Obituary | 'വളര്‍ത്തുനായ കുരച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ ക്രൂരമര്‍ദനം'; ചികിത്സയിലായിരുന്ന ഹൈകോടതി ജഡ്ജിന്റെ ഡ്രൈവര്‍ മരിച്ചു
Apr 1, 2024, 17:31 IST
കൊച്ചി: (KVARTHA) വളര്‍ത്തുനായ കുരച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ ക്രൂരമര്‍ദനമേറ്റ് ചികിത്സയിലായിരുന്ന ഹൈകോടതി ജഡ്ജിന്റെ ഡ്രൈവര്‍ മരിച്ചു. എറണാകുളം സ്വദേശിയും ഹൈകോടതി ജഡ്ജി ജസ്റ്റിസ് സതീഷ് നൈനാന്റെ ഡ്രൈവറുമായ വിനോദ് (45)ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് നാല് ഇതരസംസ്ഥാനക്കാരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നായ കുരച്ചപ്പോള്‍ ഇതരസംസ്ഥാനക്കാര്‍ ആദ്യം നായയെയാണ് ആക്രമിച്ചതെന്നും ഇത് ചോദ്യം ചെയ്‌തെത്തിയപ്പോഴാണ് വിനോദിനും മര്‍ദനമേറ്റതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ ഉത്തര്‍പ്രദേശ് ബറൂത്ത് ശതാബ്ദി നഗര്‍ സ്വദേശി അശ്വിനി ഗോള്‍കര്‍ (27), ഗാസിയാബാദ് രാജേന്ദ്രനഗര്‍ സ്വദേശി കുശാല്‍ ഗുപ്ത (27),രാജസ്താന്‍ ഗംഗാനഗര്‍ വിനോഭാബ സ്വദേശി ഉത്കര്‍ഷ് (25), ഹരിയാന സോനിപറ്റ് ഗോഹാന സ്വദേശി ദീപക് (26) എന്നിവരെയാണ് വധശ്രമത്തിനു പൊലീസ് അറസ്റ്റു ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
മാര്‍ച്ച് 25ന് രാത്രി 10.30നായിരുന്നു സംഭവം. മുല്ലശേരി കനാല്‍ റോഡിലുള്ള വിനോദിന്റെ വീട്ടിലെ നായ ഗേറ്റിനകത്തുനിന്ന് കുരച്ചത് അതുവഴി നടന്നുപോയ പ്രതികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. പ്രതികളിലൊരാള്‍ ചെരുപ്പ് കൊണ്ട് നായയെ എറിഞ്ഞു. വിനോദ് ഇതു ചോദ്യം ചെയ്തു. തുടര്‍ന്ന് പ്രതികളും വിനോദുമായി വാക്കേറ്റമുണ്ടായി. രണ്ടുപേര്‍ ചേര്‍ന്ന് വിനോദിനെ അടിക്കുകയും വയറ്റില്‍ ഇടിക്കുകയും ചെയ്തു.
അശ്വിനി ഗോള്‍കര്‍ പിറകിലൂടെ വന്ന് വിനോദിന്റെ കഴുത്തിനു പിടിച്ച് വലതുകൈത്തണ്ട കൊണ്ട് കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു. മുട്ടുകുത്തി വിനോദ് കമിഴ്ന്നു വീണിട്ടും കഴുത്തില്‍നിന്ന് പിടിവിട്ടില്ല. പുറത്തു കയറിയിരുന്ന് വലതു കൈത്തണ്ട കൊണ്ട് കഴുത്തില്‍ അമര്‍ത്തി വലിച്ചു മുറുക്കി.
ബഹളം കേട്ട് ഓടിയെത്തിയവരാണ് വിനോദിനെ പ്രതികളില്‍ നിന്നും രക്ഷപ്പെടുത്തിയത്. വിനോദ് താമസിക്കുന്ന വീടിനു രണ്ട് വീട് അപ്പുറമാണ് പ്രതികള്‍ താമസിച്ചിരുന്നത്. കഴുത്ത് ഞെരിച്ചതിനെ തുടര്‍ന്ന് തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ എത്തുന്നത് തടസപ്പെടുകയായിരുന്നു. തുടര്‍ന്ന് ആസുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
Keywords: Driver of High Court judge, who undergoing treatment, died, Kochi, News, Driver, High Court judge, Died, Attack, Hospital, Treatment, Injured, Dog Barking, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.