Relief | വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കേരളത്തിലെത്തി ഡോ. കഫീൽ ഖാൻ

 
Relief

Photo: Arranged

'കേരളം തനിക്ക് നൽകിയ സ്നേഹത്തിന് പ്രതിഫലമായി ശിശുരോഗവിദഗ്ധൻ എന്ന നിലയിൽ  ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനാണ് തീരുമാനം'

കോഴിക്കോട്: (KVARTHA) വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കേരളത്തിലെത്തി ഡോ. കഫീൽ ഖാൻ. കേരളം തനിക്ക് നൽകിയ സ്നേഹത്തിന് പ്രതിഫലമായി ശിശുരോഗവിദഗ്ധൻ എന്ന നിലയിൽ  ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാവിലെ 9.30 മണിയോടെയാണ് അദ്ദേഹം കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. തുടർന്ന് വയനാട്ടിലേക്ക് തിരിക്കും.

Relief

നൂറ്റാണ്ടിലെ വലിയ ദുരന്തമാണ് വയനാട് ഉരുൾപൊട്ടലെന്ന് കഫീൽ ഖാൻ പറഞ്ഞു. മൂന്ന് ഗ്രാമങ്ങൾ പൂർണമായും നശിച്ചു. നിരവധി പേരെ കാണാതായി. നൂറ് കണക്കിന് പേർ കാംപിലാണ് താമസിക്കുന്നത്. സർകാരും സൈന്യവും ഒരുപാട് കാര്യങ്ങൾ ചെയ്തു. ഒരു ശിശുരോഗ വിദഗ്ധന്‍ എന്ന നിലയില്‍ ഇവിടത്തെ കുട്ടികള്‍ക്കായി എന്തെങ്കിലും ചെയ്യണം. കേരളത്തിൽനിന്ന് എനിക്ക് ഒരുപാട് സ്നേഹം ലഭിച്ചിട്ടുണ്ട്. അതിൽനിന്ന് അൽപമെങ്കിലും തിരിച്ചുകൊടുക്കണം', അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞു.

2017-ൽ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഘോരഗ്പൂരിലുള്ള ബി ആര്‍ സി മെഡികല്‍ കോളജില്‍ ഓക്‌സിജൻ കിട്ടാതെ നിരവധി കുഞ്ഞുങ്ങൾ നിലവിളിച്ചപ്പോള്‍ സ്വന്തം പണം ചിലവഴിച്ച് ഓക്‌സിജന്‍ സിലിൻഡറുകള്‍ വാങ്ങി അവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചതിലൂടെയാണ് കഫീൽ ഖാൻ ശ്രദ്ധേയനായത്. എന്നാൽ ഈ സംഭവത്തിൽ ഡോ. കഫീൽ ഖാൻ രാഷ്ട്രീയ പകപോക്കലിന് ഇരയാവുന്നതാണ് പിന്നീട് കണ്ടത്.

ബിആ​ർഡി മെ​ഡിക​ൽ കോ​ള​ജി​ൽ 60ലേ​റെ കു​ഞ്ഞു​ങ്ങ​ൾ മ​രി​ച്ച​ത് ഓ​ക്സി​ജ​ൻ ക്ഷാ​മ​ത്തെ തു​ട​ർ​ന്നാ​ണെ​ന്ന് വെളി​പ്പെ​ടു​ത്തി​​യ​തോടെ യുപി സർകാർ ഡോ. കഫീൽ ഖാനെതിരെ രംഗത്ത് വന്നിരുന്നു. സംഭവത്തിൽ ഒമ്പത് ഡോക്ടർമാരും സ്റ്റാഫ് അംഗങ്ങളും അവരുടെ ഡ്യൂടിയിലെ ക്രമക്കേടുകളുടെ പേരിൽ നടപടി നേരിട്ടിരുന്നു. എല്ലാവരെയും ജാമ്യത്തിൽ വിട്ടയച്ചപ്പോൾ കഫീൽ ഖാനെ ഇതിന് പിന്നാലെ സസ്പെൻഡ് ചെയ്യുകയും അഴിമതിയും മറ്റും ആരോപിച്ച് ഒമ്പത് മാസം ജയിലിൽ അടക്കുകയും ചെയ്തു. 

ഈ സമയത്ത് മലയാളികൾ അടക്കമുള്ളവർ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ജയിൽ മോചിതനായപ്പോൾ കേരളത്തിൽ നിരവധി സ്ഥലങ്ങളിൽ അദ്ദേഹത്തിന് സ്വീകരണം നൽകുകയും ചെയ്തിരുന്നു. 2019 സെപ്റ്റംബറിൽ കഫീൽ ഖാനെ കുറ്റമുക്തനാക്കി പ്രിൻസിപൽ സെക്രടറി അന്വേഷണ റിപോർട് സമർപിച്ചു. 2019 ഒക്ടോബറിൽ കഫീൽ ഖാനെതിരെ യു പി സർകാർ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചു. 

2020 ഫെബ്രുവരി 24ന് പുനരന്വേഷണം ആരംഭിച്ചു. കഫീൽ ഖാനെതിരായ തുടരന്വേഷണം പിൻവലിച്ചതായി സർകാർ പിന്നീട് കോടതിയിൽ വ്യക്തമാക്കി. എന്നാൽ, അലിഗഢ്‌ സർവകലാശാലയിൽ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രസംഗിച്ചതിനെ തുടർന്നുള്ള കേസിൽ വീണ്ടും ജയിലിലായി. മാസങ്ങൾക്ക് ശേഷമാണ് മോചിതനായത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് കഫീൽ ഖാൻ. ഇതിനിടെയാണ് അദ്ദേഹം ആശ്വാസം പകരാൻ വയനാട്ടിലെത്തുന്നതും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia