Book Project | ഓരോ വിദ്യാലയത്തിലെയും പുസ്തകം പ്രസിദ്ധീകരിക്കും, എന്റെ വിദ്യാലയം എന്റെ പുസ്തകം പദ്ധതിയുമായി കണ്ണൂര്‍ ജില്ലാപഞ്ചായത്

 


കണ്ണൂര്‍: (www.kvartha.com) ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളെയും പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പെടെയുള്ള കലാലയങ്ങളെയും ഉള്‍പ്പെടുത്തി, ഓരോ വിദ്യാലയത്തിന്റെ പേരിലും ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയെന്ന ബൃഹദ് പദ്ധതിയുമായി ജില്ലാ പഞ്ചായത്.

ജില്ലയിലെ 1500ഓളം വിദ്യാലയങ്ങളില്‍ നിന്ന് 1500ഓളം പുസ്തകങ്ങള്‍ പ്രസിദ്ധീകൃതമാവും. ഇതിലൂടെ അമ്പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ എഴുത്തുകാരാവും. ആയിരത്തി അഞ്ഞൂറോളം കുട്ടികള്‍ കവര്‍ ചിത്രം വരക്കും. ആയിരത്തി അഞ്ഞൂറോളം കുട്ടി എഡിറ്റര്‍മാര്‍ ഉണ്ടാകുന്നു. അത്ര തന്നെ സബ് എഡിറ്റര്‍മാരും ഉണ്ടാകുന്നു.

കുട്ടികള്‍ക്കിടയില്‍ പോലും ലഹരി ഉപയോഗം വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ എഴുത്തും വായനയും മറ്റ് സര്‍ഗാത്മക പ്രവര്‍ത്തനങ്ങളും ലഹരിയാക്കി മാറ്റി വിദ്യാര്‍ഥി ജീവിതം ക്രിയാത്മകമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


Book Project | ഓരോ വിദ്യാലയത്തിലെയും പുസ്തകം പ്രസിദ്ധീകരിക്കും, എന്റെ വിദ്യാലയം എന്റെ പുസ്തകം പദ്ധതിയുമായി കണ്ണൂര്‍ ജില്ലാപഞ്ചായത്

വിദ്യാലയങ്ങളുടെയും കലാലയങ്ങളുടെയും സജീവ പങ്കാളിത്തം ഈ പദ്ധതിയുടെ വിജയത്തിന് അനിവാര്യമാണ്. കഥ, കവിത, യാത്രാനുഭവങ്ങള്‍, പ്രാദേശിക ചരിത്രം, ശാസ്ത്ര കുറിപ്പുകള്‍, പരിസ്ഥിതി രചനകള്‍ തുടങ്ങിയവയാണ് സമാഹരിച്ച് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുക. ഈ വിഭാഗത്തില്‍ ഇഷ്ടമുള്ളവ വിദ്യാലയത്തിന് തിരഞ്ഞെടുക്കാം.

ഒരു പുസ്തകത്തില്‍ ഒരു വിഭാഗം മാത്രമേ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ. ഒരു വിദ്യാലയത്തിന് ഒന്നില്‍ കൂടുതല്‍ വിഷയം തിരഞ്ഞെടുക്കാം. വിഷയം നിശ്ചിത ഫോമില്‍ അറിയിക്കണം. വിദ്യാര്‍ഥികളില്‍ നിന്നുമുള്ള രചനകള്‍ ഡിസംബര്‍ 31ന് മുമ്പായി ശേഖരിച്ച് എഡിറ്റോറിയല്‍ അംഗങ്ങളെ ഏല്‍പിക്കണം.

ഹൈസ്‌കൂളുകളിലും ഹയര്‍സെകന്‍ഡറിയിലും ഒരുമിച്ചോ പ്രത്യേകമായോ പുസ്തകം തയാറാക്കാം. 70 മുതല്‍ 100 വരെയുള്ള പേജുകളില്‍ ഒതുങ്ങുന്ന പുസ്തകങ്ങളാണ് ഉദ്ദേശിക്കുന്നത്. വിദ്യാരംഗം കലാസാഹിത്യ വേദി സ്‌കൂളുകള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കും.

ജില്ലാതല എഡിറ്റോറിയല്‍ അംഗങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും രചനകള്‍ പരിഗണിക്കുക. അവ സ്‌കൂള്‍ തല എഡിറ്റോറിയല്‍ ബോര്‍ഡും പരിശോധിക്കുമെന്ന് ജില്ലാപഞ്ചായത് പ്രസി.ഡന്റ് അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ അഡ്വ. രത്‌നകുമാരി, സെക്രടറി റ്റൈനി സൂസന്‍ ജോണ്‍ എന്നിവരും പങ്കെടുത്തു.

Keywords: Each school book will be published, Kannur district Panchayat with My Vidyalaya My Book Project, Kannur, News, Children, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia