Traveller | ഇനി കാപ്പിരികളുടെ നാട്ടിലേക്ക്; 14 വര്‍ഷം കൊണ്ട് 75 രാജ്യങ്ങള്‍ സഞ്ചരിച്ച് കണ്ണൂരുകാരന്‍ ഡോക്ടറുടെ യാത്ര തുടരുന്നു
ചെറുപ്പത്തിന്റെ മനസുമായി ദക്ഷിണാഫ്രിക, സാംബിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഈ മാസം അവസാനം യാത്ര തിരിക്കും
എസ് കെ പൊറ്റക്കാടിന്റെ സഞ്ചാര സാഹിത്യം വായിച്ച് യാത്രയെ പ്രണയിച്ചിരുന്ന കാലത്തൊന്നും ഇങ്ങനെ യാത്ര ചെയ്യാന്‍ അവസരമുണ്ടായിരുന്നില്ലെന്നും അയവിറക്കല്‍
കണ്ണൂര്‍: (KVARTHA) ജീവിതത്തിന്റെ നല്ല കാലം പ്രവാസ ലോകത്ത് ചെലവഴിച്ച് നാട്ടില്‍ മടങ്ങിയെത്തുന്ന ഏതൊരാള്‍ക്കും പിന്നെ നാട് സ്വര്‍ഗമാണ്. പരമാവധി ദിവസങ്ങളില്‍ വീട്ടിലും നാട്ടിലും കൃഷിയും പൊടിക്ക് പൊതു പ്രവര്‍ത്തനങ്ങളുമായി ഒതുങ്ങാനാണ് പ്രവാസ ജീവിതാനന്തരം ആരും സമയം കണ്ടെത്തുക. എന്നാല്‍ കണ്ണൂര്‍ വാരം മന്‍ഹലിലെ ഡോ.ടിപി അബ്ദുല്‍ ഖാദര്‍ ഗള്‍ഫ് ജീവിതത്തിനുശേഷം നാട്ടില്‍ അടങ്ങിയിരുന്നിട്ടേയില്ല. 14 വര്‍ഷം കൊണ്ട് ഈ എഴുപതുകാരന്‍ ചുറ്റിയടിച്ച് കണ്ടത് 75 രാജ്യങ്ങളാണ്.
34 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തിയ അബ്ദുല്‍ ഖാദറിന് ഇത്രയധികം രാജ്യങ്ങള്‍ കണ്ടുതീര്‍ന്നിട്ടും ലോകസഞ്ചാരത്തോടുള്ള അഭിനിവേശം അടങ്ങിയിട്ടില്ല. ചെറുപ്പത്തിന്റെ മനസുമായി ദക്ഷിണാഫ്രിക, സാംബിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഈ മാസം അവസാനം യാത്ര തുടരുന്നത്.
എസ് കെ പൊറ്റക്കാടിന്റെ സഞ്ചാര സാഹിത്യം വായിച്ച് യാത്രയെ പ്രണയിച്ചിരുന്ന കാലത്തൊന്നും ഇങ്ങനെ യാത്ര ചെയ്യാന്‍ ഡോക്ടര്‍ക്ക് അവസരമുണ്ടായിരുന്നില്ല. ഇനിയല്‍പ്പം വിശ്രമിക്കണമെന്ന് മനസ് പറഞ്ഞ് തുടങ്ങിയപ്പോഴാണ് ഗള്‍ഫിലെ ജോലി മതിയാക്കി നാട്ടിലെത്തിയത്. ആ മടങ്ങിവരവ് കാണാത്ത അത്ഭുതങ്ങള്‍ തേടിയുള്ള മറ്റൊരു യാത്രയുടെ തുടക്കമാവുകയായിരുന്നു.
14 വര്‍ഷം കൊണ്ട് ഏഴ് ഭൂഖണ്ഡങ്ങള്‍ താണ്ടി മനുഷ്യ നിര്‍മിതമായ ലോകത്തെ സപ്താത്ഭുതങ്ങളില്‍ ആറെണ്ണവും സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ടു. പ്രവാസ കാലത്ത് മലേഷ്യ, സിംഗപ്പൂര്‍, സഊദി അറേബ്യ എന്നീ രാജ്യങ്ങള്‍ മാത്രമായിരുന്നു കണ്ടത്. എന്നാല്‍ പ്രായം ഒന്നിനും തടസമല്ലെന്ന ഉറച്ച മനസുമായി യാത്രയുടെ വിശാല ലോകത്തേക്കിറങ്ങുകയായിരുന്നു. തീര്‍ഥാടനവുമായി ബന്ധപ്പെട്ടതായിരുന്നു യാത്രകളുടെ തുടക്കം.
ഇറാഖ്, ഫലസ്തീന്‍, ഇസ്രാഈല്‍, ഉസ് ബെകിസ്ഥാന്‍, ജോര്‍ദാന്‍, സിറിയ അങ്ങനെ പോകുന്നു ആദ്യകാല യാത്രകളില്‍ കടന്നുപോയ രാജ്യങ്ങള്‍. പിന്നീട് റഷ്യ, ചൈന, അമേരിക, ജര്‍മനി, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കും വെച്ചുപിടിച്ചു. സ്‌പെയിന്‍, പോര്‍ചുഗല്‍, മൊറോക്കോ, കെനിയ, തുര്‍ക്കി, യുകെ, ഫ്രാന്‍സ്, വത്തിക്കാന്‍, നെതര്‍ലാന്‍ഡ്‌സ്, ഓസ്‌ട്രേലിയ, ബെല്‍ജിയം എന്നിങ്ങനെയുള്ള രാജ്യങ്ങളില്‍ എല്ലാം പോയതിന്റെ ഓര്‍മകള്‍ മനസില്‍ മയില്‍പീലി പോലെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട് ഈ സഞ്ചാരി.
ഫുട് ബോള്‍ ഇതിഹാസമായ പെലെയ്ക്ക് ജന്മം കൊടുത്ത ബ്രസീലും, മറഡോണയുടെ നാടായ അര്‍ജന്റീനയിലും കാല്‍ കുത്താന്‍ കഴിഞ്ഞത് ഇന്നും ത്രസിപ്പിക്കുന്ന ഓര്‍മകളാണെന്ന് അബ്ദുല്‍ ഖാദര്‍ പറഞ്ഞു. സമയനിഷ്ഠ, നീതിപാലനം, ശുചിത്വബോധം, അച്ചടക്കം ദേശഭക്തി തുടങ്ങിയ കാര്യങ്ങള്‍ ആത്മ പരിശോധനയ്ക്ക് വിധേയമാക്കാന്‍ മറ്റു രാജ്യങ്ങളെ കണ്ടു പഠിക്കണമെന്ന് ഇദ്ദേഹം പറയുന്നു.
ചരിത്രശേഷിപ്പുകളിലൂടെയും വര്‍ത്തമാന ജീവിതാവസ്ഥകളിലൂടെയും മനുഷ്യരെ തൊട്ടറിഞ്ഞുള്ള യാത്രയാണ് ഡോ. അബ്ദുല്‍ ഖാദര്‍ പറയുന്നത്. സന്ദര്‍ശിച്ച രാജ്യങ്ങളില്‍ തനിക്ക് നേരിട്ട അനുഭവങ്ങള്‍ ചെറു കുറിപ്പുകളായി ഡോക്ടര്‍ അബ്ദുല്‍ ഖാദര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവ താമസിയാതെ ചിത്രങ്ങള്‍ സഹിതം പുസ്തകമാക്കാനും പദ്ധതിയുണ്ട്.
ഇന്‍ഡ്യക്കാരനെന്ന നിലയില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നും സ്‌നേഹോഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. താന്‍ കണ്ടതില്‍ ശുചിത്വവും പ്രകൃതിയോട് ഇണങ്ങിയ ജീവിതവും ഹൃദ്യമായ പെരുമാറ്റവും കൊണ്ട് മനസിനെ കീഴടക്കിയത് ഇന്‍ഡ്യയിലെ അയല്‍രാജ്യമായ ഭൂട്ടാനാണെന്നാണ് ഈ സഞ്ചാരിയുടെ അഭിപ്രായം. ഗാന്ധിജി ആദ്യകാലം അഭിഭാഷകനായി പ്രവര്‍ത്തിച്ച ദക്ഷിണാഫ്രിക കാണാന്‍ ഏറെ കൊതിച്ചിരിക്കുകയാണ് ഇദ്ദേഹം. മനുഷ്യ വിമോചനത്തിനായി പ്രവര്‍ത്തിച്ച മണ്ടേലയുടെ രാജ്യം തന്നെ നിരാശപ്പെടുത്തില്ലെന്നാണ് ഇദ്ദേഹത്തിന്റെ വിശ്വാസം.