വെച്ചൂരിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ക്രിസ്തുമസ് വിപണി ലക്ഷ്യമാക്കിയ കർഷകർ പ്രതിസന്ധിയിൽ

 


കോട്ടയം: (www.kvartha.com 05.12.2021) ക്രിസ്തുമസ് വിപണിക്കായി ഒരുങ്ങുന്നതിനിടെ താറാവ് കർഷകർ പ്രതിസന്ധിയിൽ. വൈക്കം വെച്ചൂരിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ആശങ്കയാകുന്നു. രണ്ടാഴ്ചക്കിടെ ആയിരകണക്കിന് താറാവുകളാണ് ഈ മേഖലയിൽ ചത്തൊടുങ്ങിയത്. സാംപിളുകൾ പരിശോധനയക്കയച്ച മൃഗസംരക്ഷണ വകുപ്പ് ഇതുവരെ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ല. ക്രിസ്തുമസ് വിപണി ലക്ഷ്യമാക്കി വളർത്തിയ താറാവുകൾക്കുള്ള രോഗബാധ കർഷകർക്ക് കനത്ത തിരിച്ചടിയാണ്. വെച്ചൂരിലെ പാടശേഖരങ്ങളിലും ജലാശയ ഓരങ്ങളിലും വളർത്തുന്ന താറാവുകളാണ് കൂട്ടത്തോടെ ചത്തത്.

വെച്ചൂരിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ക്രിസ്തുമസ് വിപണി ലക്ഷ്യമാക്കിയ കർഷകർ പ്രതിസന്ധിയിൽ

വെച്ചൂർ മേഖലയിൽ മാത്രം മുപ്പതിലേറെ കർഷകർക്കായി ഒരു ലക്ഷത്തിലധികം താറാവുകളാണ് ഉള്ളത്. ഒരാഴ്ചയ്ക്കിടെ ആയിരത്തോളം താറാവുകൾ ചത്തതെന്നാണ് കർഷകർ പറയുന്നത്. ഇതിൽ നൂറുകണക്കിന് താറാവുകളാണ് ഓരോ ദിവസവും പക്ഷിപ്പനി ലക്ഷണങ്ങളോടെ ചത്ത് വീഴുന്നത്. പക്ഷിപ്പനി സംശയം ഉയർന്നതോടെ വിൽപന മന്ദഗതിയിലാകുമെന്നും രോഗമില്ലെങ്കില്‍ കൂടി താറാവ്​ വിപണി പ്രതിസന്ധിയിലാണെന്നും കര്‍ഷകര്‍ പറയുന്നു.

വിൽപനയ്ക്ക് പാകമായ 70 ദിവസത്തിൽ താഴെ പ്രായമുള്ള താറാവുകളെയാണ് രോഗം ബാധിച്ചിട്ടുള്ളത്. എന്നാൽ മുട്ടത്താറാവുകളിൽ രോഗബാധയില്ല. കാക്ക, ഉപ്പൻ, കൊക്ക് തുടങ്ങിയ പക്ഷികളും മീനുകളും മേഖലയിൽ ചത്തു വീഴുന്നതായി കർഷകർ പറയുന്നു. ക്രിസ്തുമസ് വിപണിയെ ബാധിക്കുമെന്നതിനാൽ പല കർഷകരും രോഗവിവരം മറച്ചുവെയ്ക്കുകയാണെന്നും ആരോപണമുണ്ട്. എന്നാൽ ഇത് പക്ഷിപ്പനി മൂലമല്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രാഥമിക നിഗമനം. ജലത്തിൽ കലർന്ന രാസമാലിന്യങ്ങളിൽ നിന്നുള്ള ബാക്ടീരീയ ബാധയാണ് സംശയിക്കുന്നത്. സാംപിളുകൾ വിശദമായ പരിശോധനയ്ക്ക് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂടിലേക്ക് അയക്കും.

കൊയ്ത്ത് കഴിഞ്ഞതോടെ തോടുകളിലും പാടങ്ങളിലും രാസമാലിന്യം നിറഞ്ഞതാണൊ പക്ഷികളും മീനുകളും ചാകാൻ കാരണമായതെന്ന് സംശയം ഉയരുന്നുണ്ട്. കഴിഞ്ഞ വർഷവും ഈ മേഖലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തുടര്‍ചയായ വര്‍ഷങ്ങളില്‍ രോഗബാധയുണ്ടാകുന്നതും കര്‍ഷകരെ നിരാശയിലാക്കുന്നു. താറാവുകൾക്കുള്ള രോഗ പ്രതിരോധ വാക്സിൻ 28 ദിവസത്തിൽ നൽകേണ്ടത് 45 ദിവസം കഴിഞ്ഞാണ് കിട്ടിയതെന്നും പരാതിയുണ്ട്. രോഗം സ്ഥിരീകരിക്കുന്നതിൽ മൃഗ സംരക്ഷണ വകുപ്പിനുണ്ടാകുന്ന കാലതാമസവും ആശങ്ക വർധിപ്പിക്കുന്നു. രോഗം നിയന്ത്രിക്കുന്നതിൽ മൃഗസംരക്ഷണ വകുപ്പ് പരാജയപ്പെട്ടതായും ആക്ഷേപങ്ങളുണ്ട്​.

എല്ലാവർഷവും രോഗം പ്രത്യക്ഷപ്പെട്ടിട്ടും ഫലപ്രദമായ നടപടിയൊന്നും വകുപ്പ്​ സ്വീകരിക്കുന്നില്ലെന്ന്​ കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രടെറി എബി ഐപ്പ് കുറ്റപ്പെടുത്തി. സർകാർ ഹാചറികളിൽനിന്നാണ് കർഷകർ കുഞ്ഞുങ്ങളെ വാങ്ങുന്നത്​. എന്നിട്ടും ഇവക്ക്​ എങ്ങനെ രോഗം വരുന്നുവെന്ന്​ വ്യക്തമാക്കാൻ മൃഗസംരക്ഷണ വകുപ്പിന് സാധിച്ചിട്ടില്ല. പ്രതിരോധ മരുന്നുകൾ കണ്ടുപിടിക്കുന്നതിനു പകരം ജീവനോടെ താറാവുകളെ ചുട്ടുകൊല്ലുന്ന പ്രകൃത നടപടിക്കാണ് വകുപ്പ് നേതൃത്വം കൊടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Keywords:  News, Kerala, Kottayam, Farmers, Bird Flu, Dies, Christmas, Market, Bird, Diseased, Ducks, Ducks flock death in Vechoor; Farmers targeting Christmas market are in crisis.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia