സ്ത്രീധന പീഡനത്തെ തുടര്‍ന്ന് 21 കാരി ആത്മഹത്യ ചെയ്‌തെന്ന പരാതിയില്‍ ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍; വിവാഹ സമയത്ത് നല്‍കിയത് 5 ലക്ഷം, ഇത് പോരെന്ന് പറഞ്ഞ് തുടര്‍ച്ചയായ പീഡനമെന്നും ബന്ധുക്കള്‍

 


പത്തനംതിട്ട: (www.kvartha.com 05.02.2022) അടൂരില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് 21 കാരി ആത്മഹത്യ ചെയ്‌തെന്ന പരാതിയില്‍ ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അമ്മു(21) വാണ് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഏറത്ത് വയല എം ജി ഭവനില്‍ ജിജി (31), ജിജിയുടെ പിതാവ് ജോയി (62), അമ്മ സാറാമ്മ (57) എന്നിവരാണ് അറസ്റ്റിലായത്.
 
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് 21 കാരി ആത്മഹത്യ ചെയ്‌തെന്ന പരാതിയില്‍ ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍; വിവാഹ സമയത്ത് നല്‍കിയത് 5 ലക്ഷം, ഇത് പോരെന്ന് പറഞ്ഞ് തുടര്‍ച്ചയായ പീഡനമെന്നും ബന്ധുക്കള്‍

യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്ത്രീധന-ഗാര്‍ഹിക പീഡനത്തിനെതിരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. ജനുവരി 31നാണ് ജിജിയുടെ ഭാര്യ കൊല്ലം കരുനാഗപ്പള്ളി പണ്ടാരത്തുരത്ത് കല്ലുപുരയില്‍ ബാബുവിന്റെയും സതിയുടെയും മകള്‍ അമ്മുവിനെ (21) ഭര്‍തൃവീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ജിജിയും മാതാപിതാക്കളും അമ്മുവിനെ മാനസികമായി പീഡിപ്പിക്കുന്നത് പതിവായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അഞ്ചുലക്ഷം രൂപ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നേരത്തെ നല്‍കിയിരുന്നിട്ടും വീണ്ടും തുക ആവശ്യപ്പെട്ട് പീഡനം തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

2017 ലാണ് ജിജിയും അമ്മുവും തമ്മിലുള്ള വിവാഹം നടന്നത് . വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകളില്‍ അമ്മുവിന്റെയും ജിജിയുടെയും ദാമ്പത്യ ജീവിതം വളരെയേറെ സന്തോഷകരമായിരുന്നു. എന്നാല്‍ സ്ത്രീധന തുകയെ സംബന്ധിച്ച് പിന്നീട് ഉണ്ടായ തര്‍ക്കം അമ്മുവിന്റെ ജീവിതത്തിന്റെ ശോഭ കെടുത്തി.

സ്ത്രീധനം ആവശ്യപ്പെട്ട് ജിജിയും വീട്ടുകാരും അമ്മുവുമായി വഴക്ക് പതിവാക്കി. സ്ത്രീധന തുകയായി അഞ്ചു ലക്ഷത്തോളം രൂപ അമ്മുവിന്റെ വീട്ടുകാര്‍ ആദ്യഘട്ടത്തില്‍ നല്കിയിരുന്നു. എന്നാല്‍ ഇതു കുറവാണെന്നും ഇനിയും പണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനം. മാനസിക പീഡനം മാത്രമല്ല ശാരീരിക പീഡനവും അമ്മുവിന് ഭര്‍തൃവീട്ടില്‍ നേരിടേണ്ടതായി വന്നു .

എല്ലാ വീട്ടുജോലികളും അമ്മുവിനെ കൊണ്ട് ചെയ്യിച്ചു. ഇതിനിടയില്‍ അമ്മുവിനെ കൊണ്ട് ഭര്‍തൃവീട്ടുകാര്‍ വെള്ളം കോരിക്കുന്നത് പതിവായതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മോടോര്‍ വാങ്ങി നല്കിയെങ്കിലും രണ്ട് ദിവസം മാത്രമേ പൈപിലൂടെ വെള്ളം എടുക്കാന്‍ അമ്മുവിനെ അനുവദിച്ചുള്ളൂ . തുടര്‍ന്ന് അമ്മുവിനെ കൊണ്ട് കിണറ്റില്‍ നിന്ന് വെള്ളം കോരിക്കുന്നത് തുടര്‍ന്നു. വൈകുന്നേരങ്ങളില്‍ ടെലിവിഷന്‍ കാണാനും ജിജിയും വീട്ടുകാരും അനുവദിച്ചിരുന്നില്ല.

തുടര്‍ന്ന് മാനസിക സമ്മര്‍ദം കൂടിയതോടെ അമ്മു ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയായിരുന്നു. അടൂര്‍ ഡിവൈ എസ്പി ആര്‍ ബിനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സുജിത്, എസ് ഐ സുരേഷ് ബാബു, സി പി ഓമാരായ പുഷ്പദാസ്, കിരണ്‍കുമാര്‍, ശ്യാം എന്നിവരും കേസന്വേഷണത്തിന്റെ ഭാഗമായി മാറി.

Keywords: Dowry abuse: Husband and parents arrested for 21-year-old woman death, Pathanamthitta, News, Local News, Dowry, Suicide, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia