര്‍ സെന്‍ഡറി സ്‌കൂളില്‍ എച് എസ് എസ് ടിയായി നിയമനം ലഭിച്ചു. വേങ്ങരയിലും വാഴക്കാട് ഹയര്‍ സെകന്‍ഡറി സ്‌കൂളിലുമായി 12 വര്‍ഷം ജോലി ചെയ്തു.

സര്‍വ ശിക്ഷ അഭിയാന്‍ കണ്ണൂര്‍ നോര്‍ത് സബ് ജില്ലയിലെ ബ്ലോക് പ്രോഗ്രാം ഓഫീസറായാണ് കണ്ണാടിപ്പറമ്പ് സ്വദേശിയായ കൃഷ്ണന്‍ കുറിയ കണ്ണൂരിലെത്തുന്നത്. തളിപ്പറമ്പ് സൗത് സബ് ജില്ല സമഗ്ര ശിക്ഷ കേരളയുടെ പ്രോഗ്രാം ഓഫീസര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2018ല്‍ തൃശൂര്‍ ചാലക്കുടി സബ് ജില്ലാ വിദ്യാഭ്യാസ ഓഫീസറായി. 2020 ലാണ് കണ്ണൂര്‍ സൗത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി ചുമതലയേറ്റത്.

വിദ്യാഭ്യാസ മേഖലയില്‍ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന ഈ സാമൂഹ്യ ശാസ്ത്ര അധ്യാപകന്‍ പാഠപുസ്തക രചനയിലും കൈപുസ്തക രചനയിലും പങ്കെടുത്തിട്ടുണ്ട്. അധ്യാപക പരിശീലന രംഗത്ത് കോര്‍ എസ് ആര്‍ ജി, സംസ്ഥാന റിസോഴ്സ് ഗ്രൂപ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കരിക്കുലം കമിറ്റിയില്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.

ട്രിപിള്‍ പോസ്റ്റ് ഗ്രാജ്വേറ്റുകൂടിയാണ് ഈ അധ്യാപകന്‍. ആറാം ക്ലാസിലെ പൊതു പരീക്ഷയായ സ്റ്റെപ്സിന്റെ സൂത്രധാരകരില്‍ ഒരാളായ ഇദ്ദേഹം യു എസ് എസ് ചോദ്യ നിര്‍മാണ ടീം അംഗം കൂടിയാണ്. അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസുവരെയുള്ള ചോദ്യക്കടലാസ് നിര്‍മാണ ടീമംഗമായ ഇദ്ദേഹത്തിന്റെ ശ്രമഫലമായി അടിസ്ഥാനപരമായ മാറ്റം വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്.

അക്ഷരമുറ്റം, തത്തമ്മ, യുറീക, ശാസ്ത്രകേരളം തുടങ്ങിയ ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. കേരളത്തിലെ എല്ലാ ഡയറ്റുകളിലും പാഠാനുബന്ധ മെറ്റീരിയലുകള്‍ നിര്‍മിക്കാന്‍ ഇടപെട്ട ഇദ്ദേഹം വിദ്യാഭ്യാസ ആവശ്യാര്‍ഥം വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

Donated books | സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സ്‌കൂള്‍ ലൈബ്രറികള്‍ക്ക് പുസ്തക കിറ്റുനല്‍കി

ഐ ടി അറ്റ് സ്‌കൂള്‍ ട്രെയിനര്‍ സിന്ധുവാണ് ഭാര്യ. ഡോ. കാവേരി, കൃഷ്ണ എന്നിവര്‍ മക്കള്‍. 24 ന് രാവിലെ 10 മണിക്ക് പെരളശ്ശേരി എ കെ ജി സ്മാരക ഗവ.ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ വച്ച് കണ്ണൂര്‍ സൗത് ഉപജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും പുസ്തക കിറ്റുകള്‍ നല്‍കും.

വി ശിവദാസന്‍ എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത് അഗം കെവി ബിജു അധ്യക്ഷത വഹിക്കും. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രടറി എംകെ മനോഹരന്‍ മുഖ്യാതിഥിയായിരിക്കും.

Keywords:  Education Officer, who retiring from service, donated books to school libraries, Kannur, News, Krishnan Kuriya, Retirement, Book Kits, Students, House Built, Teacher, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia