'വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടെങ്കിലും സേനയില്‍ തുടരാന്‍ അവസരം നല്‍കാം'; മോഷണക്കേസ് പ്രതിയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി പണം കവര്‍ന്ന കേസില്‍ പിരിച്ചുവിട്ട പൊലീസുകാരനെ സര്‍വീസില്‍ തിരിച്ചെടുത്തു
Feb 4, 2022, 08:28 IST
കണ്ണൂര്‍: (www.kvartha.com 04.02.2022) മോഷണക്കേസ് പ്രതിയുടെ ബന്ധുവിന്റെ എ ടി എം കാര്‍ഡ് കൈക്കലാക്കി പണം കവര്‍ന്ന കേസില്‍ പിരിച്ചുവിട്ട പൊലീസുകാരനെ സര്‍വീസില്‍ തിരിച്ചെടുത്തു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സി പി ഒ ആയിരുന്ന ഇ എന്‍ ശ്രീകാന്തിനെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്.
ശ്രീകാന്തിനെ പിരിച്ചുവിട്ട ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് ഡി ഐ ജി രാഹുല്‍ ആര്‍ നായര്‍ റദ്ദാക്കി പുതിയ ഉത്തരവിറക്കി. ശ്രീകാന്തിന്റെ അപേക്ഷ പരിഗണിച്ച് രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു.
'ശ്രീകാന്തിന്റെ ഭാഗത്തുനിന്നു വീഴ്ച സംഭവിച്ചതായി ബോധ്യമാകുന്നുണ്ട് എന്നാല്‍ സേനയില്‍ തുടരാന്‍ അവസരം നല്‍കാവുന്നതായി കാണുന്നു. വരുംകാല വാര്‍ഷിക വേതന വര്‍ധനവ് മൂന്നു വര്‍ഷത്തേക്ക് തടഞ്ഞുവച്ചുകൊണ്ട് സേവനത്തിലേക്ക് തിരിച്ചെടുക്കുന്നു. സേവനത്തിന് പുറത്തുനിന്ന് കാലയളവ് മെഡികല്‍ രേഖ കൂടാതെയുള്ള ശമ്പളരഹിത അവധിയായി കണക്കാക്കുന്നു.' ഉത്തരവില്‍ പറയുന്നു.
ഇ എന്‍ ശ്രീകാന്ത് അരലക്ഷത്തോളം രൂപ ഗോകുല്‍ എന്ന പ്രതിയുടെ ബന്ധുവിന്റെ എ ടി എം കാര്‍ഡ് ഉപയോഗിച്ച് കൈക്കലാക്കിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഗോകുല്‍ എന്നയാളെ നേരത്തെ എ ടി എം കാര്‍ഡ് മോഷ്ടിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാണ് ഗോകുലിന്റെ സഹോദരിയില്‍നിന്ന് എ ടി എം കാര്‍ഡിന്റെ പിന്‍ നമ്പര്‍ വാങ്ങിയത്. പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ ഗോകുലിന്റെ സഹോദരി തളിപ്പറമ്പ് ഡി വൈ എസ് പിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി ശ്രീകാന്തിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണം നടന്നുവരുന്നതിനിടെ പരാതിക്കാര്‍ ഹൈകോടതിയെ സമീപിച്ച് കേസ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ശ്രീകാന്തിനെതിരായ വകുപ്പുതല നടപടി നിര്‍ത്തിവച്ചിരുന്നില്ല. ഇതിനൊടുവിലാണ് ശ്രീകാന്തിനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.