Mustering | മസ്റ്ററിങ് വീണ്ടും! റേഷൻ കാർഡ് ഉടമകൾക്ക് ഇ-കെവൈസി നിർബന്ധം; എങ്ങനെ ചെയ്യാം, രേഖകൾ എന്തൊക്കെ, തീയതി, അറിയേണ്ടതെല്ലാം
● റേഷൻ വിതരണം കൂടുതൽ സുതാര്യമാക്കുകയാണ് ലക്ഷ്യം.
● മഞ്ഞ, പിങ്ക് കാർഡുകാർക്ക് നിർബന്ധമാണ്.
● നീല, വെള്ള തുടങ്ങിയ മറ്റുവിഭാഗത്തിനും മസ്റ്ററിങ് ചെയ്യാം.
തിരുവനന്തപുരം: (KVARTHA) സാങ്കേതിക തകരാർ മൂലം മാറ്റിവെച്ചിരുന്ന റേഷൻ കാർഡ് ഉടമകളുടെ ഇ-കെവൈസി അപ്‌ഡേഷൻ വീണ്ടും ആരംഭിക്കുകയാണ്. സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 8 വരെയാണ് ഇതിനുള്ള സമയപരിധി. സംസ്ഥാനത്തെ മഞ്ഞ (AAY), പിങ്ക് (PHH) റേഷന്‍ കാർഡ് ഉടമകൾ ഇ-കെവൈസി മസ്റ്ററിങ് പൂർത്തിയാക്കേണ്ടത് നിർബന്ധമാണ്. നീല, വെള്ള തുടങ്ങിയ മറ്റുവിഭാഗത്തിനും മസ്റ്ററിങ് ചെയ്യാം
എന്താണ് ഇ-കെവൈസി?
ഇ-കെവൈസി എന്നത് റേഷൻ കാർഡ് അംഗങ്ങളുടെ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ അപ്‌ഡേറ്റ് ചെയ്യുന്ന ഒരു പ്രക്രിയയാണ്. ഇതിലൂടെ റേഷൻ വിതരണം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുകയാണ് ലക്ഷ്യം. റേഷൻ വിതരണ സംവിധാനത്തെ കൂടുതൽ കൃത്യവും സുതാര്യവുമാക്കുക എന്നതാണ് ഇ-കെവൈസി നിർബന്ധമാക്കുന്നതിന്റെ പ്രധാന കാരണം. ഇത് വ്യാജ റേഷൻ കാർഡുകൾ തടയുന്നതിനും സഹായിക്കും.
എങ്ങനെയാണ് ഇ-കെവൈസി ചെയ്യേണ്ടത്?
എല്ലാ റേഷൻ കടകളിലും കാർഡ് അംഗങ്ങൾ എത്തിയാൽ മാസ്റ്ററിങ് നടത്താം. ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ നൽകണം. റേഷൻ കാർഡിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളും നേരിട്ടെത്തി ഇ-പോസിൽ വിരൽ പതിക്കണം.
എപ്പോഴാണ് ഇ-കെവൈസി ചെയ്യേണ്ടത്?
സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 8 വരെയാണ് മസ്റ്ററിങ് ചെയ്യാനുള്ള സമയപരിധി. സെപ്റ്റംബർ 18 മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിലും, സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 01 വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും, ഒക്ടോബർ 03 മുതൽ 08 വരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിലും മസ്റ്ററിങ് നടക്കും. റേഷൻ വിതരണത്തെ ബാധിക്കാതെ സുഗമമായി മസ്റ്ററിങ് പൂർത്തിയാക്കുന്നതിനാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. റേഷൻ വ്യാപാരികളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്:
1967, 0471 2322155 എന്ന നമ്പറിൽ ബന്ധപ്പെടുക. ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ വെബ്സൈറ്റ് www(dot)civilsupplieskerala(dot)gov(dot)in സന്ദർശിക്കുക.
#EKYC #rationcard #Kerala #update #Aadhaar #civilsupplies