Inaugurated | ധര്‍മ്മടം അബു-ചാത്തുക്കുട്ടി സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു; എല്ലാം മറന്ന് ജനങ്ങള്‍ ഒന്നിക്കുന്ന കളിക്കളങ്ങള്‍ ചേരിതിരിവുകള്‍ ഇല്ലാതാക്കുന്നുവെന്ന് മുഖ്യമന്ത്രി

 


കണ്ണൂര്‍: (www.kvartha.com) ഭാഷയും ദേശവും മതവും മറന്ന് ജനങ്ങള്‍ ഒന്നിക്കുന്ന കളിക്കളങ്ങള്‍ വിവിധ തരത്തിലുള്ള ചേരിതിരിവുകള്‍ ഇല്ലാതാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മ്മടത്ത് പുതുതായി നിര്‍മിച്ച അബു ചാത്തുക്കുട്ടി സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കളികളോട് അതിരുകളില്ലാത്ത അഭിനിവേശമുള്ളവരാണ് കേരളീയര്‍. അവര്‍ എല്ലാം മറന്ന് ഒന്നിക്കുന്ന ഇടമാണ് കളിക്കളങ്ങള്‍. അതിനാല്‍ ഓരോ വാര്‍ഡിലും കളിക്കളങ്ങള്‍ ആവശ്യമാണ്. അത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന ബോധത്തോടെ പ്രവര്‍ത്തിക്കണം. കായിക താരങ്ങളെ കൃത്യമായ ആസൂത്രണത്തിലൂടെ സര്‍കാര്‍ വളര്‍ത്തിയെടുക്കും.

അതിന്റെ ഭാഗമായി അഞ്ച് ലക്ഷം കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കും. ആയിരം കേന്ദ്രങ്ങളില്‍ അഞ്ച് ഘട്ടങ്ങളിലായാണ് പരിശീലിപ്പിക്കുക. അയ്യായിരം കുട്ടികള്‍ക്ക് അത് ലറ്റിക് പരിശീലനവും നല്‍കും. മൈതാനങ്ങള്‍ ഒരുക്കുമ്പോള്‍ സ്ഥലപരിമിതി പ്രശ്നമാകുന്നുണ്ട്. അതിനാല്‍ ഭാവി കേരളത്തില്‍ ഭൂഗര്‍ഭ സ്റ്റേഡിയങ്ങള്‍ ഉണ്ടായേക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചരിത്രത്തെ വക്രീകരിക്കാന്‍ വലിയ ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. അതിന്റെ ഭാഗമായി ബ്രിടീഷുകാര്‍ക്ക് മാപ്പ് എഴുതിക്കൊടുത്തവരെ ധീര ദേശാഭിമാനികളായി ചിത്രീകരിക്കുന്നു. സ്വാതന്ത്ര്യ സമര സേനാനികളെ ചരിത്ര താളുകളില്‍ നിന്ന് തമസ്‌ക്കരിക്കുന്നു. അതിനിടയില്‍ ബ്രിടീഷുകാര്‍ക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച അബു മാസ്റ്ററുടെയും ചാത്തുക്കുട്ടിയുടെയും പേരിലുള്ള ഈ സ്റ്റേഡിയം ചരിത്രം ഓര്‍മപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബി തുകയില്‍ നിന്നും 5.49 കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നിര്‍മിച്ചത്. കിറ്റ് കോകായിരുന്നു നിര്‍മാണ ചുമതല. 2018 ലാണ് പ്രവൃത്തി തുടങ്ങിയത്. നാച്വറല്‍ ഫുട്ബോള്‍ ടര്‍ഫ്, സ്പ്രിംഗ്ളര്‍ സിസ്റ്റം, ക്രികറ്റ് പരിശീലന പിച്, ഓപണ്‍ ഗ്യാലറിയോട് കൂടിയ പവലിയന്‍, കെട്ടിടം, സമ്പ്-പമ്പ് റൂം, ചുറ്റുമതില്‍, ഫ്ളെഡ് ലൈറ്റ്, സ്ട്രീറ്റ് ലൈറ്റ്, പാര്‍കിംഗ് തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് സ്റ്റേഡിയത്തില്‍ സജ്ജമാക്കിയിട്ടുള്ളത്.

Inaugurated | ധര്‍മ്മടം അബു-ചാത്തുക്കുട്ടി സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു; എല്ലാം മറന്ന് ജനങ്ങള്‍ ഒന്നിക്കുന്ന കളിക്കളങ്ങള്‍ ചേരിതിരിവുകള്‍ ഇല്ലാതാക്കുന്നുവെന്ന് മുഖ്യമന്ത്രി

ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുര്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ഡോ. വി ശിവദാസന്‍ എം പി മുഖ്യാതിഥിയായി. സ്പോര്‍ ട്സ് കേരള ഫൗന്‍ഡേഷന്‍ ചീഫ് എന്‍ജിനീയര്‍ ആര്‍ ബാബുരാജന്‍ പിള്ള റിപോര്‍ട് അവതരിപ്പിച്ചു. ധര്‍മ്മടം ഗ്രാമ പഞ്ചായത് പ്രസിഡന്റ് എന്‍ കെ രവി, ജില്ലാ പഞ്ചായത് അംഗം കോങ്കി രവീന്ദ്രന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു ശറഫലി, തലശ്ശേരി ബ്ലോക് പഞ്ചായത് അംഗം എന്‍ ടി ബൈജു, കായിക വകുപ്പ് ഡയറക്ടര്‍ എസ് പ്രേം കൃഷ്ണന്‍, പഞ്ചായത് അംഗം കെ ശോഭ, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ കെ പവിത്രന്‍ മാസ്റ്റര്‍, സ്‌കോര്‍ ലൈന്‍ സിഇഒ മാത്യു ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്ന് മുന്‍ ഇന്‍ഡ്യന്‍ ഫുട്ബോള്‍ താരങ്ങളായ ഐ എം വിജയന്‍, എന്‍ പി പ്രദീപ് തുടങ്ങിയ പ്രമുഖര്‍ അണിനിരന്ന ഫുട്ബോള്‍ പ്രദര്‍ശന മത്സരം നടന്നു.

Keywords:  Dharmadam Abu-Chathukutty Stadium dedicated to the nation, Kannur, News, Politics, Chief Minister, Pinarayi Vijayan, Inauguration, Minister, Chief Gust, Football Players, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia