Criticism | ഇനി ഇടതുപക്ഷത്തിനൊപ്പം; സിപിഎം പറഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഡോ.പി സരിന്‍
● കോണ്‍ഗ്രസിനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ രൂക്ഷവിമര്‍ശനം
● എല്‍ഡിഎഫില്‍ തനിക്ക് ഇടമുണ്ടോ എന്നും ചോദ്യം
● പിന്തുണ തീരുമാനിക്കേണ്ടത് പാലക്കാട് ജില്ലാ കമ്മിറ്റിയെന്ന് ടിപി രാമകൃഷ്ണന്‍
പാലക്കാട്: (KVARTHA) സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനെതിരെയുള്ള പരസ്യ വമിര്‍ശനത്തിന് പിന്നാലെ ഇടതുപക്ഷത്തിനൊപ്പം ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ.പി സരിന്‍. വാര്‍ത്താസമ്മേളനം നടത്തിയാണ് താന്‍ ഇടതുപക്ഷത്തിനൊപ്പം ചേരുമെന്ന പ്രഖ്യാപനം സരിന്‍ നടത്തിയത്.
കോണ്‍ഗ്രസിനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ രൂക്ഷവിമര്‍ശനമാണ് സരിന്‍ നടത്തിയത്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധഃപതനത്തിന് കാരണം പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്നും ചില കോക്കസുകളിലേക്ക് മാത്രമായി ഒതുക്കുന്നതിനും ഹൈജാക്ക് ചെയ്യുന്നതിനും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് വിഡി സതീശനാണെന്നും വാര്‍ത്താസമ്മേളനത്തില്‍ സരിന്‍ കുറ്റപ്പെടുത്തി.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് കല്‍പ്പാത്തി രഥോത്സവമായ 13ന് മുമ്പ് നടത്തണമെന്ന് പ്രതിപക്ഷനേതാവ് ബോധപൂര്‍വം കത്തെഴുതിയത് 13ന് തന്നെ തിരഞ്ഞെടുപ്പ് നടക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെയാണെന്നും സരിന്‍ ചൂണ്ടിക്കാട്ടി. 13ന് തന്നെ തിരഞ്ഞെടുപ്പ് നടന്നാല്‍ ചില വോട്ടുകള്‍ കൂടുതലായി ചിലര്‍ക്ക് കിട്ടും എന്നത് യാഥാര്‍ഥ്യമാണ്.
ഒരാഴ്ച മുമ്പ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നെ വിളിച്ചിരുന്നു. ഭീഷണിയുടെയോ താക്കീതിന്റെയോ സ്വരത്തിലായിരുന്നു അദ്ദേഹത്തിന്റെ സംസാരം. പ്രതിപക്ഷനേതാവിനെ മാതൃകയാക്കിയാണ് രാഹുലിന്റെ പ്രവര്‍ത്തനം. വളര്‍ന്നുവരുന്ന കുട്ടി സതീശനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. മണിയടി രാഷ്ട്രീയത്തിന്റെ വക്താവാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഗ്രസിലെ, കെ എസ് യുവിലെ, യൂത്ത് കോണ്‍ഗ്രസിലെ യുവാക്കളെ രാഹുല്‍ വഴിതെറ്റിക്കും എന്നും സരിന്‍ ആരോപിച്ചു.
സിപിഎം പറഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇടതുപക്ഷത്തോട് ഒപ്പമാണെന്നും സരിന്‍ പറഞ്ഞു. ബിജെപി ബാന്ധവത്തിന്റെ പേരില്‍ കുറച്ചു നാളായി സിപിഎം വേട്ടയാടപ്പെടുകയാണെന്നും സരിന്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ നേതൃത്വത്തോട് എനിക്ക് ഇടമുണ്ടോ എന്ന് അന്വേഷിക്കുകയാണ്. മറുപടി പ്രതീക്ഷിക്കുന്നു, കാക്കുന്നു എന്നും സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം പി സരിനുള്ള പിന്തുണ തീരുമാനിക്കേണ്ടത് പാലക്കാട് ജില്ലാ കമ്മിറ്റിയാണെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്റെ പ്രതികരണം.
സരിന്റെ വാക്കുകള്‍
ഞാനാണ് രാജ്യമെന്ന് വിളിച്ചുപറഞ്ഞ ചക്രവര്‍ത്തിയെപ്പോലെയാണ് സതീശന്‍. ഞാനാണ് പാര്‍ട്ടിയെന്ന രീതിയിലേക്ക് പാര്‍ട്ടിയെ മാറ്റിയെടുത്ത് കോണ്‍ഗ്രസിലെ ജനാധിപത്യം തകര്‍ത്തു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം വിഡി സതീശന്‍ പ്രതിപക്ഷ നേതാവായതിന് പിന്നിലെ കഥകള്‍ മാധ്യമങ്ങള്‍ ഇനിയെങ്കിലും അന്വേഷിക്കണം.
അതൊരു അട്ടിമറി ആയിരുന്നുവെന്നും അത് എങ്ങനെ നടപ്പിലായതെന്നും മനസിലാക്കാതെ പോയതിന്റെ ഫലമാണ് ഇത്. പുതിയമുഖം കടന്നുവരുന്നതിന്റെ ആവേശത്തില്‍ ആയിരുന്ന കോണ്‍ഗ്രസ് അതില്‍ അസ്വാഭാവികത കണ്ടില്ല. എന്നാല്‍ അത് നല്ല മാറ്റമല്ലെന്ന് വൈകാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞു.
ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ഐക്യമുണ്ടാക്കി ബിജെപിക്കെതിരെ സമരം ചെയ്തു. അങ്ങനെ ചെയ്താല്‍ പ്രതിപക്ഷത്തിന് വിലയില്ലെന്ന് വരുത്തി. ബിജെപിയെ അല്ല സിപിഎമ്മിനെ ആണ് നേരിടേണ്ടതെന്ന് വരുത്താനുള്ള ശ്രമം നടത്തി. സിപിഎം വിരുദ്ധതയുടെ മേലങ്കിയണിഞ്ഞ് മൃദു ബിജെപി സമീപനത്തിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ അപകടപ്പെടുത്തുന്ന രീതിയിലേക്ക് സതീശന്‍ വഴിതിരിച്ചുവിട്ടു. ഇത് ചോദ്യം ചെയ്തില്ലെങ്കില്‍ കോണ്‍ഗ്രസ് തകരും.
2024ലെ വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കേണ്ടത്, ബിജെപി ഏതുനിമിഷവും പിടിച്ചെടുക്കാവുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെക്കൊണ്ടു തന്നെയാണെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത് എന്തിനാണ്. പാലക്കാട്ടെ കോണ്‍ഗ്രസിന്റെ നീക്കത്തില്‍ ആത്യന്തിക ഗുണഭോക്താവ് ബിജെപിയായിരിക്കും എന്നറിഞ്ഞിട്ടും വടകരയില്‍ ഷാഫിയെ മത്സരിപ്പിച്ചു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് കല്‍പ്പാത്തി രഥോത്സവമായ 13ന് മുമ്പ് നടത്തണമെന്ന് പ്രതിപക്ഷനേതാവ് ബോധപൂര്‍വം കത്തെഴുതിയത് 13ന് തന്നെ തിരഞ്ഞെടുപ്പ് നടക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെയാണ്. 13ന് തന്നെ തിരഞ്ഞെടുപ്പ് നടന്നാല്‍ ചില വോട്ടുകള്‍ കൂടുതലായി ചിലര്‍ക്ക് കിട്ടും എന്നത് യാഥാര്‍ഥ്യമാണ്.
ഒരാഴ്ച മുമ്പ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നെ വിളിച്ചിരുന്നു. ഭീഷണിയുടെയോ താക്കീതിന്റെയോ സ്വരത്തിലായിരുന്നു സംസാരം. പ്രതിപക്ഷനേതാവിനെ മാതൃകയാക്കിയാണ് രാഹുലിന്റെ പ്രവര്‍ത്തനം. വളര്‍ന്നുവരുന്ന കുട്ടി സതീശനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. മണിയടി രാഷ്ട്രീയത്തിന്റെ വക്താവാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഗ്രസിലെ, കെ എസ് യുവിലെ, യൂത്ത് കോണ്‍ഗ്രസിലെ യുവാക്കളെ വഴിതെറ്റിക്കും.- എന്നും സരിന്‍ ആരോപിച്ചു.
#DrPSarin #KeralaPolitics #CPM #Congress #LDF #VDSatheesan