ലാബില്‍ 2 തവണ നടത്തിയ പരിശോധനയിലും ഫലം നെഗറ്റിവ്; കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് നടത്തിയ റാപിഡ് പിസിആര്‍ പരിശോധനയിലാകട്ടെ ഫലം പോസിറ്റീവും; വിദേശ യാത്രയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പുമാത്രം ലഭിച്ച പരിശോധനാഫലത്തില്‍ കുഴങ്ങി യുവതിയും 3 മക്കളും; യാത്ര മുടങ്ങി പണം നഷ്ടപ്പെട്ട അവസ്ഥയിലായ കുടുംബത്തെ അര്‍ധരാത്രി വിമാനത്താവളത്തില്‍ നിന്നും പുറത്താക്കിയതായി പരാതി
Feb 4, 2022, 17:17 IST
കോഴിക്കോട്: (www.kvartha.com 04.02.2022) വിദേശ യാത്രയ്ക്കായി സ്വകാര്യ ലാബില്‍ നിന്നും രണ്ടു തവണ നടത്തിയ റാപിഡ് പിസിആര്‍ പരിശോധനയിലും ഫലം നെഗറ്റിവ്. പേടിയില്ലാതെ യാത്രയ്ക്കായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി അവിടെ വച്ച് നടത്തിയ പരിശോധനയിലാകട്ടെ ഫലം പോസിറ്റീവും. വിദേശ യാത്രയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പുമാത്രം ലഭിച്ച പരിശോധനാഫലത്തില്‍ കുഴങ്ങി യാത്ര ചെയ്യാനാകാതെ യുവതിയും മൂന്നു മക്കളും.
യാത്ര മുടങ്ങി പണം നഷ്ടപ്പെട്ട അവസ്ഥയിലായ കുടുംബത്തെ അര്‍ധരാത്രി വിമാനത്താവളത്തില്‍ നിന്നും പുറത്താക്കിയെന്ന് കാട്ടി അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കയാണ് കുടുംബം. യാത്ര മുടങ്ങി ദുരിതത്തിലായ കുടുംബം പുറത്തെത്തി വീണ്ടും റാപിഡ് പിസിആര്‍ പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവ്.
കോഴിക്കോട് അരീക്കാട് സ്വദേശിയായ വീട്ടമ്മ റുക്‌സാനയ്ക്കും മൂന്നു കുട്ടികള്‍ക്കുമാണ് പരിശോധാഫലത്തിലെ അപാകതയെ തുടര്‍ന്ന് ദുബൈയിലേക്കുള്ള യാത്ര മുടങ്ങി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും അര്‍ധരാത്രിയോടെ മടങ്ങേണ്ടി വന്നത്. ദുബൈയില്‍ ഐടി കമ്പനിയില്‍ ജീവനക്കാരനായ ഭര്‍ത്താവിനടുത്തേക്കു പോകാനാണ് നാലംഗ കുടുംബം ടികെറ്റ് ബുക് ചെയ്തത്.
യാത്ര ബിസിനസ് ക്ലാസിലായതിനാല്‍ ഒന്നരലക്ഷത്തോളം രൂപ ടികെറ്റിനായി ഓണ്‍ലൈനില്‍ നല്‍കി. ഫെബ്രുവരി രണ്ടിനു രാത്രി 11 മണിക്ക് കരിപ്പൂരില്‍ നിന്നായിരുന്നു വിമാനം. എന്നാല്‍ ദുബൈയിലേക്ക് പുറപ്പെടും മുന്‍പ് റാപിഡ് പിസിആര്‍ പരിശോധനാ ഫലം നിര്‍ബന്ധമായതിനാല്‍ കോവിഡ് ഇല്ലെന്ന് ഉറപ്പിക്കാന്‍ അരയിടത്തുപാലത്തെ സ്വകാര്യ ലാബില്‍ നിന്നും യുവതിയും കുട്ടികളും ജനുവരി 31നു വൈകിട്ട് 7.30നും ഫെബ്രുവരി ഒന്നിനു രാത്രി 8.45 നും ആര്‍ടിപിസിആര്‍ പരിശോധന നടത്തിയിരുന്നു.
രണ്ടിലും നെഗറ്റീവ് എന്ന് ഫലം ലഭിച്ചു. യാത്രപുറപ്പെടേണ്ട ഫെബ്രുവരി രണ്ടിനു കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാത്രി 7.11 ന് ഇതേ സ്ഥാപനത്തിന്റെ ലാബില്‍ റാപിഡ് പിസിആര്‍ ടെസ്റ്റ് നടത്തി. യാത്ര പുറപ്പെടാന്‍ മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ലഭിച്ച ഫലമാകട്ടെ പോസിറ്റീവ്.
മണിക്കൂറുകള്‍ക്കിടയില്‍ രണ്ടു ദിവസങ്ങളിലായി നടത്തിയ പരിശോധനയിലെ വൈരുധ്യം ചോദിച്ചപ്പോള്‍ ലാബ് അധികൃതര്‍ കൈമലര്‍ത്തിയെന്നാണ് യുവതി പറയുന്നത്. തുടര്‍ന്ന് വിമാനക്കമ്പനി പ്രതിനിധികളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഫോണെടുത്തില്ലെന്നും യുവതി പറഞ്ഞു. ഒടുവില്‍ വിമാനം പുറപ്പെട്ടതോടെ യുവതിയേയും കുട്ടികളേയും വിമാനത്താവളത്തില്‍ നിന്നും പുറത്താക്കി.
അര്‍ധരാത്രിയോടെയാണ് എന്തുചെയ്യണമെന്നറിയാതെ ഇവര്‍ വീട്ടിലേക്കു മടങ്ങിയത്. രാവിലെ വീണ്ടും വിമാനക്കമ്പനി അധികൃതരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് സ്വകാര്യ ലാബിലെ പരിശോധനയില്‍ സംശയം തോന്നി കോഴിക്കോട് നഗരത്തിലെ ലാബില്‍ ഇവര്‍ വീണ്ടും റാപിഡ് പിസിആര്‍ ടെസ്റ്റ് നടത്തി. വൈകിട്ട് ഫലം വന്നപ്പോള്‍ നെഗറ്റീവും.
സ്വകാര്യ ലാബുകളിലെ മണിക്കൂറുകള്‍ മാത്രം വ്യത്യാസത്തില്‍ നടത്തുന്ന പരിശോധനകളില്‍ കോവിഡ് വൈറസ് റിപോര്‍ട് മാറിവരുന്ന സാഹചര്യം അന്വേഷിക്കണമെന്നും വിദേശ യാത്രയ്ക്ക് പോകുന്ന യുവതികളുടെ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് മന്ത്രി പി എ മുഹമ്മദ് റിയാസിനും കരിപ്പൂര്‍ എയര്‍പോര്‍ട് ഡയറക്ടര്‍ക്കും പരാതി നല്‍കിയതായി റുക്‌സാന പറഞ്ഞു.
Keywords: Different Covid test results in Private Lab and Airport; Family can't Travel, Kozhikode, Karipur Airport, Complaint, COVID-19, Woman, Children, Flight, Passengers, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.