മകനെന്തു പറ്റിയെന്നറിയാന്‍ പിതാവിന് അവകാശമില്ലേ? ഡോ.ഗംഗാധരന് ചോദിക്കുന്നു
Jul 19, 2012, 18:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
![]() |
| Dr.Gangadharan |
സംഭവം പറയുന്നതിനു മുമ്പ് ഡോ.ഗംഗാധരനെ ഒന്നു പരിചയപ്പെടുത്താം. തിരുവനന്തപുരത്തും കോഴിക്കോട്ടും 'പത്തായം' എന്ന പേരില്‍ പ്രകൃതി ഭക്ഷണശാലയും തിരുവനന്തപുരത്ത് പ്രകൃതി ചികിത്സാ കേന്ദ്രവും നടത്തുകയാണ് ഇദ്ദേഹം. ഭാര്യ ശോഭയും പ്രകൃതി ചികിത്സയില്‍ ബിരുദമെടുത്ത മകന് ഡോ.സായൂജും ഇദ്ദേഹത്തോടൊപ്പമുണ്ട്. സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന്റെ സഹോദരനാണ് ഡോ.ഗംഗാധരന്. ഗംഗാധരന് - ശോഭ ദമ്പതികളുടെ മൂന്നു മക്കളില്‍ മൂത്തവനായ സനജ് സ്വന്ത ഇഷ്ടപ്രകാരമാണ് മറൈന്‍ എന്‍ജിനീയറിങ് പഠിച്ചത്. ബിടെക് പഠനശേഷം സിങ്കപ്പൂര്‍ കമ്പനിയില്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ സനജ് തന്റെ കൂടെ പഠിച്ച 42 പേരില്‍ നിന്ന് പാസ്സായ ഏക വിദ്യാര്‍ഥി കൂടിയായിരുന്നു. കല്‍ക്കൊത്ത ഇന്ത്യ സ്റ്റീം ഷിപ്പ് കമ്പനിയില്‍ എന്‍ജിനീയറായി ചേര്‍ന്ന സനജിന് ഒന്നര ലക്ഷം രൂപയായിരുന്നു മാസശമ്പളം വാഗ്ദാനം ചെയ്യപ്പെട്ടത്. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ചീഫ് എന്‍ജിനീയറായി ഉയര്ത്തപ്പെടുന്നതനുസരിച്ച് ശമ്പളം അഞ്ചുലക്ഷം രൂപ വരെയായി ഉയരുമെന്നും വാഗ്ദാനമുണ്ടായിരുന്നു. എം.ടി.രത്ന ഉര്‍വി എന്ന കപ്പലില്‍ ഫോര്‍ത്ത് എന്‍ജിനീയറായി താന്‍ ചേര്‍ന്നെന്ന് 2009 ഫെബ്രുവരി 27 ന്് സനജ് പിതാവിനെ ഫോണ്‍ ചെയ്തറിയിച്ചു. ഗുജറാത്തില്‍ ഈജിപ്തിലേക്കുള്ള യാത്രയാണെന്നും ആ ഫോണ്‍ സന്ദേശത്തിലുണ്ടായിരുന്നു. ട്രെയിനിങ് വേളയില്‍ കപ്പല്‍ കരക്കടുക്കുന്ന ഓരോ പോയന്റില്‍ വെച്ചും വീട്ടിലേക്ക് ബന്ധപ്പെടാറുള്ള സനജില് നിന്ന് പിന്നീട് സന്ദേശമൊന്നും പിതാവിനോ ബന്ധുക്കള്‍ക്കോ ലഭിച്ചില്ല. മകന് കപ്പല്‍ ജോലിയിലാണല്ലോ എന്ന സമാധാനത്തിലിരിക്കുകയായിരുന്ന ഡോ.ഗംഗാധരനെത്തേടി 2009 മാര്‍ച്ച് ഒമ്പതിന് കൊല്‍ക്കൊത്തയിലെ കപ്പല്‍ കമ്പനിയില്‍ നിന്ന് ഒരു ഫോണ്‍ കോളെത്തി. ഒരു തരം ടെലഫോണിക് ഇന്റര്‍വ്യൂ മട്ടിലായിരുന്നു ആ കോള്‍.
![]() |
| Sanaj |
'നിങ്ങളുടെ മകന് ഇപ്പോള്‍ എവിടെയാണ്?' എന്നു ചോദിച്ചു തുടങ്ങിയ ഫോണ്‍ കോളിന്റെ അവസാനഭാഗം ഗംഗാധരന്റെ കാതില്‍ ഇടിത്തീയായി പതിച്ചു. 'സനജ് രാവിലെ ആറു മണിക്ക് ജോലി കഴിഞ്ഞിറങ്ങി. ഉച്ചക്ക് 12 മണിക്ക് ഭക്ഷണം കഴിക്കാനുണ്ടായിരുന്നു. പിന്നീട് മറ്റൊരു എന്‍ജിനീയറുമായും സംസാരിച്ചു. എന്നാല്‍ ഏഴു മണിക്ക് ജോലിക്കു കയറാന്‍ ആളെ കണ്ടില്ല. ഞങ്ങള്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. ഡോഗ് സ്കോഡ് വന്നു പരിശോധന നടത്തിപ്പോയി.' എന്നായിരുന്നു ഡോ.ഗംഗാധരന് കേള്‍ക്കാനിഷ്ടപ്പെടാത്ത ആ സന്ദേശം. കപ്പല്‍ യു.എ.ഇ ഫ്യുജറ തുറമുഖത്തായിരുന്നു എന്നും ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞു. പിന്നീട് മകന് എന്തു സംഭവിച്ചു എന്ന ചോദ്യത്തിന് അയാള്‍ ഉത്തരം നല്‍കിയില്ല. ഡോ.ഗംഗാധരന്റെ അന്വേഷണം ആരംഭിക്കുന്നതിവിടെ വെച്ചാണ്.
ഏപ്രില്‍ 4 ന് കപ്പല്‍ ഈജിപ്തിലേക്കുള്ള ട്രിപ്പ് പാതിവഴിയില്‍ റദ്ദാക്കി വിശാഖപട്ടണത്തേക്ക് തിരിച്ചു. ഒരു മലയാളി മുഖേനെയാണ് ഈ വിവരം ഗംഗാധരന് മനസ്സിലാക്കിയത്. ഇളയ മകന് സായൂജിനെയും മറ്റൊരു ബന്ധുവിനെയും കൂട്ടി അദ്ദേഹം വിശാഖപട്ടണത്തേക്ക് തിരിച്ചു. അവിടെയെത്തിയതും മറ്റൊരു ഫോണ്‍ അദ്ദേഹത്തെ തേടിയെത്തി. 'കപ്പലിന്റെ സി.സെക്ഷന്‍ വാല്‍വില്‍ നിന്ന് ചില അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതിവിടെ ഫ്രീസ് ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. അതും കൂടെ നിങ്ങള്‍ മനസ്സില്‍ കരുതിക്കോളണം.' എന്നായിരുന്നു ആ ഫോണ്‍ വിളി ഗംഗാധരന്റെ കാതില്‍ പറഞ്ഞത്. ആ ഫോണിന്റെ ഉറവിടവും കല്‍ക്കത്ത തന്നെ.
ഏറെ ശ്രമിച്ച ശേഷം കപ്പലില്‍ കയറി സംസാരിക്കാന്‍ ഗംഗാധരനും കൂടെയുള്ളവര്‍ക്കും അനുവാദം കിട്ടി. പക്ഷേ, അവിടെ നടക്കുന്ന സംസാരമൊന്നും തേര്‍ഡ് പാര്‍ട്ടി അറിയാന്‍ പാടില്ലെന്ന വ്യവസ്ഥയോടെയായിരുന്നു അനുവാദം. കപ്പലിന്റെ ക്യാപ്റ്റനെ ഇരുത്തിക്കൊണ്ട് കപ്പല്‍ കമ്പനിയുടെ ആളുകള്‍ സംസാരിച്ചു. പിന്നെ ചില കടലാസുകളില്‍ ഒപ്പും ഇടുവിച്ചു. പിറ്റേന്ന് ഇതേക്കുറിച്ച് വിശാഖപട്ടണത്തെ അഭിഭാഷകനോടു ചോദിച്ചപ്പോള്‍ ഒപ്പിട്ട കടലാസുകളുടെ കോപ്പി ആവശ്യപ്പെടാന്‍ നിര്‍ദ്ദേശം കിട്ടി. വിശാഖപട്ടണത്തെ പോലീസില്‍ പരാതി നല്കിയ ശേഷം വീണ്ടും ഡോ.ഗംഗാധരന് കപ്പല്‍ സന്ദര്‍ശിച്ചു. വിശാഖപട്ടണം പോലീസും കൂടെയുണ്ടായിരുന്നു. അപ്പോഴാണ് ഫ്രീസറില്‍ സൂക്ഷിച്ച മാംസം അരച്ചതു പോലെ എന്തോ ഒന്ന് കപ്പലധികൃതര്‍ സനജിന്റെ ശരീരാവശിഷ്ടങ്ങളാണന്ന മട്ടില്‍ ഇവരുടെ മുമ്പാകെ ഹാജരാക്കിയത്. മനുഷ്യമാസമാണോ, മത്സ്യമാണോ എന്നു തിരിച്ചറിയാന്‍ കഴിയാത്ത വസ്തുവായിരുന്നു അത്. ഡി.എന്‍.എ പരിശോധനക്കു വേണ്ടി പോലിസ് അതു ശേഖരിച്ചു. തലേ ദിവസം ഒപ്പിട്ട കടലാസുകളുടെ കോപ്പി ഡോ.ഗംഗാധരന് ആവശ്യപ്പെട്ടപ്പോള്‍ ദേഷ്യം പിടിച്ച് ഗറ്റൗട്ട് എന്നലറിയത് കൂടെ വന്ന പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്നു.
അപ്പോള്‍ സമയം വൈകുന്നേരം നാലു മണി. ഗംഗാധരനെയും മകന് സായൂജിനെയും ബന്ധുവിനെയും ഉന്തിത്തള്ളി കപ്പലിലെ ഒരു റൂമിനകത്താക്കി. കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ അവര്‍ പിടിച്ചെടുക്കാത്തത് ഭാഗ്യം. ജ്യേഷ്ഠന് സിവിക് ചന്ദ്രനെ ഗംഗാധരന് ഫോണിലൂടെ വിവരങ്ങളറിയിച്ചു. സിവിക് ചന്ദ്രന്റെ ഇടപെടലുകള്‍ക്കൊടുവില്‍ രാത്രി പന്ത്രണ്ടു മണിയോടെയാണ് ഏഴു മണിക്കൂര്‍ നീണ്ട തടവ് അവസാനിപ്പിച്ച് ഇവരെ മോചിപ്പിക്കാന്‍ കപ്പലധികൃതര്‍ തയ്യാറായത്. ഡോ.ഗംഗാധരന് കൂട്ടിനു വന്ന വിശാഖപട്ടണത്തെ പോലീസ് കപ്പലിലെ സല്‍ക്കാരം കഴിഞ്ഞ് എത്രയോ മുമ്പെ സ്ഥലം വിട്ടതിനാല്‍ ഇവര്‍ തനിച്ചാണ് അവിടുന്നു മടങ്ങിയത്. നാട്ടില്‍ തിരിച്ചെത്തിയ ഉടന്‍ ഡോ.ഗംഗാധരന് കപ്പല്‍ കമ്പനി മകനെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് കാണിച്ച് എറണാകുളം ഹൈക്കോടതിയില്‍ ഹേബിയസ്കോര്‍പസ് ഹരജി നല്കി. ഇതിനു കപ്പല്‍ കമ്പനി നല്കിയ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ കോടതി സി.ബി.ഐ അന്വേഷണത്തിനുത്തരവിട്ടു. രണ്ടു തവണ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിക്കു നല്കിയ സി.ബി.ഐ അന്തിമ റിപ്പോര്‍ട്ട് വിശാഖപട്ടണം മണ്ഡല് മജിസ്ട്രേട്ട് മുമ്പാകെയാണ് സമര്‍പ്പിച്ചത്. പരാതിക്കാരുടെ അനുവാദം ചോദിക്കണമെന്ന ചട്ടം ലംഘിച്ച് സി.ബി.ഐ ഇങ്ങനെ ചെയ്തത് സംശയാസ്പദമാണ്. പഠനാവശ്യത്തിന് ബാങ്ക് ലോണെടുത്ത മാനസിക വിഷമം കാരണം സനജ് ആത്മഹത്യ ചെയ്തു എന്നായിരുന്നു സി.ബി.ഐ.യുടെ കണ്ടെത്തല്‍. സനജിന്റെ ബാങ്ക് ലോണ്‍ വെറും 1.20 ലക്ഷം രൂപ മാത്രം. പ്രതിമാസം സനജിന് വാഗ്ദാനം ചെയ്യപ്പെട്ട ശമ്പളം ഒന്നര ലക്ഷം രൂപയായിരുന്നതിനാല്‍ ബാങ്ക് ലോണിനെക്കുറിച്ചു ഭാരപ്പെടുകയോ മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുകയോ വേണ്ടെന്ന് മനസ്സിലാക്കാന്‍ സി.ബി.ഐ യുടെയോ സാദാ പോലീസിന്റെയോ ബുദ്ധി ആവശ്യമില്ല. സി.ബി.ഐ റിപ്പോര്‍ട്ട് വിശാഖപട്ടണം മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കുന്നതിനെതിരെ വാദിക്കാന്‍ ഡോ.ഗംഗാഗധരന് അവിടത്തെ ഒരു വക്കീലിനെ ഏര്‍പ്പാടാക്കിയിരുന്നു. കേസ് പരിഗണനക്കെടുത്ത മൂന്നു തവണയും ഇയാള്‍ ഹാജരാവാത്തതിനാല്‍ കേസ് തള്ളിപ്പോയി. ഇതോടെ നിയമമനുസരിച്ച് എറണാകുളം ഹൈക്കോടതിയിലെ കേസും അവസാനിച്ചു. വിശാഖപട്ടണത്ത് ഏര്‍പ്പാടാക്കിയ വക്കീലാരാണെന്ന് സി.ബി.ഐക്കാര്‍ രണ്ടു മൂന്നു തവണ തന്നെ വിളിച്ചു തിരക്കിയത് ഇത്തരമൊരു കെണി ഒരുക്കാനായിരുന്നുവെന്നു പിന്നാടാണ് ഡോ.ഗംഗാധരന് മനസ്സിലായത്.
തന്റെ മകന് ആത്മഹത്യ ചെയ്യാനുള്ള ദുര്‍ബല മാനസികാവസ്ഥയിലായരുന്നില്ലെന്ന് ഡോ.ഗംഗാധരന് ഉറപ്പുണ്ട്. കപ്പല്‍ ജോലിയിലെ അടിയൊഴുക്കുകള്‍ കൃത്യമായി ബോധ്യമുണ്ടായിരുന്ന സനജ് അവയെ നേരിടാനുള്ള ചങ്കുറപ്പോടെ തന്നെയാണ് ജോലിക്ക് ഇറങ്ങിപ്പുറപ്പെട്ടത്. സഹപ്രവര്ത്തകരായെത്തുന്ന കുഴപ്പക്കാരുടെ കഥകള്‍ ഓരോന്നായി പറയുമ്പോള്‍ ഈ പണി വേണ്ട, നമുക്കു മറ്റെന്തെങ്കിലും നോക്കാമെന്ന തന്റെ അഭിപ്രായം സ്നേഹപൂര്‍വം മകന് നിരസിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്തു സംഭവിച്ചാലും തന്നോടു പറയുന്ന മകനെക്കുറിച്ച് തനിക്ക് നല്ല ഉറപ്പുണ്ടെന്ന് ആ പിതാവ് ദൃഢസ്വരത്തില്‍ പറയുന്നു. മകന് എന്തു സംഭവിച്ചു എന്നറിയാന്‍ ഇനി വിശാഖപട്ടണം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കണം. അതിന് പണം വേണം. പിന്നെ വിശ്വസിക്കാവുന്ന ഒരു വക്കീലിനെയും വേണം. ഡോ.ഗംഗാധരന് പ്രതിസന്ധിയിലാണ്. പക്ഷേ, അടങ്ങിയിരിക്കാന്‍ ആ പിതൃഹൃദയത്തിന് കഴിയില്ല.
സനജിന്റെ തിരോധാനം ഒറ്റപ്പെട്ട സംഭവമല്ല. കപ്പലില്‍ ജോലിക്കാരായ യുവാക്കള്‍ അപ്രത്യക്ഷമാവുന്നത് ഒരു തുടര്‍ക്കഥയാണ്. അല്പം മുന്‍പ് കേരളത്തിലെ തന്നെ ഒരു യുവാവ് സമാനസാഹചര്യത്തില്‍ കാണാതായത് കപ്പല്‍ കമ്പനി വന്‍തുക നഷ്ടപരിഹാരം നല്കി ഒതുക്കി. കാസര്‍കോട്ടെ നാഗേഷ് ഷെട്ടിയുടെയും ചന്ദ്രമതിയമ്മയുടെയും മകന് പ്രദീപ് രാജിനെയും കപ്പല്‍ ജോലിക്കിടെ കാണാതായതാണ്. ഒരു ഏജന്‍സി മുഖേനെയാണ് പ്രദീപ് രാജ് കപ്പല്‍ ജോലിക്കു കയറിയത്. സംഭവം ഒതുക്കാന്‍ നാല്പതു ലക്ഷം രൂപ എന്ന പ്രലോഭനമാണ് ഏജന്‍സി ആ മാതാപിതാക്കളുടെ നേരെ നീട്ടിയത്. മകന് എന്തു പറ്റിയെന്നറിയാതെ, മകന് മരിച്ചു എന്നുറപ്പു വരുത്താതെ നഷ്ടപരിഹാരം വാങ്ങുന്നതെങ്ങിനെ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഡോ.ഗംഗാധരനോടൊപ്പം ചേര്‍ന്ന് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് നാഗേഷ് ഷെട്ടി. എന്ജിനീയറി്ങ് വിദ്യാര്‍ഥി രാജന്റെ പിതാവ് ഈശ്വര വാര്യരെ പോലെ മകന് എന്തു സംഭവിച്ചു എന്നറിയാന്‍ വേവലാതി പൂണ്ട പിതാക്കന്മാര് ഇനിയും ഉണ്ടാവാതിരിക്കാന്‍ സമൂഹ മനസ്സാക്ഷി ഇവരോടൊത്തു ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്.
-ജെഫ്രി റെജിനോഡ്.എം
Summary: There are many youths who took marine jobs in ships were missing. Sanaj son of Dr.Gangadharan was one among them. Dr.Gangadharn informed that Sanaj was missing on 2009 March 8. Sanaj was fourth engenier of the ship M.T.Rathna Urei owned by Kolkotha Shipping India Steam Ship Co. Dr.Gangadharan is in quest of what did happen to his son? He belives that C.B.I probe also derailed by the influence of Shipping Company. Missing of Pradeep Raj son of Nagesh Shetty is another case recently happened. Social mind has to arise to ensure justice for these families and stop the cruelties against youths who select their profession as marine workers.
Keywords: Missing, Ship, M.T.Rathna Urei, Kolkkotha India Steem Ship Co., Sanaj, Dr.Gangadharan, Pradeep Raj, Nagesh Shetty.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


