ബോംബ് രാഷ്ട്രീയത്തിന്റെ വേദനകളെ അതിജീവിച്ച് ഡോ അസ്നയ്ക്ക് മംഗല്യം!


● 2000 സെപ്റ്റംബറിലാണ് അസ്നയ്ക്ക് അപകടം പറ്റിയത്.
● ബൂത്ത് പിടിത്തത്തിനിടെയുണ്ടായ ബോംബേറിലാണ് കാൽ നഷ്ടപ്പെട്ടത്.
● അമ്മയ്ക്കും പരിക്കേറ്റിരുന്നു.
● ഡോക്ടറാകാനുള്ള അസ്നയുടെ ആഗ്രഹം സഫലമായി.
● ഉമ്മൻ ചാണ്ടി സർക്കാർ പഠനത്തിന് സഹായം നൽകി.
കണ്ണൂർ: (KVARTHA) ആറാം വയസ്സിൽ ബോംബേറിൽ വലതുകാൽ നഷ്ടമായ കണ്ണൂർ ചെറുവാഞ്ചേരി പൂവത്തൂരിലെ ഡോക്ടർ അസ്ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാർജയിൽ എഞ്ചിനീയറുമായ നിഖിലാണ് വരൻ.
2000 സെപ്റ്റംബർ 27-ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെയുണ്ടായ ബൂത്ത് പിടിത്തത്തിന്റെ ഭാഗമായാണ്, വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്നയ്ക്ക് ബോംബേറിൽ കാൽ നഷ്ടമായത്.
കോൺഗ്രസ് - ബി.ജെ.പി സംഘർഷത്തിനിടെയാണ് പോളിംഗ് ദിവസം വൈകീട്ട് വ്യാപകമായ അക്രമം നടന്നത്. ബൂത്ത് കയ്യേറിയത് ചോദ്യം ചെയ്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് ബി.ജെ.പി പ്രവർത്തകർ ബോംബെറിഞ്ഞത്.
ഇതിലൊന്ന് ലക്ഷ്യം തെറ്റി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അസ്നയ്ക്കും സഹോദരൻ ആനന്ദിനും ഇടയിൽ പതിക്കുകയായിരുന്നു. സഹോദരൻ രക്ഷപ്പെട്ടുവെങ്കിലും അസ്നയുടെ കാൽ ചിന്നിച്ചിതറി.
അന്നത്തെ ബോംബേറിൽ അസ്നയുടെ മാതാവ് ശാന്തയ്ക്കും പരിക്കേറ്റിരുന്നു. ഇവരുടെ പരിക്ക് സാരമുള്ളതായിരുന്നുവെങ്കിലും അസ്നയുടെ ഒരു കാൽ മുറിച്ചു മാറ്റേണ്ടി വന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ വിദഗ്ദ്ധ ചികിത്സയായിരുന്നു അസ്നയെന്ന ബാലികയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്.
അന്നുണ്ടായിരുന്ന ആഗ്രഹമാണ് അസ്നയ്ക്ക് ഡോക്ടറാവുകയെന്നത്. തന്നെ ചികിത്സിക്കുകയും സ്നേഹപൂർവ്വം പെരുമാറുകയും ചെയ്ത ഡോക്ടർമാരിൽ നിന്നുള്ള പ്രചോദനമായിരുന്നു അസ്നയെ വൈദ്യശാസ്ത്രത്തിന്റെ വഴിയിൽ സ്റ്റെതസ്കോപ്പുമായി നടത്തിയത്.
പിതാവ് നാണുവാണ് മകൾക്ക് താങ്ങും തണലുമായി നിന്നത്. കൂലിവേലക്കാരനായ പിതാവ് വാരിയെടുത്ത് അവളെ സ്കൂളിൽ കൊണ്ടുപോയി ഇരുത്തി. എസ്.എസ്.എൽ.സി മികച്ച രീതിയിൽ വിജയിച്ചതോടെ അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ അവൾക്ക് തുണയായി നിന്നു.
മെഡിസിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ അസ്ന ചേർന്നത് സർക്കാരിന്റെ സഹായത്തോടെയാണ്. കാലിന് വയ്യാത്ത അസ്നയ്ക്ക് സർക്കാർ ചെലവിൽ ലിഫ്റ്റ് സ്ഥാപിച്ചു നൽകി.
ഡോക്ടറായി മാറിയതിനു ശേഷം തന്റെ സ്വന്തം നാടായ ചെറുവാഞ്ചേരി പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ അസ്ന സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോൾ വടകരയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തു വരികയാണ്.
കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ അസ്നയുടെ വിവാഹം ബന്ധുക്കളും നാട്ടുകാരും ഉത്സവാന്തരീക്ഷത്തിലാണ് നടത്തിയത്. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ വധൂവരന്മാർക്ക് ആശംസ അറിയിക്കാനെത്തി.
താൻ വിവാഹിതയായ വേളയിൽ അതു കാണാൻ പിതാവ് നാണുവില്ലാത്തതിന്റെ വേദനയിലാണ് അസ്ന കല്യാണമണ്ഡപത്തിൽ കയറിയത്. മകളെ ഡോക്ടറാക്കിയെങ്കിലും അതിനു ശേഷം നാണു മരണമടയുകയായിരുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Dr. Asna, who lost a leg in a bomb attack, gets married.
#KeralaNews #Inspiration #BombPolitics #Marriage #Kannur #Survivor