ഗൂഢാലോചന കേസ്; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി
Jan 27, 2022, 11:48 IST
കൊച്ചി: (www.kvartha.com 27.01.2022) നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷാ ഹര്‍ജി പരിഗണിക്കല്‍ വീണ്ടും മാറ്റി. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് ഹര്‍ജി ബുധനാഴ്ചത്തേക്ക് മാറ്റിവച്ചത്. പ്രതികളെ അതുവരെ അറസ്റ്റ് ചെയ്യരുതെന്നും ഹൈകോടതി ഉത്തരവിട്ടു.
കേസില്‍ പ്രതികളുടെ നിസ്സഹകരണം ഹൈകോടതിയെ അറിയിക്കാന്‍ പ്രോസിക്യൂഷന്‍ തീരുമാനിച്ചിരുന്നു. പ്രതികള്‍ ഫോണുകള്‍ കൈമാറാത്ത കാര്യവും കോടതിയെ അറിയിച്ചു. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും പ്രോസിക്യൂഷന്‍ അല്പ സമയത്തിനകം അന്വേഷണ റിപോര്‍ട് സമര്‍പിക്കുമെന്നും സൂചനയുണ്ട്. മുദ്രവച്ച കവറിലാവും റിപോര്‍ട് സമര്‍പിക്കുക.
ഫോണുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം നോടീസ് നല്‍കിയിരുന്നു. എന്നാല്‍, പ്രതികള്‍ ഇതിന് തയ്യാറായിരുന്നില്ല. ദിലീപ് അടക്കമുള്ള പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ ഒളിപ്പിച്ചെന്നും ഇത് കണ്ടെത്താന്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള നിലപാടിലാണ് അന്വേഷണസംഘം.
എന്നാല്‍ ഫോണ്‍ ഹാജരാക്കാനാകില്ലെന്നാണ് ദിലീപിന്റെ മറുപടി നല്‍കി. അന്വേഷണസംഘത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ല. നിലവിലുള്ള കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ഫോണില്‍ ഇല്ല. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം കോടതിയില്‍ നല്‍കാമെന്നും ദിലീപ് വ്യക്തമാക്കി.
ഗൂഢാലോചനക്കേസെടുത്തതിന് പിന്നാലെ ദിലീപ്, സഹോദരന്‍ അനൂപ്, സഹായി അപ്പു എന്നിവര്‍ തങ്ങള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ മാറ്റിയെന്നും ഇത് തെളിവ് നശിപ്പിക്കാനാണെന്നുമാണ് ക്രൈം ബ്രാഞ്ചിന്റെ നിലപാട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.