Bobby Chemmannur | ബോബി ചെമ്മണ്ണൂരിന് പിന്നാലെ ഇഡി; അന്വേഷണം തുടങ്ങി


കൊച്ചി: (KVARTHA) വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ(Business Man Bobby Chemmannur) പ്രാഥമികാന്വേഷണം (Primary Investigation) ആരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (Enforcement Directorate). നിക്ഷേപമായി (Investment) നിരവധിയാളുകളില്‍ നിന്ന് പണം സ്വീകരിക്കുന്നതും ഇത് ബിസിനസ് ആവശ്യങ്ങള്‍ക്ക് അടക്കം ഉപയോഗിക്കുന്നതിലും കളളപ്പണ ഇടപാടുണ്ടോ (Black Money) എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. നിലവില്‍ കേസ് എടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധനയാണ് തുടരുന്നതെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു.
ബോബി ചെമ്മണ്ണൂര്‍ സ്ഥാപനങ്ങള്‍ വഴി നടത്തുന്ന സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ ബോബി ചെമ്മണ്ണൂര്‍ വലിയ പലിശ വാഗ്ദാനം ചെയ്ത് നിരവധിയാളുകളില്‍ നിന്ന് ഡെപ്പോസിറ്റുകള്‍ സ്വീകരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഈ പണം വിവിധ ബിസിനസ് ആവശ്യങ്ങള്‍ക്കായി വകമാറ്റുന്നുണ്ട്. ഇതില്‍ കള്ളപ്പണ ഇടപാടുണ്ടോ എന്നാണ് പ്രധാനമായും ഇഡി അന്വേഷിക്കുന്നത്. ഫെമ ലംഘനം ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സാധാരണ ഗതിയില്‍ മറ്റേതെങ്കിലും ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ഇഡിക്ക് കേസുമായി മുന്നോട്ട് പോകാന്‍ സാധിക്കൂ.
നിലവില്‍ ബോബി ചെമ്മണ്ണൂരിനെതിരെ യാതൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല. അത്തരത്തില്‍ വല്ല കേസും ഉയര്‍ന്നുവരുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ലോട്ടറിയുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയിരുന്നു. ഈ കേസ് ഉള്‍പ്പെടെ ഉയര്‍ന്നുവന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം കൊണ്ടുവരാനാണ് സാധ്യതയെന്നാണ് ഇഡി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.