ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാര്‍ റിമാന്‍ഡില്‍; അറസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയ, 17 ആരാധകരും പിടിയില്‍

 



കണ്ണൂര്‍: (www.kvartha.com 10.08.2021) നിയമവിരുദ്ധമായി ട്രാവലര്‍ രൂപമാറ്റം വരുത്തിയതിന് പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ ആര്‍ ടി ഒ ഓഫീസിലെത്തി ബഹളംവച്ച രണ്ട് വ്‌ളോഗര്‍മാര്‍ റിമാന്‍ഡില്‍. ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാരായ ലിബിന്‍, എബിന്‍ എന്നിവരാണ് പിടിയിലായത്. ഉദ്യോഗസ്ഥര്‍ തങ്ങളെ മര്‍ദിക്കുന്നു എന്നാക്രോശിച്ച് തത്സമയം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ ഇവര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് കേസെടുത്തു.

വാന്‍ ലൈഫ് യാത്രകള്‍ നടത്തുന്ന ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ ട്രാവലര്‍ കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്. ചൊവ്വാഴ്ച രാവിലെ കണ്ണൂര്‍ എം വി ഡി ഓഫീസില്‍ എത്താന്‍ ഇരുവര്‍ക്കും നോടീസും നല്‍കി. 

ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാര്‍ റിമാന്‍ഡില്‍; അറസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയ, 17 ആരാധകരും പിടിയില്‍


വാഹനം കസ്റ്റഡിയിലെടുത്ത വിവരം തിങ്കളാഴ്ച തന്നെ യൂട്യൂബിലൂടെ അറിയിച്ച ഇവര്‍ എം വി ഡി ഓഫീസിലേക്ക് എത്താന്‍ ഫോളോവേഴ്‌സിനോട് ആഹ്വാനം ചെയ്തു. രാവിലെ ഒമ്പത് മണിയോടെ ഇവിടെ എത്തിയ സഹോദരങ്ങളോട് നികുതി കുടിശ്ശികയും, രൂപ മാറ്റം വരുത്തിയതിന്റെ പിഴയും ഉള്‍പെടെ 42,400 രൂപ ഒടുക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ ആവശ്യപ്പെട്ടു. പിഴ ഒടുക്കാന്‍ വിസമ്മതിച്ച ഇവര്‍ ഓഫീസില്‍ ബഹളമുണ്ടാക്കി. മര്‍ദിക്കുന്നെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരോട് കയര്‍ത്തു.

സോഷ്യല്‍ മീഡിയയില്‍ ഇവര്‍ നടത്തിയ പ്രചാരണത്തെ തുടര്‍ന്ന് കോവിഡ് മാനദണ്ഡം ലംഘിച്ച് യൂട്യൂബര്‍മാരുടെ ഫോളോവേഴ്‌സ് ഓഫീസ് പരിസരത്ത് തടിച്ച് കൂടി. പിന്നാലെ കണ്ണൂര്‍ ടൗണ്‍ പൊലീസ് ലിബിനെയും എബിനെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ പ്രമോദ് കുമാറിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം നില്‍ക്കല്‍, കൊവിഡ് മാനദണ്ഡ ലംഘനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. 

ഇവരെ കോടതിയില്‍ ഹാജരാക്കുന്നതിനിടയിലും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കള്ള കേസില്‍ കുടക്കിയെന്ന് വ്‌ലോഗര്‍മാര്‍ കോടതിയില്‍ പറഞ്ഞു. വീിഡിയോ കോണ്‍ഫറന്‍സ് വഴി മുന്‍സിഫ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ഇരുവരെയും റിമാന്‍ഡ് ചെയ്തു. വ്‌ളോഗര്‍മാരുടെ അറസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ച നടക്കുന്നുണ്ട്.

അതിനിടെ ഇബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെത്തുടര്‍ന്ന് നിയമലംഘനങ്ങള്‍ക്ക് ആഹ്വാനം ചെയ്തതിനും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും ആരാധകരായ 17 പേരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Keywords:  News, Kerala, State, Kannur, Blogger, Social Media, YouTube, Custody, Remanded, E Bull jet Vlogger brothers remanded in custody on a complaint by the Department of Motor Vehicles
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia