പിണറായി അനുകൂല നിലപാടെന്ന് ആരോപണം : കെ സുരേന്ദ്രനെതിരെ ബിജെപിയില്‍ പോര് തുടങ്ങി

 


കണ്ണൂര്‍: (www.kvartha.com 24.04.2020) മുഖ്യമന്ത്രി പിണറായി വിജയനോടും എല്‍ ഡി എഫ് സര്‍ക്കാരിനോടും മൃദുസമീപനം സ്വീകരിക്കുന്നുവെന്നാരോപിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പാര്‍ട്ടിയില്‍ തിരയിളക്കം ശക്തമാകുന്നു. വിവാദ വിഷയങ്ങളില്‍ മുഖ്യമന്ത്രിക്ക് അനുകൂലമായി പ്രതികരിക്കുന്ന സുരേന്ദ്രന്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിനു പിന്നില്‍ പാര്‍ട്ടിയെ താഴ്ത്തിക്കെട്ടുകയാണെന്നാണ് ആരോപണം.

പികെ കൃഷ്ണദാസ് വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പ് മറികടന്നു കൊണ്ടാണ് ദേശീയ നേതൃത്വം കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കിയത്. കെ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായതിനെ തുടര്‍ന്ന് ബിജെപിയില്‍രൂക്ഷമായ പോര് ഇപ്പോള്‍ സ്പ്രിംഗ്ലര്‍ വിവാദത്തോടെ പരസ്യ ഏറ്റുമുട്ടലിലെത്തിയിരിക്കുകയാണ്.

പിണറായി അനുകൂല നിലപാടെന്ന് ആരോപണം : കെ സുരേന്ദ്രനെതിരെ ബിജെപിയില്‍ പോര് തുടങ്ങി

സ്പ്രിംഗ്ലര്‍ ഡാറ്റാ വിവാദം വിജിലന്‍സിനെ കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണനും പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്.

'സ്പ്രിഗ്ലര്‍ ഇടപാടില്‍ സിബിഐ അന്വേഷണമല്ലാതെ മറ്റെന്താണ് അഭികാമ്യം' എന്ന മുഖവുരയോടെയുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്റെ നിലപാടിനെ എം ടി രമേശ് ചോദ്യം ചെയ്തത്. കേന്ദ്ര ഏജന്‍സിയല്ലാതെ മറ്റാര് അന്വേഷിച്ചിട്ടും കാര്യമില്ലെന്നായിരുന്നു എ എന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചത്. എന്നാല്‍, നിയമം അറിയാത്തവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നു സുരേന്ദ്രന്‍ തിരിച്ചടിച്ചു.

കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കിയതിനെ കൃഷ്ണദാസ് പക്ഷം എതിര്‍ത്തിരുന്നു. സുരേന്ദ്രനെ അംഗീകരിക്കില്ലെന്നും സഹഭാരവാഹിത്വം ഏറ്റെടുക്കില്ലെന്നുമുള്ള നിലപാടിലായിരുന്നു എം ടി രമേശുംഎ എന്‍ രാധാകൃഷ്ണനും. മറ്റൊരു ഭാരവാഹിയായ ശോഭ സുരേന്ദ്രന്‍ ഇതുവരെ ഭാരവാഹിത്വം ഏറ്റെടുത്തിട്ടില്ലെന്നാണ് അറിയുന്നത്.

സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണനെ മുന്നില്‍ നിര്‍ത്തി കൊച്ചി കേന്ദ്രീകരിച്ചാണ് പരസ്യമായ സമാന്തരപ്രവര്‍ത്തനം. ആര്‍എസ്എസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും ഇതിനുണ്ട്. അപ്രധാനമായതാണെങ്കിലും ഏതെങ്കിലും വിഷയത്തില്‍ മിക്ക ദിവസങ്ങളിലും എ എന്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനം നടത്തുന്നുണ്ട്. കെ സുരേന്ദ്രന്റെ നേതൃത്വം നിഷ്‌ക്രിയമാണെന്നു വരുത്തിത്തീര്‍ക്കാനാണ് ശ്രമം.

സോഷ്യല്‍ മീഡിയയിലും ഗ്രൂപ്പ് തിരിഞ്ഞുള്ള പോര്‍വിളി സജീവമാണ്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് സുരേന്ദ്രന്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തത് വിവാദമാക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചത് സോഷ്യല്‍ മീഡിയ വാര്‍ത്തകളിലൂടെയായിരുന്നു. സുരേന്ദ്രന്‍ സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പിന്തുണയ്ക്കുകയാണെന്ന് വ്യാപകമായി പ്രചരിപ്പിച്ചതുംഈ വിഭാഗമാണ്.

എന്നാല്‍ കേന്ദ്ര സഹമന്ത്രി വി മുരളിധരന്റെ ഗ്രൂപ്പുകാരനായ സുരേന്ദ്രനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിട്ട് കാര്യമില്ലെന്ന് വിമത വിഭാഗത്തിന് അറിയാം. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാതെ നിസഹകരണ പ്രതിഷേധത്തിലൂടെ സുരേന്ദ്രനെ തളര്‍ത്താനാണ് ഇവര്‍ നോക്കുന്നത്.

Keywords:  Differences in LDF, BJP surface over Sprinklr deal, Kannur, News, Politics, Allegation, Congress, BJP, Chief Minister, Pinarayi vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia