ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് ജാമ്യം; പൊതുമുതല്‍ നശിപ്പിച്ചതിന് ഇരുവരും 3500 രൂപ വീതം കെട്ടിവെയ്ക്കണം

 


കണ്ണൂര്‍: (www.kvartha.com 10.08.2021) ആര്‍ടി ഓഫിസില്‍ പ്രശ്നങ്ങളുണ്ടാക്കിയ കേസില്‍ അറസ്റ്റിലായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് ജാമ്യം. ഇരിട്ടി സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവര്‍ക്കാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിന് ഇരുവരും 3500 രൂപ വീതം കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

അതിനിടെ, ഇവരുടെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടികളുമായി മോടോര്‍ വാഹന വകുപ്പ് മുന്നോട്ടുപോവുകയാണ്. നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതിനാണ് രജിസ്ട്രേഷന്‍ റദ്ദാക്കുന്നത്. ഇതിന്റെ മുന്നോടിയായി ആര്‍സി ഉടമയ്ക്ക് കാരണം കാണിക്കല്‍ നോടിസും നല്‍കിയിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് യൂട്യൂബ് വ്ളോഗര്‍മാരായ എബിനും ലിബിനും കണ്ണൂര്‍ ആര്‍ ടി ഓഫിസില്‍ പ്രശ്നങ്ങളുണ്ടാക്കിയത്. അനധികൃതമായി രൂപമാറ്റം വരുത്തിയതിനും നികുതി അടയ്ക്കാത്തതിനും ഇവരുടെ 'നെപോളിയന്‍' എന്ന പേരിലുള്ള ടെംപോ ട്രാവലര്‍ കാരവന്‍ മോടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു.

ഇതിനുപിന്നാലെ ആര്‍ ടി ഓഫീസില്‍ അതിക്രമിച്ചുകയറിയ ഇരുവരും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമായിരുന്നു പരാതി. ഓഫിസിലെ ഉപകരണങ്ങള്‍ നശിപ്പിച്ചതായും പരാതിയിലുണ്ടായിരുന്നു. 

ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് ജാമ്യം; പൊതുമുതല്‍ നശിപ്പിച്ചതിന് ഇരുവരും 3500 രൂപ വീതം കെട്ടിവെയ്ക്കണം

മാത്രമല്ല, ഓഫിസില്‍ നിന്ന് ഫെയ്സ്ബുക് കരഞ്ഞുകൊണ്ടുള്ള ലൈവും ചെയ്തു. ഇത് കണ്ട് ഇവരുടെ ആരാധകരായ നിരവധി യുവാക്കളാണ് ഓഫിസ് പരിസരത്ത് തടിച്ചുകൂടിയത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നിലും പരിസരത്തും കൂടിനിന്ന് ബഹളമുണ്ടാക്കിയ ഇവരുടെ ആരാധകരായ 24 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

ആര്‍ടി ഓഫിസിലെ ഉദ്യോഗസ്ഥരുടെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇരുവരെയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പെടെ ആറ് വകുപ്പുകള്‍ പ്രകാരമാണ് എബിന്റെയും ലിബിന്റെയും പേരില്‍ കേസെടുത്തത്. ആറുമാസം തടവും 5000 രൂപ പിഴയും ലഭിക്കാവുന്ന കേരള പൊലീസ് ആക്ടിലെ സാംക്രമിക രോഗനിയന്ത്രണ നിയമപ്രകാരവും ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

Keywords:  e bull jet brothers get bail from Kannur Court, Kannur, News, Trending, Bail, Court, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia