Controversy | തെറ്റുപറ്റി പോയെന്ന് എഡിഎം പറഞ്ഞെന്ന മൊഴി പിടിവള്ളിയാക്കി ദിവ്യ; ആരാണ് കള്ളം പറയുന്നത്?

 
Kannur Collector Arun KV and PP Divya
Kannur Collector Arun KV and PP Divya

Photo Credit: Facebook/ Collector Kannur, P P Divya

● കലക്ടറുടെ മൊഴിയിൽ വിവാദം.
● നവീൻ ബാബുവിന്റെ കുടുംബം കലക്ടറുടെ മൊഴിയെ ചോദ്യം ചെയ്യുന്നു.
● കലക്ടറുടെ മൊഴി കള്ളമെന്ന് പ്രതിപക്ഷ സംഘടനകൾ.

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) ചരിത്രത്തിലാദ്യമാണ് കണ്ണൂരിലെ ഒരു കലക്ടർ ഇത്തരം ഒരുവിവാദങ്ങളിൽപ്പെടുന്നത്. പല പ്രഗത്ഭരും ഭരണതന്ത്രജ്ഞരും ഇരുന്ന കസേരയാണ് കണ്ണൂരിലെ കലക്ടറുടേത്. ഇതിൽ പലരെയും ജനങ്ങൾ ഇപ്പോഴും സ്മരിക്കുന്നുമുണ്ട്. എന്നാൽ ഇപ്പോൾ ജില്ലാ ഭരണകുടത്തിന് ചുക്കാൻ പിടിക്കുന്ന അരുൺ കെ വിജയൻ മാധ്യമങ്ങളിൽ നിറയുന്നത് വിവാദങ്ങളിലൂടെയാണ്. താൻ ഇരിക്കുന്ന ഒരു യാത്രയയപ്പ് സമ്മേളനത്തിൽ രണ്ടാമത്തെ ഉദ്യോഗസ്ഥനായ എഡിഎം കെ നവീൻ ബാബുവിനെ അധിക്ഷേപിച്ചു കൊണ്ട് വ്യക്തിഹത്യ ചെയ്ത മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെ തടയാൻ കഴിഞ്ഞില്ലെന്നാണ് അദ്ദേഹത്തിനെതിരെ ഉയരുന്ന ആരോപണം. 

ക്ഷണിക്കപ്പെടാതെ കടന്നുവന്ന ദിവ്യ എഡിഎം നവീൻ ബാബുവിനെ ഭീഷണിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തപ്പോൾ മൂക്കത്ത് വിരൽ വെച്ചു മൗനമായി ഇരിക്കുകയായിരുന്നു കലക്ടർ എന്നാണ് ആക്ഷേപം. ഈ വിഷയത്തിൽ ഇടപെടാനോ 33 വർഷ സർവീസ് ജീവിതത്തിൻ്റെ അവസാന ഘട്ടത്തിൽ അതിഭീകരമായി അപമാനിക്കപ്പെടുകയും ചെയ്ത സഹപ്രവർത്തകനെ സാന്ത്വനിപ്പിക്കാനോ ഇതിനെതിരെ ശബ്ദമുയർത്താനോ കലക്ടർക്ക് കഴിഞ്ഞില്ല. കേരളത്തെ തന്നെ ഞെട്ടിച്ചു കൊണ്ടു, പിറ്റേന്ന് പത്തനംതിട്ട എ.ഡി.എമ്മായി ചുമതലെ ഏൽക്കേണ്ട സത്യസന്ധനെന്ന് വിലയിരുത്തപ്പെട്ട ആ ഉദ്യോഗസ്ഥൻ കണ്ണൂരിതല താമസ സ്ഥലത്ത് ജീവനൊടുക്കി. കേരളം മുഴുവൻ പ്രകമ്പനം കൊണ്ട സംഭവങ്ങളിലൊന്നായിരുന്നു അത്. 

താൻ അപമാനിക്കപ്പെട്ടതിൻ്റെ ചാനൽ ക്യാമറ ദൃശ്യങ്ങൾ സ്വന്തം നാട്ടിൽപ്പോലും പ്രചരിച്ചതിൻ്റെ മാനാപമാനത്തിലാണ് എ.ഡി.എം ജീവനൊടുക്കിയതെന്നാണ് പൊലീസ് അന്വേഷണ റിപ്പോർട്ട്. പി.പി ദിവ്യ ഗുഡാലോചനയോടെ നടത്തിയ വ്യക്തിഹത്യയാണ് എഡിഎമ്മിൻ്റെ ജീവനൊടുക്കലിന് കാരണമായി ദിവ്യയുടെ മുൻകൂർ ജാമ്യപേക്ഷ തള്ളി കൊണ്ടു തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയും നിരീക്ഷിച്ചത്. എന്നാൽ വീണ്ടും കോടതിയിൽ ജാമ്യാപേക്ഷ നൽകിയ ദിവ്യ കലക്ടറുടെ മൊഴികളിലെ ദുരുഹതയിൽ പിടിച്ചാണ് കരകയറാൻ ശ്രമിക്കുന്നത്. യാത്രയയപ്പ് സമ്മേളനത്തിന് ശേഷം തൻ്റെ ക്യാബിനിൽ വന്ന് അപമാനിതനായ നവീൻ ബാബു തനിക്ക് തെറ്റുപറ്റിപ്പോയെന്ന് പറഞ്ഞതായാണ് കലക്ടർ പൊലീസിന് നൽകിയ മൊഴി. 

ഇതു നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണെന്നാണ് കുടുംബത്തിൻ്റെ ആരോപണം. കോൺഗ്രസും മുസ്ലിം ലീഗും ബി.ജെ.പിയും കലക്ടർക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. നേരത്തെ കലക്ടർ ക്ഷണിച്ചിട്ടാണ് താൻ യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുത്തതെന്നായിരുന്നു ദിവ്യ പൊലീസിലും കോടതിയിലും മൊഴി നൽകിയിരുന്നത്. ഇതിനെ കലക്ടർ തള്ളിപ്പറഞ്ഞുവെങ്കിലും അത്തരമൊരു ചടങ്ങിൽ പങ്കെടുക്കുന്നതിനായി ദിവ്യ കലക്ടറെ അന്നേ ദിവസം രാവിലെ വിളിച്ചിരുന്നതായി പറയുന്നുണ്ട്. രാവിലെ നടന്ന ഒരു പരിപാടിക്കിടെ കണ്ടപ്പോൾ എ.ഡി.എം നവീൻ ബാബുവിനെതിരെയുള്ള കൈക്കൂലി ആരോപണം ദിവ്യ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തെളിവില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് താൻ പറഞ്ഞതായി കലക്ടറുടെ മൊഴിയിൽ തന്നെ വ്യക്തമാണ്. 

താൻ സത്യം സത്യമായി തന്നെ പറഞ്ഞുവെന്ന് പൊലീസിന് മൊഴി നൽകിയ കലക്ടർ നവീൻ ബാബു തെറ്റ് ഏറ്റുപറഞ്ഞുവെന്ന് മൊഴി നൽകിയതിൻ ദുരൂഹതയുണ്ട്. അകാലവിയോഗത്തിൽ അനുശോചിച്ച് നവീൻ ബാബുവിൻ്റെ കുടുംബത്തിന് കത്തെഴുതിയ കലക്ടർ സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹമെന്ന് പറഞ്ഞത് കള്ളമായിരുന്നോ? നവീൻ ബാബുവിൻ്റെ മൃതദേഹത്തെ അനുഗമിച്ചു പത്തനംതിട്ടയിലെ മലയാലപ്പുഴയിലെ വീടുവരെ പോവുകയും മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്ത കലക്ടർ മണിക്കൂറുകളാണ് കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിച്ചത്. ഈ സാഹചര്യത്തിൽ നവീൻ ബാബുവിനെ സംശയത്തിൻ്റെ നിഴലിൽ നിർത്തുന്ന മൊഴി നൽകിയ കലക്ടർ ആരെ രക്ഷിക്കാനാണ് കരു നീക്കം നടത്തുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. 

കള്ളം പറയുന്നത് കലക്ടറാണെന്ന അതീവ ഗൗരവകരമായ ആരോപണമാണ് പ്രതിപക്ഷ സംഘടനകൾ ഉന്നയിക്കുന്നത്. എന്നാൽ കലക്ടറുടെ മൊഴി കോടതി മുഖവിലയ്ക്കെടുത്തിട്ടില്ല. തെറ്റ് പറ്റിപ്പോയെന്ന് പറഞ്ഞത് കൈക്കൂലി വാങ്ങിയെന്ന അർത്ഥമില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ദിവ്യയുടെ അഭിഭാഷകൻ വീണ്ടും കോടതിയിൽ നൽകിയ ജാമ്യ ഹർജിയിൽ കലക്ടറുടെ മൊഴിയിൽ അവ്യക്തതയുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇതിലൂടെ ദിവ്യയെ രക്ഷപ്പെടുത്താനുള്ള പരിശ്രമങ്ങൾക്ക് പിടിവള്ളിമാവുകയാണ് കലക്ടറുടെ മൊഴി.

#KannurCollector #KeralaPolitics #Corruption #Suicide #Investigation #JusticeForNaveenBabu

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia