By Election | 28 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ്; 5 എല്‍ഡിഎഫ് സിറ്റിംഗ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു
Mar 1, 2023, 12:34 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കരുത്തോടെ യുഡിഎഫിന് മുന്നേറ്റം. ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വന്നപ്പോള്‍ എല്‍ഡിഎഫിന്റെ അഞ്ച് സിറ്റിംഗ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. ഒരു യുഡിഎഫ് സിറ്റിംഗ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍, ഒരു സീറ്റ് പുതുതായി ജയിച്ച് ബിജെപിയും നേട്ടമുണ്ടാക്കി.
ഇടുക്കി, കാസര്‍കോട് ഒഴികെ 12 ജില്ലകളിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. ഒരു കോര്പറേഷന് വാര്‍ഡ്, ഒരു ജില്ലാ പഞ്ചായത് വാര്‍ഡ്, രണ്ട് മുനിസിപാലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കോഴിക്കോട്ടെ ചെറുവണ്ണൂര്‍ പഞ്ചായത്തിന്റെ ഭരണം നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് യുഡിഎഫ് നിലനിര്‍ത്തി.
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ മൂന്ന് സീറ്റുകളും എല്‍ഡിഎഫ് നിലനിര്‍ത്തി. മയ്യില്‍ പഞ്ചായതിലെ വള്ളിയോട്ട് വാര്‍ഡില്‍ സിപിഎം ജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ പി രാജനാണ് ഇവിടെ ജയിച്ചത്.
ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡ് എല്‍ഡിഎഫ് വിജയത്തോടെ നിലനിര്‍ത്തി. പേരാവൂര്‍ ഒന്നാം വാര്‍ഡ് മേല്‍ മുരിങ്ങോടിയിലും എല്‍ഡിഎഫ് വിജയിച്ചു.
കോഴിക്കോട് ചെറുവണ്ണൂര്‍ പഞ്ചായത് ഭരണം യുഡിഎഫ് നിലനിര്‍ത്തി. 15-ാം വാര്‍ഡിലെ നിര്‍ണായക ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി പി മുംതാസാണ് ഇവിടെ വിജയിച്ചത്.
സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ പാളാക്കര വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജയം. യുഡിഎഫ് സ്ഥാനാര്‍ഥി കെ എസ് പ്രമോദ് 204 വോടിനാണ് എല്‍ഡിഎഫിന്റെ പി കെ ദാമുവിനെ പരാജയപ്പെടുത്തിയത്. കെ എസ് പ്രമോദിന് 573 വോട് ലഭിച്ചപ്പോള്‍ പി കെ ദാമുവിന് 369 വോടുകള്‍ ലഭിച്ചു. എല്‍ഡിഎഫ് സിറ്റിംഗ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തതെങ്കിലും എല്‍ഡിഎഫ് ഭരിക്കുന്ന നഗരസഭ ഭരണത്തെ ഫലം സ്വാധീനിക്കില്ല
മലപ്പുറം ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും യു ഡി എഫ് വിജയിച്ചു. മൂന്ന് വാര്‍ഡുകള്‍ നിലനിര്‍ത്തിയപ്പോള്‍ ഒരു വാര്‍ഡ് തിരിച്ചു പിടിച്ചു. എആര്‍ നഗര്‍ ഏഴാം വാര്‍ഡ് കോണ്‍ഗ്രസിലെ പികെ ഫിര്‍ദൗസ് ജയിച്ചു. കരുളായി പഞ്ചായതിലെ 12 വാര്‍ഡില്‍ കോണ്‍ഗ്രസിലെ സുന്ദരന്‍ കരുവാടന്‍ ജയിച്ചു. ഊരകം പഞ്ചായത് വാര്‍ഡ് 5 മുസ്ലിം ലീഗിലെ സമീറ കരിമ്പന്‍ ജയിച്ചു. തിരുനാവായ പഞ്ചായതിലെ 11-ാം വാര്‍ഡാണ് യുഡിഎഫ് തിരിച്ചു പിടിച്ചത്. എവിടെയും ഭരണമാറ്റം ഇല്ല.
കടമ്പഴിപ്പുറം പഞ്ചായതിലെ 17-ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കുളക്കുഴി ബാബുരാജാണ് വിജയിച്ചത്. ആനക്കര പഞ്ചായതിലെ ഏഴാം വാര്‍ഡായ മലമല്‍ക്കാവിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി ബശീര്‍ 234 വോടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചു. നേരത്തെയുണ്ടായിരുന്ന യുഡിഎഫ് മെമ്പറുടെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരെഞ്ഞെടുപ്പ് നടന്നത്. വിജയത്തോടെ ഈ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. തൃത്താല പഞ്ചായതിലെ നാലാം വാര്‍ഡ് വി കെ കടവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി വി മുഹമ്മദ് അലി 256 വോടിന്റെ ലീഡില്‍ വിജയിച്ചു. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്.
എരുമപ്പെട്ടി കടങ്ങോട് പഞ്ചായതിലെ ചിറ്റിലങ്ങാട് 14-ാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡി എഫിന് വിജയം. 234 വോടിന്റെ ഭുരിപക്ഷത്തില്‍ എല്‍ഡിഎഫിന്റെ എംകെ ശശിധരന് സീറ്റ് നിലനിര്‍ത്തി. സിപിഎം അംഗം മരിച്ചതിനെത്തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. വന്‍ ഭൂരിപക്ഷത്തിന് ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായതാണ് കടങ്ങോട്.
ഉപതെരഞ്ഞെടുപ്പ് നടന്ന കോതമംഗലം പോത്താനിക്കാട് ഗ്രാമപഞ്ചായത് 11-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉപതെരഞ്ഞെടുപ്പില്‍ തണ്ണീര്‍മുക്കത്ത് ബിജെപിയും എടത്വയില്‍ എല്‍ഡിഎഫും സീറ്റ് നിലനിര്‍ത്തി. സിപിഎമ്മിലെ സാബു മാധവന് 43 വോടിന് വിജയിച്ചു.
ആലപ്പുഴ തണ്ണീര്‍മുക്കത്ത് ബിജെപിയുടെ വിപി ബിനു 83 വോടിന് വിജയിച്ചു സീറ്റ് നിലനിര്‍ത്തി. എടത്വയിലെ തായങ്കരി വെസ്റ്റില്‍ സിപിഎമ്മിന്റ വിനീത ജോസഫുമാണ് ജയിച്ചത്. 71 വോടിനാണ് വിനിതയുടെ ജയം.
ഉപതെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ എല്‍ഡിഎഫിന് ഒരു സീറ്റ് നഷ്ടമായി. യുഡിഎഫ് ഒരു സിറ്റിംഗ് സീറ്റ് നിലനിര്‍ത്തുകയും ഒരു സീറ്റ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. എരുമേലി പഞ്ചായതിലെ ഒഴക്കനാട് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ അനിതാ സന്തോഷ് ആണ് ഇവിടെ വിജയിച്ചത്. കോട്ടയം കടപ്ലാമറ്റം പഞ്ചായതിലെ 12-ാം വാര്‍ഡ് യുഡിഎഫ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. യുഡിഎഫിലെ ഷിബു പോതമാക്കലാണ് ജയിച്ചത്. വെളിയന്നൂര്‍ പഞ്ചായതിലെ ഏഴാം വാര്‍ഡും ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. കോട്ടയം പാറത്തോട് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് എല്‍ഡിഎഫ് ഉപതെരഞ്ഞെടുപ്പിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തി. ഇടതുമുന്നണി സ്ഥാനാര്‍ഥി ജോസിന അന്ന ജോസ് 28 വോടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചത്.
പത്തനംതിട്ട കല്ലൂപ്പാറ പഞ്ചായതിലെ ഏഴാം വാര്‍ഡില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്നും എന്‍ഡിഎ സീറ്റ് പിടിച്ചെടുത്തു. ബിജെപി സ്ഥാനാര്‍ഥി രാമചന്ദ്രന് 93 വോടുകള്‍ക്കാണ് ഇവിടെ ജയിച്ചത്. എല്‍ഡിഎഫ് രണ്ടാമതും യുഡിഎഫ് മൂന്നാമതുമായാണ് വോടെണ്ണല്‍ കഴിഞ്ഞപ്പോള്‍ ഫിനിഷ് ചെയ്തത്. എരുമേലി പഞ്ചായതിലെ ഒഴക്കനാട് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ അനിതാ സന്തോഷാണ് ഇവിടെ വിജയിച്ചത്. ഇതോടെ എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഭരണമാറ്റത്തിന് സാധ്യതയേറി.
കൊല്ലം ഇടമുളയ്ക്കല്‍ പഞ്ചായതിലെ തേവര്‍തോട്ടം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ പി അനില്‍കുമാര്‍ 262 വോടിന് ജയിച്ചു. കൊല്ലം കോര്‍പറേഷനിലെ മൂന്നാം ഡിവിഷനായ മീനത്തുചേരി വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. ആര്‍എസ്പിയുടെ ദീപു ഗംഗാധരന് 638 വോടുകള്‍ക്ക് ഇവിടെ വിജയിച്ചു. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റാണിത്. വിളക്കുടി പഞ്ചായതിലെ കുന്നിക്കോട് വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം. 241 വോടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ അനില്‍കുമാര്‍ വിജയിച്ചത്. സിപിഎം പ്രതിനിധി എ റഹീം കുട്ടി മരിച്ചതിനെ തുടര്‍ന്നായിരുന്നു കുന്നിക്കോട് നോര്‍ത്ത് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.
തിരുവനന്തപുരം കടയ്ക്കാവൂര്‍ പഞ്ചായതിലെ നിലയ്ക്കാമുക്ക് വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്നാണ് എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തത്. 133 വോടിനാണ് 12-ാം വാര്‍ഡില്‍ സിപിഎമ്മിന്റെ ബീനാ രാജീവിന്റെ ജയം. നേരത്തെ കോണ്‍ഗ്രസ് അംഗമായിരുന്ന ബീനാ രാജീവ് രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്.
Keywords: News,Kerala,State,Thiruvananthapuram,By-election,Election,Top-Headlines,Latest-News,Politics,LDF,UDF,party, Edge for UDF in local body by election
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.