Probe | മേയര്‍ കത്ത് നല്‍കിയെന്ന ആരോപണം: വ്യാജരേഖ ചമയ്ക്കലിന് കേസെടുത്ത് അന്വേഷിക്കാന്‍ ഡിജിപിയുടെ ഉത്തരവ്

 



തിരുവനന്തപുരം: (www.kvartha.com) കോര്‍പറേഷനിലെ 295 താല്‍ക്കാലിക നിയമനങ്ങള്‍ക്കായി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രടറി ആനാവൂര്‍ നാഗപ്പന് കത്ത് നല്‍കിയെന്ന ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ഡിജിപിയുടെ നിര്‍ദേശം. വ്യാജരേഖ ചമയ്ക്കലിന് കേസെടുത്ത് അന്വേഷിക്കാനാണ് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ നിര്‍ദേശം. 

ക്രൈംബ്രാഞ്ച് മേധാവിയും ഡിജിപിയും ചര്‍ച ചെയ്തശേഷമാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. ആരെയും പ്രതി ചേര്‍ക്കാതെയായിരിക്കും കേസെടുക്കുക. ഏതു യൂനിറ്റ് അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കുമെന്നും ഡിജിപി അറിയിച്ചു. 

കേസെടുക്കണമെന്ന് പ്രാഥമിക അന്വേഷണത്തിനുശേഷം ക്രൈംബ്രാഞ്ച് റിപോര്‍ട് നല്‍കിയിരുന്നു. മേയറുടെ പേരില്‍ പുറത്തുവന്ന കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപോര്‍ട് തിങ്കളാഴ്ചയാണ് ക്രൈം ബ്രാഞ്ച് ഡിജിപിയ്ക്ക് കൈമാറിയത്. 

Probe | മേയര്‍ കത്ത് നല്‍കിയെന്ന ആരോപണം: വ്യാജരേഖ ചമയ്ക്കലിന് കേസെടുത്ത് അന്വേഷിക്കാന്‍ ഡിജിപിയുടെ ഉത്തരവ്


കത്ത് വ്യാജമാണോ യഥാര്‍ഥമാണോ എന്ന് ഉറപ്പിക്കാനായിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ റിപോര്‍ടില്‍ പറയുന്നത്. യഥാര്‍ഥ കത്ത് കണ്ടെത്താനായിട്ടില്ല. വാട്‌സ് ആപില്‍ പ്രചരിച്ച കത്തിന്റെ കോപി മാത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. കത്ത് വ്യാജമാണെന്നാണ് മേയറുടെ മൊഴിയെന്ന് റിപോര്‍ടിലുണ്ട്. കത്ത് അയച്ചതായി പറയുന്ന ദിവസം മേയര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും അത്തരമൊരു കത്ത് ലഭിച്ചിട്ടില്ലെന്ന് ജില്ലാ സെക്രടറി ആനാവൂര്‍ നാഗപ്പനും മൊഴി നല്‍കിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുന്നതിന് കേസ് രെജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്നും റിപോര്‍ടില്‍ പറയുന്നു.

തിരുവനന്തപുരം കോര്‍പറേഷനിലെ താല്‍കാലിക തസ്തികകളിലേക്ക് പാര്‍ടിക്കാരെ തിരുകി കയറ്റാന്‍ ലിസ്റ്റ് ചോദിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്റെ ലെറ്റര്‍ പാഡില്‍ എഴുതിയ കത്ത് ഈ മാസം അഞ്ചിനാണ് പുറത്തുവന്നത്. കത്ത് വലിയ രാഷ്ട്രീയ വിവാദമായതോടെ സര്‍കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിടുകയായിരുന്നു. 

Keywords:  News,Kerala,State,Thiruvananthapuram,Controversy,Crime Branch,Enquiry, DGP,Top-Headlines,Trending,Politics, DGP instructs to register a case in mayor Arya Rajendran's letter controversy 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia