Driving Test | ദിവസങ്ങള്‍ നീണ്ട അനിശ്ചതത്വത്തിനൊടുവില്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം പിന്‍വലിച്ചു; തീരുമാനമായത് ഇക്കാര്യത്തില്‍

 

തിരുവനന്തപുരം: (KVARTHA) ദിവസങ്ങള്‍ നീണ്ട അനിശ്ചതത്വത്തിനൊടുവില്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം പിന്‍വലിച്ചു. മന്ത്രി കെബി ഗണേഷ് കുമാറുമായി ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ നടത്തിയ ചര്‍ചയെ തുടര്‍ന്നാണ് തീരുമാനം. ഇരട്ട ക്ലച് സംവിധാനം തുടരാനും ഡ്രൈവിങ് ടെസ്റ്റിന് 18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിലെ മാതൃകയില്‍ ആദ്യം ഗ്രൗണ്ട് ടെസ്റ്റും തുടര്‍ന്ന് റോഡ് ടെസ്റ്റുമാകും തുടര്‍ന്നും നടത്തുക.

അതുപോലെ തന്നെ ടെസ്റ്റ് നടത്തുന്ന വാഹനത്തില്‍ കാമറ സ്ഥാപിക്കണമെന്ന നിര്‍ദേശവും ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ അംഗീകരിച്ചു. ടെസ്റ്റ് നടത്തുന്ന വാഹനത്തില്‍ മോടോര്‍ വാഹന വകുപ്പ് കാമറ വാങ്ങി ഘടിപ്പിക്കും. ഇതിലെ ദൃശ്യങ്ങള്‍ മൂന്നു മാസം വരെ ആര്‍ടി ഓഫിസിലെ കംപ്യൂടറില്‍ സൂക്ഷിക്കും. ഡ്രൈവിങ് ടെസ്റ്റിന് ഈടാക്കുന്ന ഫീസ് ഏകീകരിക്കാന്‍ സമിതിയെ നിയോഗിക്കും. കെ എസ് ആര്‍ ടി സി 10 കേന്ദ്രങ്ങളില്‍ ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Driving Test | ദിവസങ്ങള്‍ നീണ്ട അനിശ്ചതത്വത്തിനൊടുവില്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം പിന്‍വലിച്ചു; തീരുമാനമായത് ഇക്കാര്യത്തില്‍
 
ഒരു മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍ 40 ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്നാണ് സര്‍കുലറില്‍ പറഞ്ഞിരുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതുപ്രകാരം രണ്ട് ഇന്‍സ്‌പെക്ടര്‍മാരുള്ളിടത്ത് 80 ലൈസന്‍സ് ടെസ്റ്റ് നടത്തും. ഇത് പര്യാപ്തമല്ലെന്നായിരുന്നു പരാതി. ഏതാണ്ട് 10 ലക്ഷത്തോളം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുവെന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ 2.5 ലക്ഷം അപേക്ഷകളാണുള്ളതെന്നാണ് മനസ്സിലായത്.

ഈ ബാക് ലോഗ് പരിഹരിക്കും. ഓരോ ആര്‍ടി ഓഫിസിലും സബ് ആര്‍ടി ഓഫിസിലും എത്ര അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് അടുത്തദിവസങ്ങളില്‍ പരിശോധിക്കും. കൂടുതല്‍ അപേക്ഷ ഉള്ള സ്ഥലങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ നിയമിച്ച് ബാക് ലോഗ് പരിഹരിക്കും എന്നും മന്ത്രി അറിയിച്ചു.

ലേണേഴ്‌സ് ലൈസന്‍സിന്റെ കാലാവധി തീരുമെന്ന ഭയം വേണ്ട. ആറു മാസം കഴിഞ്ഞാലും കാലാവധി നീട്ടിക്കിട്ടും. ചെറിയൊരു ഫീസ് അടച്ചാല്‍ മതി. ആ പരീക്ഷ ഇനി എഴുതേണ്ട. രണ്ട് വശത്തും ക്ലചും ബ്രേകുമുള്ള വാഹനം ലോകത്ത് എവിടെയും ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാറില്ല. 

സ്വന്തമായ വാഹനത്തിലേക്ക് സര്‍കാരെത്തുകയോ വാഹനം വാടകയ്‌ക്കെടുകയോ ചെയ്യുന്ന സംവിധാനമാകുന്നതുവരെ രണ്ടുവശത്തും ക്ലചും ബ്രേകുമുള്ള വാഹനങ്ങള്‍ തത്കാലം ടെസ്റ്റിന് അനുവദിക്കും. തീര്‍ചയായും ഡ്രൈവിങ് ടെസ്റ്റിന്റെ ക്വാളിറ്റി ഉയരും. നന്നായി ഡ്രൈവിങ് അറിയുന്നവര്‍ മാത്രം വണ്ടിയോടിച്ചാല്‍ മതിയെന്നാണ് സര്‍കാര്‍ തീരുമാനമെന്നും അതിനോട് ഡ്രൈവിങ് സ്‌കൂള്‍ പ്രതിനിധികളും യോജിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ടെസ്റ്റ് നടക്കുമ്പോള്‍ പീഡനങ്ങളുണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ കാമറ സ്ഥാപിക്കണമെന്ന നിര്‍ദേശവും നേരത്തേ മുന്നോട്ടുവച്ചിരുന്നു. ഇതിനുവേണ്ടിയുള്ള കാമറകള്‍ മോടോര്‍ വെഹികിള്‍ വിഭാഗം വാങ്ങാന്‍ തീരുമാനിച്ചു. ടെസ്റ്റിന്റെ സമയത്ത് ഉദ്യോഗസ്ഥന്‍ കാമറ വാഹനത്തിന്റെ ഡാഷ് ബോര്‍ഡില്‍ സ്ഥാപിക്കും. 

ടെസ്റ്റിനുശേഷം കാമറ ദൃശ്യങ്ങള്‍ കംപ്യൂടറിലേക്ക് മാറ്റും. മൂന്നുമാസം വരെ ഈ ദൃശ്യങ്ങള്‍ സൂക്ഷിക്കും എന്നും മന്ത്രി പറഞ്ഞു. സമരക്കാര്‍ ആരോപിച്ചതുപോലെ ആരുടെയും തൊഴില്‍ നഷ്ടമാകുന്ന അവസ്ഥയുണ്ടാകില്ലെന്നും ഡ്രൈവിങ് പഠിച്ച് അഞ്ചുവര്‍ഷം കഴിഞ്ഞവര്‍ക്ക് ഡ്രൈവിങ് പഠിപ്പിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സിഐടിയു ഉള്‍പെടെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സംഘടനകള്‍ ചര്‍ചയില്‍ പങ്കെടുത്തു. 15 ദിവസമായി ഡ്രെവിങ് സ്‌കൂള്‍ സംഘടനകള്‍ സമരത്തിലായിരുന്നു. പരിഷ്‌കാരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടെടുത്തിരുന്ന മന്ത്രി സമരം ശക്തമായതോടെയാണ് സംഘടനകളെ ചര്‍ചയ്ക്കു വിളിച്ചത്. സമരത്തെ തുടര്‍ന്ന് ഡ്രൈവിങ് ലൈസന്‍സിനായുള്ള ലേണേഴ്‌സ് ടെസ്റ്റും ഗ്രൗണ്ട് ടെസ്റ്റും ദിവസങ്ങളായി മുടങ്ങിയ സ്ഥിതിയാണ്.

Keywords: Driving school committee to end protest; Minister agrees to roll back reforms, Thiruvananthapuram, News, KB Ganesh Kumar, Camera, Driving License, Driving School Committee, Protest, Meeting, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia