Dr. V P Gangadharan | 'കാന്‍സര്‍ കാരണമല്ല ഇന്നസെന്റ് നമ്മെ വിട്ടുപിരിഞ്ഞത്; രോഗത്തെ ചിരിയോടെ നേരിട്ട് വിജയം വരിച്ചതാണ് അദ്ദേഹം'; നടന്റെ മരണകാരണം വെളിപ്പെടുത്തി ഡോ. വി പി ഗംഗാധരന്‍

 




കൊച്ചി: (www.kvartha.com) നടന്‍ ഇന്നസെന്റിന്റെ മരണകാരണം വെളിപ്പെടുത്തി ഡോ. വി പി ഗംഗാധരന്‍. കാന്‍സര്‍ കാരണമല്ല ഇന്നസെന്റ് നമ്മെ വിട്ടുപിരിഞ്ഞതെന്നും മറിച്ച് കോവിഡും അനുബന്ധരോഗങ്ങളുമാണ് ആ മഹാ കലാകാരനെ തട്ടിയെടുത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പലരുടെയും തെറ്റിദ്ധാരണ ഇന്നസെന്റിനെ വീണ്ടും കാന്‍സര്‍ കീഴ്‌പ്പെടുത്തിയിരുന്നുവെന്നതാണ്. 'സ്വര്‍ഗത്തില്‍നിന്ന് ഇന്നസെന്റ് ചിരിയോടെ പറയുന്നുണ്ടാകും: പേടിക്കേണ്ട, എന്റെ കാന്‍സര്‍ മാറിയതാണ്.'- ഡോക്ടര്‍ പറഞ്ഞു. രണ്ട് തവണ അര്‍ബുദ രോഗത്തോട് പോരാടി അതിജീവനത്തിന്റെ സന്ദേശം മറ്റു രോഗികള്‍ക്കും പകര്‍ന്ന ആത്മവിശ്വാസത്തിന്റെ വ്യക്തിത്വമായിരുന്നു ഇന്നസെന്റിന്റേത്. അതിനിടയിലാണ് കാന്‍സര്‍ രോഗമല്ല ഇന്നസെന്റിന്റെ ജീവനെടുത്തത് എന്ന് ഡോ. വി പി ഗംഗാധരന്‍ അറിയിച്ചത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ബയോപ്‌സിയുടെ ഫലം ഞാനാണ് ഇന്നസെന്റിനെ വിളിച്ചറിയിക്കുന്നത്. അന്ന് അദ്ദേഹം ഒരു സിനിമയുടെ അവസാന സീനില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇരുട്ടിലേക്ക് പോകുന്നതായിരുന്നു ആ രംഗം. റിസല്‍റ്റ് അറിഞ്ഞദിവസം ഇന്നസെന്റിന് താന്‍ ഇരുട്ടിലേക്ക് പോകുകയാണോ എന്ന സന്ദേഹം ഉണ്ടായിരുന്നു. എന്നാല്‍ പിറ്റേദിവസം കാണാനെത്തിയതുമുതല്‍ വളരെ ലാഘവത്തോടെയാണ് അദ്ദേഹം കാന്‍സറിനെ നേരിട്ടത്.

സെലിബ്രിറ്റി തലത്തിലുള്ള ഇന്നസെന്റിനെപ്പോലൊരാള്‍ തന്റെ രോഗബാധ തുറന്നു പറഞ്ഞത് സമൂഹത്തിന് മാതൃകയും മാനസികമായി തളര്‍ന്നിരുന്നവര്‍ക്ക് ആശ്വാസവുമായി. കാന്‍സര്‍ മാറില്ലെന്നൊര് ബോധ്യത്തെ ഇന്നസെന്റ് ചിരിയോടെ നേരിട്ടു വിജയം വരിച്ചത് ഏറെപ്പേര്‍ക്ക് ആത്മവിശ്വാസം നല്‍കി. ഇന്നസെന്റില്‍നിന്നു നമുക്കു പഠിക്കാനേറെയുണ്ട്. രോഗത്തെ ചിരിച്ചുനേരിട്ട അദ്ദേഹത്തിന്റെ പോസിറ്റീവ് മനസാണ് ആദ്യത്തേത്.

Dr. V P Gangadharan | 'കാന്‍സര്‍ കാരണമല്ല ഇന്നസെന്റ് നമ്മെ വിട്ടുപിരിഞ്ഞത്; രോഗത്തെ ചിരിയോടെ നേരിട്ട് വിജയം വരിച്ചതാണ് അദ്ദേഹം'; നടന്റെ മരണകാരണം വെളിപ്പെടുത്തി ഡോ. വി പി ഗംഗാധരന്‍


ഇന്നസെന്റിന് ഉറച്ച തീരുമാനങ്ങളുണ്ട്. പല സിനിമാതാരങ്ങളും അദ്ദേഹത്തിനു രോഗസംബന്ധമായ ഉപദേശങ്ങള്‍ നല്‍കുക പതിവായിരുന്നു. ഒറ്റമൂലികള്‍, പച്ചമരുന്നുകള്‍, ഫലമൂലാദികള്‍ എന്നിവ അവരില്‍ പലരും ഇന്നസെന്റിന് നല്‍കുമായിരുന്നു. എന്നാല്‍, ശാസ്ത്രീയ ചികിത്സാമാര്‍ഗങ്ങള്‍ മാത്രമേ തേടൂവെന്ന നിശ്ചയദാര്‍ഢ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടാണ് കാന്‍സറില്‍നിന്ന് അദ്ദേഹം മോചിതനായത്.

പലരും ചികിത്സയ്ക്കായി വിദേശത്ത് പോയപ്പോഴും അതിനുള്ള സാഹചര്യമുണ്ടായിട്ടും ഇന്നസെന്റ് ഇവിടെ തുടര്‍ന്നു. നമ്മുടെ നാട്ടിലും ചികിത്സാഫലമുണ്ട് എന്നൊരു സന്ദേശം അതിലൂടെ നമുക്ക് കിട്ടി. കാന്‍സര്‍ ബോധവല്‍ക്കരണത്തിനായി ഇന്നസെന്റ് പല യാത്രകളില്‍ കൂടെ വന്നിട്ടുണ്ട്. തന്റെ പോസിറ്റീവ് ചികിത്സാനുഭവം മറ്റു രോഗബാധിതരോട് തുറന്നു പറഞ്ഞ് അവരെ പ്രചോദിപ്പിക്കുന്നതിലും ഇന്നസെന്റ് വളരെ കരുതലെടുത്തു. കീമോതെറപിയുടെ സമയത്ത് കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കളിക്കൂട്ടം പോലുള്ള കൂട്ടായ്മകളില്‍ ഇന്നസെന്റ് പങ്കെടുക്കുകയും കാംപുകള്‍ക്കാകെ ഉണര്‍വ് പകരുകയും ചെയ്തിട്ടുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: News, Kerala, State, Death, Actor, Cancer, Health, Treatment, Doctor, Top-Headlines, Trending, Innocent, Dr. V P Gangadharan disclosing reason of actor Innocent death
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia